ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങളുമായി ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളം

ദില്ലി: സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങളുമായി നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തി വെച്ച് വാര്‍ത്ത സമ്മേളനം നടത്തി. ജുഡീഷ്യറിയെ സംരക്ഷിച്ച് ജനാധിപത്യത്തെ രക്ഷിക്കണം എന്ന് ജഡ്ജിമാര്‍ ആവശ്യപ്പട്ടു. രാജ്യത്തോടുള്ള കടപ്പാടാണ് നിര്‍വഹിക്കുന്നത് എന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോയെന്ന എന്ന ചോദ്യത്തിന് രാജ്യം തീരുമാനിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി. സിബിഐ ജഡ്ജ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയിലെ ജൂനിയറായ ജഡ്ജിമാരില്‍ ഒരാള്‍ നേതൃത്വം നല്‍കുന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വെളിപ്പെടുത്തി. വിവാദത്തെ കുറിച്ച് ചീഫ് ജസ്റ്റിസ് ഇതു വരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ കുറെ കാലമായി സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് ഇടയില്‍ പുകഞ്ഞ് കൊണ്ടിരുന്ന അതൃപ്തിയാണ് ഇന്ന് പരസ്യമായി പുറത്തേക്ക് വന്നത്. രാവിലെ പതിനൊന്ന് മണിക്ക് രണ്ടാമത്തെ കോടതിയിലെ നടപടികള്‍ നിര്‍ത്തിവെച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍ തന്റെ വസതിയിലേക്ക് പോയി. തൊട്ട് പിന്നാലെ സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരും കൊളീജിയത്തിലെ മറ്റ് അംഗങ്ങളായ മദന്‍ ബി ലോകൂര്‍, രഞ്ജന്‍ ഗോഗോയി, കുര്യന്‍ ജോസഫ് എന്നിവരും കോടതി നടപടികള്‍ നിറുത്തി വെച്ച് ചേംബറിലേക്ക് മടങ്ങി. 12 മണിക്ക് ഈ മൂന്ന് ജഡ്ജിമാരും തുഗ്ലക് റോഡിലെ ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ എത്തി. തുടര്‍ന്ന് രാജ്യം ഞെട്ടിയ വാര്‍ത്ത സമ്മേളനം.

ഇപ്പോള്‍ നടക്കുന്നത് അസാധാരണ സംഭവമാണെന്ന് സമ്മതിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഒട്ടും സന്തോഷത്തോടെയല്ല ഈ സമ്മേളനം വിളിച്ചത്. സുപ്രിംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ല. ജുഡീഷ്യറിയെ സംരക്ഷിച്ച് ജനാധിപത്യത്തെ രക്ഷിക്കണം എന്ന് ജഡ്ജിമാര്‍ ആവശ്യപ്പട്ടു. നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കണമെന്ന് ഞങ്ങള്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. എല്ലാ വിവരങ്ങളും വിശദീകരിച്ച് ചീഫ് ജസ്റ്റിസിനു രണ്ടുമാസം മുന്‍പ് കത്തും നല്‍കിയിരുന്നു. എന്നാല്‍ ആ പ്രശനങ്ങള്‍ പരിഹരിച്ച രീതിയിലും പല സംശയങ്ങളും ചോദ്യങ്ങളും ബാക്കി ആയി നിലനില്‍ക്കുന്നു. ചീഫ് ജസ്റ്റിസുമായി ഇന്ന് രാവിലെയും ഒരു വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അതിലും ഏകപക്ഷീയമായാണ് തീരുമാനം ഉണ്ടായത്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നത് എന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

ഞങ്ങളുടെ ആത്മാവിനെ ഞങ്ങള്‍ വിറ്റഴിച്ചെന്ന് ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ആരോപണം ഉന്നയിക്കരുത്. ഞങ്ങള്‍ നിശബ്ദരായിരുന്നുവെന്നും നാളെ പറയരുത്. സുപ്രിം കോടതിയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥ ചോദ്യം ചെയ്യരുത് രാജ്യത്തോടുള്ള കടപ്പാട് തങ്ങള്‍ക്കു നിര്‍വഹിക്കണമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോയെന്ന എന്ന ചോദ്യത്തിന് രാജ്യം തീരുമാനിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി. സിബിഐ ജഡ്ജ് ലോയയുടെ ദുരൂഹ മരണവും ആയി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയിലെ ജൂനിയറായ ജഡ്ജിമാരില്‍ ഒരാള്‍ നേതൃത്വം നല്‍കുന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വെളിപ്പെടുത്തി. നാളെ എന്ത് എന്ന ചോദ്യത്തിന്, നാളെ ശനിയാഴ്ചയും മറ്റന്നാള്‍ ഞായറാഴ്ചയും ആണെന്നും തിങ്കളാഴ്ച എല്ലാവരും കോടതിയില്‍ എത്തും എന്നും ആയിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി.

വാര്‍ത്തസമ്മേളനത്തിന് ശേഷം ചീഫ് ജസ്റ്റിസിന് നല്‍കിയ ഏഴു പേജ് കത്ത് ജഡ്ജിമാര്‍ പരസ്യപ്പെടുത്തി. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന കേസുകള്‍ താരതമ്യേന ജൂനിയര്‍ ജഡ്ജിമാര്‍ക്ക് നല്‍കുന്നതില്‍ ഉള്ള പരാതിയും, ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ കൊളീജിയും എടുത്ത നടപടികള്‍ ലംഘിക്കുന്നു എന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നതില്‍ വിവേചനമുണ്ട്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ അധികാരം പരമമല്ല. ഭരണച്ചുമതല മാത്രമെയുള്ളൂ. സമന്‍മാരിലെ മുമ്പന്‍ മാത്രമാണ് ചീഫ് ജസ്റ്റിസ്. കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍ പറത്തുന്നത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും. മാറ്റിമറിക്കാന്‍ ആര്‍ക്കും അധികാരമില്ല. സുപ്രിം കോടതി ഉത്തരവുകള്‍ നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നു. ഹൈക്കോടതികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം പോലും തടസ്സപ്പെടുന്നു എന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.

വാര്‍ത്തസമ്മേളനം കഴിഞ്ഞതിന് തൊട്ടു പിന്നാലെ ജസ്റ്റിസ് എസ്എ ബോബ്‌ഡെയും എല്‍ നാഗേശ്വര്‍ റാവുവും ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ എത്തി. പക്ഷേ പിന്തുണ അറിയിക്കാന്‍ ആണോ അതോ അനുനയ ശ്രമങ്ങള്‍ക്ക് ആണോ ഇരുവരും എത്തിയത് എന്ന് വ്യക്തമല്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിന് ശേഷം ചീഫ് ജസ്റ്റിസ് ആകേണ്ട രഞ്ജന്‍ ഗോഗോയിയും അതിന് ശേഷം ചീഫ് ജസ്റ്റിസ് ആകേണ്ട എസ്എ ബോബ്‌ഡെയും വിമതപക്ഷത്ത് നില്‍ക്കുന്നത് നിലവിലെ ചീഫ് ജസ്റ്റിസിന് തിരിച്ചടിയാണ്.

ജസ്റ്റിസ് ചെലമേശ്വറിന്റെ വീട്ടില്‍ വാര്‍ത്ത സമ്മേളനം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് ചീഫ് ജസ്റ്റിസ് തന്റെ കോടതിയിലെ നടപടികള്‍ നിര്‍ത്തി ചേമ്പറിലേക്ക് പോയി. ഉച്ചക്ക് ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ കൂടികാഴ്ച്ചയെ കുറിച്ച് പ്രതികരിക്കാന്‍ അറ്റോര്‍ണി തയ്യാര്‍ ആയില്ല. രണ്ട് മണിക്ക് വീണ്ടും കോടതിയില്‍ എത്തിയ ചീഫ് ജസ്റ്റിസ് മുഴുവന്‍ കേസുകളും കേട്ട ശേഷം 2.55 ന് ചേമ്പറിലേക്ക് മടങ്ങി. വിവാദത്തെ കുറിച്ച് എന്തെങ്കിലും പറയും എന്ന കരുതി എങ്കിലും അത് ഉണ്ടായില്ല. അതെ സമയം ചില ജഡ്ജിമാരും സീനിയര്‍ അഭിഭാഷകരും പ്രശ്‌ന പരിഹാരത്തിനായി ഇടപെടുന്നുണ്ട് എന്നാണ് സൂചന.

ചരിത്രത്തില്‍ ഇത് ആദ്യമായാണ് സുപ്രീം കോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍ പരസ്യമായി കോടതിയിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് വാര്‍ത്തസമ്മേളനം വിളിക്കുന്നത്. ഈ വിവാദം പുതിയ തലങ്ങളിലേക്ക് കടന്നാല്‍ അത് കൊണ്ട് തന്നെ അത്ഭുതപെടാന്‍ ഇല്ല.

DONT MISS
Top