എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം: സഹായമെത്രാന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ സിനഡ് നിര്‍ദേശം

സഹായമെത്രാന്‍മാരായ മാര്‍ എടയന്ത്രത്തും മാര്‍ പുത്തന്‍വീട്ടിലും അതിരൂപതാധ്യക്ഷന്‍ മാര്‍ ആലഞ്ചേരിക്കൊപ്പം (ഫയല്‍ ചിത്രം)

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി വില്‍പ്പനവിഷയവും തുടര്‍ന്ന് രൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ആരോപണത്തിലും സമവായ ശ്രമവുമായി സഭയിലെ മെത്രാന്‍മാരുടെ സിനഡ്. സീറോമലബാര്‍ സഭാസ്ഥാനമായ കാക്കനാഡ് സെന്റ് തോമസ് മൗണ്ടില്‍ ഇന്ന് പൂര്‍ത്തിയായ സഭയിലെ മെത്രാന്‍മാരുടെ സിനഡ് വിഷയം ഗൗരവമായാണ് ചര്‍ച്ച ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.

പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി എറണാകുളം -അങ്കമാലി അതിരൂപതിയിലെ ഭരണത്തില്‍ സഹായമെത്രാന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ സിനഡ് നിര്‍ദേശിച്ചു. ഇതോടൊപ്പം ഭൂമിവില്‍പ്പന വിഷയം പഠിക്കുന്നതിന് പുറത്ത് നിന്ന് പ്രത്യേക വിദഗ്ധസമിതിയെ നിയോഗിക്കാനും സിനഡ് തീരുമാനിച്ചു.

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരാണ് അതിരൂപതയുടെ സഹായമെത്രാന്മാര്‍. രണ്ട് സഹായമെത്രാന്‍മാര്‍ ഉണ്ടെങ്കിലും സീറോ മലബാര്‍ സഭയുടെ മാതൃരൂപത എന്ന നിലയില്‍ സഭാധ്യക്ഷന്‍ കൂടിയായ മാര്‍ ജോര്‍ജ് അലഞ്ചേരിക്കാണ് അതിരൂപതയുടെ ഭരണച്ചുമതല. ഇതിനാല്‍ തന്നെ സഹായമെത്രാന്‍മാര്‍ക്ക് രൂപതയുടെ ഭരണത്തില്‍ കാര്യമായ പങ്ക് ഇല്ലെന്ന് നേരത്തെമുതല്‍ പരാതിയുയര്‍ന്നതാണ്. ഇപ്പോഴത്തെ ഭൂമി വില്‍പ്പന വിവാദത്തോടെ ഇത് സംബന്ധിച്ച പരാതി ശക്തമായിരുന്നു. സഹായമെത്രാന്മാര്‍ അറിയാതെ അതിരൂപതയിലെ ഫിനാന്‍സ് ഓഫീസര്‍, പ്രോക്യൂറേറ്റര്‍ പദവികളിലുള്ള വൈദികര്‍ മാര്‍ ആലഞ്ചേരിയുമായി മാത്രം കൂടിയാലോചനകള്‍ നടത്തിയാണ് ഭൂമി ഇടപാട് നടത്തിയതെന്നാണ് ആരോപണം. ഈ ഭൂമിയിടപാടില്‍ കോടികള്‍ അതിരൂപതയ്ക്ക് ബാധ്യത വന്നതും എറണാകുളം ടൗണിന്റെ ഹൃദയഭാഗത്തുള്ള മൂന്നേക്കറിലധികം ഭൂമി നഷ്ടമാകുകയും ചെയ്ത സംഭവമാണ് വിവാദമായത്.

അതിരൂപതയിലെ പ്രക്യുറേറ്റര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരുടെ നേതൃത്വത്തിലാണ് ഭൂമി വില്‍പ്പന നടന്നതെന്നും രൂപതയിലെ രണ്ട് സഹായ മെത്രാന്‍മാര്‍ കച്ചവടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നുമാണ് രൂപതിയിലെ വൈദിക സമിതിയുടെ നിലപാട്. വൈദികര്‍ക്കൊപ്പം ഒരു വിഭാഗം വിശ്വാസികളും ചേര്‍ന്നതോടെയാണ് അതിരൂപതാധ്യക്ഷനും സീറോ മലബാര്‍ സഭാതലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിക്കൂട്ടിലായത്. ഈ സാഹചര്യത്തിലാണ് സഹായമെത്രാന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി സമവായത്തിന് സിനഡ് നിര്‍ദേശം നല്‍കിയത്.

നേരത്തെ, വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനായി അഞ്ചംഗ മെത്രാന്‍ സമിതിയെ സിനഡ് നിയോഗിച്ചിരുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മുലക്കാട്ടിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ മാര്‍ തോമസ് ചക്യത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സിനഡ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും വൈദിക സമിതി അംഗങ്ങളുമായി സമിതി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ വൈദിക സമിതി നിര്‍ദേശിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളുമായും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ പരാമര്‍ശങ്ങളില്ലെന്നാണ് വിവരം.

ഭൂമിവില്‍പ്പന വിഷത്തില്‍ പുതിയ വിദഗ്ധസമിതിയെ സിനഡ് നിയോഗിച്ചതോടെ നേരത്തെ രൂപത വൈദിക സമിതി നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കളയുകയാണ് സിനഡ് ചെയ്തിരിക്കുന്നത്. വിശ്വാസികളുള്‍പ്പെട്ട പുറത്തുനിന്നുള്ള സമിതിയില്‍ നീതിന്യായ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള വിദഗ്ധരെയും ഉള്‍പ്പെടുത്താനാണ് തീരുമാനം. ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മറ്റ് നടപടികള്‍ സ്വീകരിക്കാമെന്നാണ് സിനഡിന്റെ തീരുമാനം.

ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായമെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുന്‍കൈയെടുക്കണമെന്നും സിനഡ് നിര്‍ദേശിച്ചു. രൂപതയില്‍ വിമതസ്വരമുയര്‍ത്തുന്ന വൈദികരുമായും അല്‍മായ നേതാക്കളുമായും ചര്‍ച്ച നടത്തി പരസ്യപ്രസ്താവനകളില്‍ നിന്നടക്കം ഇവരെ തടയാനാണ് മാര്‍ എടയന്ത്രത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്റെ ഭാഗമായി വൈദികസമിതിയും അല്‍മായ സമിതിയും വിളിച്ചുചേര്‍ത്ത് ചര്‍ച്ചകള്‍ നടത്തണമെന്നും സമവായമുണ്ടാക്കണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

DONT MISS
Top