ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പുറത്ത്

ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍

ദില്ലി: സുപ്രിംകോടതിയില്‍ ഇന്ന് പ്രതിഷേധമുയര്‍ത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് നല്‍കിയ കത്ത് പുറത്ത്. ഏഴ് പേജുള്ള കത്താണ് ചീഫ് ജസ്റ്റിസിന് ജഡ്ജിമാര്‍ നല്‍കിയത്.

കേസിലെ ബെഞ്ചുകള്‍ തീരുമാനിക്കുമ്പോള്‍ പാലിക്കേണ്ട സുഷ്മതയെ കുറിച്ച് സൂചിപ്പിച്ചുകൊണ്ടുള്ള കത്താണ് ചീഫ് ജസ്റ്റിസിന് ജഡ്ജിമാര്‍ നല്‍കിയത്. കത്തില്‍ പ്രത്യേകമായ ഒരു കേസിനെ കുറിച്ച് ചൂണ്ടിക്കാട്ടുന്നില്ലെങ്കിലും കേസുകള്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുതാര്യതയെകുറിച്ച് സൂചിപ്പിക്കുന്നു. കോടതിയുടെ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ചീഫ്​ ജസ്​റ്റിസിന്​ അധികാരമുണ്ട്​. എന്നാല്‍ ഇത്​ പരമാധികാരമല്ലെന്നും ജഡ്​ജിമാര്‍ ചൂണ്ടിക്കാട്ടുന്നു.

ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ കേസ് പരിഗണിച്ച ജസ്റ്റീസ് ബ്രിജ്‌ഗോപാല്‍ ലോയയുടെ മരണം സംബന്ധിച്ച കേസ് ഇന്നാണ് സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇത് ചീഫ് ജസ്റ്റീസ്
ദീപക് മിശ്ര, താരതമ്യേന ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ചിലാണ് ലിസ്റ്റ് ചെയ്തത്. ഇതിലുള്ള പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് നാല് ജഡ്ജിമാരും രാവിലെ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്.

സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്നത് പ്രത്യേക കോടതി ജസ്റ്റിസായിരുന്ന ബ്രിജ്‌ഗോപാല്‍ ലോയ ആയിരുന്നു. ഈ കേസില്‍ ബിജെപിയുടെ ഇപ്പോഴത്തെ ദേശീയ അധ്യക്ഷനും മുന്‍ ഗുജറാത്ത് മന്ത്രിയുമായ അമിത് ഷാ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ജസ്റ്റിസ് ലോയ ഉത്തരവിട്ടിരുന്നു. അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെ ജസ്റ്റിസ് ലോയയെനാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2014 ഡിസംബര്‍ 1നായിരുന്നു ജസ്റ്റിസ് ലോയയെ മരിച്ച നിലയില്‍ കണ്ടത്.

കത്തിന്റെ പകര്‍പ്പ്

ജഡ്ജിയുടെ മരണത്തെ കുറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന് സംശയങ്ങളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന എപി ഷാ ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ കേസാണ് ഇന്ന് സുപ്രിംകോടതിയില്‍ ചീഫ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബഞ്ചിന്റെ
പരിഗണനയില്‍ വന്നത്. ഇതേതുടര്‍ന്നാണ് ജഡ്ജിമാര്‍ കോടതി ബഹിഷ്‌കരിച്ചതും പിന്നീട് വാര്‍ത്താസമ്മേളനം നടത്തിയതും.

സുപ്രിം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞുവെന്ന് പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍
ജഡ്ജിമാര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് നീതിയുക്തമായ ജുഡീഷ്യറി അനിവാര്യമാണെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സുപ്രിം കോടതിയില്‍ നടക്കുന്നത്.  ജസ്റ്റിസ് ചെലമേശ്വറാണ് മറ്റ് മൂന്നു ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ മാധ്യമങ്ങളോട് ഏറെയും സംസാരിച്ചത്. ചീഫ് ജസ്റ്റിസിനെ ചില കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കാര്യങ്ങള്‍ വിശദീകരിച്ച് ചീഫ് ജസ്റ്റിസിന് ഏഴ് പേജുള്ള കത്ത് നല്‍കിയതായും ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തത്.

DONT MISS
Top