ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ എന്തുചെയ്തുവെന്ന് ചോദ്യം; അതു ചോദിക്കാന്‍ നിങ്ങള്‍ക്കെന്ത് അധികാരമെന്ന് ചെന്നിത്തല; ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധം (വീഡിയോ)

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സഹോദരന്‍ ശ്രീജിത്തിനെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് നേരെ ചോദ്യശരങ്ങളുമായി യുവാക്കള്‍. താങ്കള്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴല്ലേ ശ്രീജിവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്? എന്നിട്ട് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍ രമേശ് ചെന്നിത്തലയോട് ചോദിച്ചു.

ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ പ്രതിപക്ഷ നേതാവ് കൂടിനിന്ന മാധ്യമപ്രവര്‍ത്തകരോടും പൊതുജനങ്ങളോടും സംസാരിക്കവെയാണ് ഒരു കാര്യം ചോദിച്ചോട്ടെ എന്ന മുഖവുരയുമായി യുവാവ് അടുത്തെത്തിയത്. ചൂടാവുകയാണെന്ന് കരുതരുതെന്ന് ഓര്‍മ്മപ്പെടുത്തിയ യുവാവ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താങ്കളെ വന്നുകണ്ട ശ്രീജിത്തിന് എന്ത് സഹായമാണ് നല്‍കിയതെന്നും ചോദിച്ചു. എന്നാല്‍ ചെന്നിത്തല ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. ഇവിടെക്കിടന്നാല്‍ പൊടിയടിക്കും, കൊതുക് കടിക്കും എന്നൊക്കെയാണ് ചെന്നിത്തല പറഞ്ഞതെന്നും ശ്രീജിത്തിന്റെ സുഹൃത്ത് പറഞ്ഞു. താന്‍ നേരില്‍ കണ്ട കാര്യമാണിതെന്നും അദ്ദേഹം എല്ലാവരോടുമായി വിളിച്ചുപറഞ്ഞു.

ഇയാള്‍ കൂടുതല്‍ വെപ്രാളപ്പെടേണ്ട എന്ന് തിരിച്ച് പറഞ്ഞ് ചെന്നിത്തല പ്രകോപിതനായി. അവന് നീതികിട്ടണമെന്നായി ചുറ്റും കൂടിനിന്നവര്‍. ആവശ്യമില്ലാത്ത കാര്യം പറയേണ്ട എന്ന് വീണ്ടും ചെന്നിത്തല പറഞ്ഞു. ആവശ്യമുള്ളതാണ് പറയുന്നതെന്നായി ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍. “ഇത് ജനങ്ങള്‍ കാണുന്നുണ്ട്, പൊതുജനം കാണുന്നുണ്ട്. പൊതുജനങ്ങളുടെ കണ്ണില്‍ മണ്ണുവാരിയിടാന്‍ സമ്മതിക്കില്ല. എഴുന്നൂറലധികം ദിവസമായി ഇവിടാരും വന്നില്ലല്ലോ”, അവര്‍ വിളിച്ചുപറഞ്ഞു.

ഇതോടെ മാധ്യമ പ്രവര്‍ത്തകരോട് മാത്രമായി ചില കാര്യങ്ങള്‍ സംസാരിച്ച് ഇറങ്ങിയ ചെന്നിത്തലയെ പിന്തുടര്‍ന്നും ജനം ചോദ്യവുമായെത്തി. പിന്നീട് ഇക്കാര്യം മുഖ്യമന്ത്രിയെ ഇന്നുതന്നെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉറപ്പുകൊടുത്താണ് ചെന്നിത്തല മടങ്ങിയത്.

DONT MISS
Top