സുപ്രിം കോടതി മൂന്നംഗ ബഞ്ചിന്റെ ചോദ്യങ്ങളും ഭരണഘടനാ ബഞ്ചിന്റെ പരിഗണനാ വിഷയങ്ങളും സര്‍ക്കാര്‍ നിലപാടും; ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ വാദം തുടങ്ങുമ്പോള്‍

ജുഡിഷ്യറിയിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനിടയില്‍ സുപ്രിം കോടതി റെജിസ്ട്രയില്‍ നിന്ന് ഇന്ന് ഒരു നോട്ടീസ് പുറത്തുവന്നു. 17 ആം തീയതി മുതല്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകളുടെ പട്ടികയാണത്. പട്ടികയില്‍ മൂന്നാമത്തെ ഐറ്റം ശബരിമല സ്ത്രീ പ്രവേശന കേസ്. ആദ്യ ഇനം ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍. അതിന്റെ വാദം മൂന്ന് ആഴ്ച നീണ്ടു നില്‍ക്കും എന്നാണ് കേള്‍ക്കുന്നത്. അടുത്ത ഇനം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 497 ആം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി.

നിലവിലെ സാഹചര്യത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫെബ്രുവരി പകുതിക്ക് ശേഷം സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് വരാനാണ് സാധ്യത. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഈ ഹര്‍ജി പരിഗണിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ചീഫ് ജസ്റ്റിസ് വിരമിക്കുന്ന ഒക്ടോബര്‍ 2 ന് മുമ്പ് സുപ്രിം കോടതി വിധി ഉണ്ടാകും.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് 2006 ല്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രിം കോടതിയെ സമീപിച്ചത്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം പാടില്ലെന്ന് വ്യക്തമാക്കുന്ന 1965 ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്ന് (ബി) വകുപ്പ് ഭരണഘടനാ വിരുദ്ധം ആണെന്ന് വിധിക്കണം എന്നായിരുന്നു ആവശ്യം. സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഉള്‍പ്പടെ നോട്ടീസ് അയച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ അനുകൂല നിലപാടാണെന്ന് വ്യക്തമാക്കി 2007 ല്‍ അന്നത്തെ ഇടത് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ആ നിലപാട് മാറ്റി 2016 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇപ്പോഴത്തെ സ്ഥിതി തുടരണം എന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കി. തുടര്‍ന്ന് അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിച്ച് ആദ്യത്തെ നിലപാട് ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് സുപ്രിം കോടതിയില്‍ വ്യക്തമാക്കി.

ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് കേസ് പരിഗണിച്ചിരുന്നപ്പോള്‍ രണ്ട് അമിക്കസ് ക്യൂറിമാരെ കോടതിയെ സഹായിക്കാനായി നിയമിച്ചിരുന്നു. സീനിയര്‍ അഭിഭാഷകരായ രാജു രാമചന്ദ്രനും, രാമമൂര്‍ത്തിയും ആയിരുന്നു അമിക്കസ് ക്യൂറിമാര്‍. ഇതില്‍ രാജു രാമചന്ദ്രന്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് വാദിച്ചു. എന്നാല്‍ അമിക്‌സ് ക്യൂറി രാമമൂര്‍ത്തി സ്ത്രീ പ്രവേശനത്തെ എതിര്‍ത്തു.

തുല്യത ഉറപ്പാക്കാന്‍ എന്ന പേരില്‍ എല്ലാ മതങ്ങള്‍ക്കും പൊതു അളവുകോല്‍ നടപ്പാക്കാനാകില്ല എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ ഇപ്പോഴത്തെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വാദിച്ചത്. ശബരിമലയില്‍ ദേവപ്രശ്‌നം നടത്തിയാണ് കാര്യങ്ങള്‍ നിശ്ചയിച്ചത്. അതില്‍ കോടതി വിശ്വസിക്കുന്നുണ്ടോ എന്നതിനെക്കാള്‍ ഭക്തരുടെ വിശ്വാസത്തിനാണ് പ്രാധാന്യം. ശബരിമലയിലെ പ്രിതിഷ്ഠ ബ്രഹ്മചര്യ ആയതിനാല്‍ മതവിശ്വാസത്തിന്റെ ഭാഗമാണ് നിയന്ത്രണം എന്നും കെകെ വേണുഗോപാല്‍ വാദിച്ചിരുന്നു. ഈ വാദങ്ങളൊക്കെ പരിഗണിച്ച ശേഷമാണ് ശബരിമല സ്ത്രീ പ്രവേശന കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട 5 ചോദ്യങ്ങളും മൂന്നംഗ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

1. ജീവശാസ്ത്രപരമായ പ്രത്യേകതകളുടെ പേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് വിവേചനപരമാണോ? ഇത് ഭരണഘട ഉറപ്പ് നല്‍കുന്ന തുല്യതയ്ക്കും ലിംഗനീതിക്കും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനുമുള്ള അവകാശത്തിന്റ ലംഘനമാണോ? മതവിശ്വാസത്തില്‍ തുല്ല്യതയ്ക്ക് ഭരണഘടന നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണോ ഇത് ?

2. ഇത്തരത്തില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടന സംരക്ഷണം നല്‍കുന്ന അനിവാര്യമായ മതാചാരമാണോ ? മതപരമായ കാര്യങ്ങള്‍ സ്വന്തം നിലയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള അവകാശങ്ങളുടെ ഭാഗമാണ് ഇതെന്ന് മത സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാനാകുമോ?

3. ശബരിമല ക്ഷേത്രത്തെ പ്രത്യേക വിഭാഗമായി പരിഗണിക്കാനാകുമോ? കേരള തമിഴ്‌നാട് സര്‍ക്കാരിന്റെ ഫണ്ട് കൊണ്ട് പ്രവൃത്തിക്കുന്ന നിയമാനുസൃതമായ ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിന് തുല്യതയ്ക്കും ലിംഗനീതിക്കും സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള ഭരണഘടനാ തത്വങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആകുമോ?

4. കേരളത്തിലെ ഹൈന്ദവ ആരാധനാലയങ്ങളിലെ പ്രവേശന ചട്ടത്തില്‍ പ്രായപരിധിക്ക് അനുസരിച്ചു സ്ത്രീ പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ അനുമതി നല്കുന്നുണ്ടോ ? ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നിരോധനം ലിംഗനീതിക്കും തുല്യതയ്ക്കും ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമല്ലേ?

5. ഹൈന്ദവ ആരാധാനലങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കുന്ന 1965ലെ നിയമത്തിന് വിരുദ്ധമാണോ ചട്ടം? വിരുദ്ധമല്ലെങ്കില്‍ കൂടിയും അത് മൗലികാവകാശങ്ങളുടെ ലംഘനമല്ലേ ?

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ നേരത്തേയുള്ള ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് സ്ത്രീ പ്രവേശനത്തെ എതിര്‍ക്കാനിടയില്ല. സംസ്ഥാന സര്‍ക്കാരും സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടാകും സ്വീകരിക്കുക. ഫലത്തില്‍ കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ള എന്‍എസ്എസ് ആകും വിശ്വാസത്തെയും ആചാരങ്ങളെയും സംരക്ഷിക്കാനുള്ള വാദത്തിന് നേതൃത്വം നല്‍കുക. എന്‍എസ്എസ്സിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ പരാശരന്‍ ഹാജരാകാനാണ് സാധ്യത. എന്‍എസ്എസ്സിന് പുറമെ പന്തളം രാജ കുടുംബം, കേരള ക്ഷേത്ര സംരക്ഷണ സമിതി, അയ്യപ്പ സേവാ സമാജം, റെഡി ടു വെയിറ്റ്, ശബരിമല കസ്റ്റം പ്രൊട്ടക്ഷന്‍, രാജീവ് ചന്ദ്രശേഖരന്‍, രാഹുല്‍ ഈശ്വര്‍ എന്നിവരും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തേക്കും.

DONT MISS
Top