ഐഎസ്എല്‍; തുടര്‍ ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈക്കെതിരെ

ഫയല്‍ ചിത്രം

മുംബൈ: ഐഎസ്എല്ലില്‍ തുടര്‍ വിജയങ്ങള്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ ഇറങ്ങും. ഡെല്‍ഹി ഡൈനാമോസിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്നിറങ്ങുക. രാത്രി എട്ടിന് മുംബൈ ഫുട്‌ബോള്‍ അരീനയിലാണ് മത്സരം.

ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞുപോയ തോല്‍വികളെ മറന്നേക്കൂ, വരാന്‍ പോകുന്ന മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. ബ്ലാസ്‌റ്റേഴ്‌സ് പിന്തുടരുന്നതും ആരാധകരോട് പറയുന്നതും ഇതാണ്. ഡേവിഡ് ജെയിംസ് മടങ്ങിയെത്തിയതിന് ശേഷം കളിച്ച രണ്ട് മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി അറിഞ്ഞിട്ടില്ല എന്നത് ടീമിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. ദില്ലിക്കെതിരെ മികച്ച കളിയല്ല ടീം പുറത്തെടുത്തതെങ്കിലും ഇയാന്‍ ഹ്യൂം ഫോമിലേക്കുയര്‍ന്നത് ടീമിന്റെ കരുത്ത് കൂട്ടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമമിടാന്‍ ഹ്യൂമിനായി. അദ്ദേഹം നേടിയ മൂന്ന് ഗോളുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. പരുക്കില്‍ നിന്ന് മുക്തനായി സികെ വിനീതും ഇന്നലെ പരിശീലനത്തിനിറങ്ങി.

അതേസമയം കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് മുംബൈ എത്തുന്നത്. എന്നാല്‍ കേരളത്തിനെതിരെ ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്നാണ് പരിശീലകന്‍ അലക്‌സാന്ദ്രെ ഗുയിമറെസിന്റെ പക്ഷം. നേരത്തെ ഇരുടീമും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ‘ബ്ലാസ്റ്റേഴ്‌സ് പഴയ ടീമല്ല, പുതിയ പരിശീലകന് കീഴില്‍ ടീം ഉണര്‍ന്നു, കഴിഞ്ഞ മത്സരത്തിലെ വിജയം ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഡെല്‍ഹിക്കെതിരായ വിജയം ഞങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. അതുകൊണ്ട് തന്നെ അവര്‍ക്കെതിരെ ഒരവസരവും ഞങ്ങള്‍ക്ക് മുന്നില്‍ വിട്ടുകളയാനില്ല,’ മുംബൈ പരിശീലകന്‍ വ്യക്തമാക്കുന്നു. ടീമിലെ പുതുമുഖ താരം കെസിറോണ്‍ കിസിറ്റോയുടെ പ്രകടനവും ടീമിന് പുത്തന്‍ കരുത്ത് പകര്‍ന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സ്വന്തം ടീമിന്റെ പ്രകടനത്തില്‍ തൃപ്തനാണെന്ന് അലക്‌സാന്ദ്രെ വ്യക്തമാക്കി. ‘സീസണിന്റെ ആദ്യ പകുതിയിലെ പ്രകടനത്തില്‍ സന്തുഷ്ടനാണ്. തുടര്‍ന്നുള്ള മത്സരങ്ങള്‍ വിജയിച്ച് പോയിന്റ് ടേബിളില്‍ ആദ്യ നാലില്‍ എത്താനാണ് ഇനിയുള്ള ശ്രമം,’ അദ്ദേഹം പറഞ്ഞു. ലീഗില്‍ മുംബൈ അഞ്ചും കേരള ബ്ലാസ്റ്റേഴ്‌സ് ഏഴും സ്ഥാനങ്ങളിലാണ്. ഡെല്‍ഹിക്കെതിരായ പ്രകടനം മതിയാകില്ല മുംബൈക്കെതിരെ ഇറങ്ങുമ്പോള്‍ എന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസും വ്യക്തമാക്കുന്നു. ‘അച്ചടക്കതോടെയും ഭയമില്ലാതെയും കളിക്കുക, ഫലം അനുകൂലമായിരിക്കും,’ ഇതാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ പക്ഷം. ഡെല്‍ഹിയില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ കളിരീതിയാണ് മുംബൈയുടേതെന്ന് ജെയിംസ് പറയുന്നു.

‘മികച്ച പ്രകടനം പുറത്തെടുക്കണം, എതിരാളികളുടെ കളിരീതിക്കനുസരിച്ച് തങ്ങള്‍ക്കും മാറേണ്ടിയിരിക്കുന്നു. മികച്ച കളിക്കാര്‍ ടീമിലുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ കളിയും ഞാന്‍ കണ്ടിട്ടുണ്ട്, കാരണം ഞാന്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകനാണ്. ഒരു പരിശീലകനെന്ന നിലയില്‍ ഞാന്‍ അവരുടെ കളിരീതിയെയാണ് നോക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്,’ ജെയിംസ് കൂട്ടിച്ചേര്‍ത്തു. ഹ്യൂമിനെ മുന്നേറ്റത്തില്‍ നിര്‍ത്തിയുള്ള ഗെയിം പ്ലാന്‍ തന്നെ ആവര്‍ത്തിക്കാനാണ് സാധ്യത, ഒപ്പം പെക്കൂസനും കിസിറ്റോയും മികച്ച പ്രകടനം പുറത്തെടുത്താല്‍ മികച്ച പോരാട്ടത്തിന് ഇന്ന് ഫുട്‌ബോള്‍ അരീന വേദിയാകും.

DONT MISS
Top