ഉത്തര്‍പ്രദേശില്‍ കക്കൂസുകള്‍ക്ക് കാവിച്ചായം പൂശുന്നു; ജനങ്ങളെ കാവി കാണിക്കാനുറച്ച് യോഗി സര്‍ക്കാര്‍

യുപിയിലെ സര്‍ക്കാര്‍ ശുചിമുറികള്‍ക്കും ചായം പൂശുന്നു. എന്നാല്‍ ഒന്നോ രണ്ടോ ശുചിമുറികള്‍ക്ക് ഇത്തരം ചായം പൂശിയ ഒറ്റപ്പെട്ട സംഭവമല്ല റിപ്പോര്‍ട്ടിന് അടിസ്ഥാനം. സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ഇറ്റാവ ജില്ലയില്‍ സ്ഥാപിച്ച 350 ശുചിമുറികള്‍ക്കാണ് കാവി പൂശുന്നത്. നിറം പൂശുന്നുണ്ടെങ്കില്‍ കാവി മതി എന്നാണ് ഭരണകൂടം തീരുമാനിച്ചത്.

കക്കൂസുകള്‍ക്ക് കാവി നിറം പൂശുന്നത് ഉത്തര്‍പ്രദേശില്‍ പുരോഗമിച്ചുവരികയാണ്. 350 കക്കൂസുകളില്‍ പകുതിയോളം എണ്ണത്തിന് നിറം കാവിയാക്കിക്കഴിഞ്ഞു. ഇത് കോമാളിത്തരമാണെന്ന് പരിഹസിച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. അഖിലേഷിന്റെ സ്വന്തം നാട്ടിലാണ് ഈ നിറത്തിന്റെ രാഷ്ട്രീയക്കളി അരങ്ങേറുന്നത് എന്നതാണ് കൗതുകകരം. അതിനാല്‍ ഈ മുന്‍ മുഖ്യമന്ത്രിയുടെ നാട്ടുകാരും ഇനി കാവിനിറം കണ്ടുകൊണ്ട് വെളിക്കിരിക്കേണ്ടിവരും.

ഇതാദ്യമായല്ല യുപി കാവിനിറം പൊതുസ്ഥലത്ത് പൂശുന്നത്. ബസ്സുകളിലും ഓഫീസുകളിലും സ്‌കൂളുകളുകളിലുമെല്ലാം കാവി നിറമാക്കാന്‍ സര്‍ക്കാര്‍ തുനിയുന്നത് നേരത്തെ വാര്‍ത്തയായിട്ടുണ്ട്. ചിലയിടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതിനുശേഷം കാവി മാറ്റി പഴയ നിറം വീണ്ടും പൂശിയ സംഭവവും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ഹജ്ജ് കമ്മറ്റി ഓഫീസില്‍വരെ ഇത്തരം ചായംപൂശല്‍ കോമാളിത്തരം യോഗി സര്‍ക്കാര്‍ നടത്തി. പൊലീസ് സ്റ്റേഷന്‍ കാവിനിറമാക്കിയതും ഒറ്റയടിക്ക് എഴുപതോളം പ്രൈമറി സ്‌കൂളുകള്‍ കാവിനിറമാക്കാന്‍ തീരുമാനിച്ചതും ദേശീയ മാധ്യമങ്ങളുള്‍പ്പെടെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

DONT MISS
Top