ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തില്‍ ഉയര്‍ന്നത് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍

തിരുവനന്തപുരം: പ്രവാസി ക്ഷേമം ലക്ഷ്യമിട്ട് ആരംഭിച്ച ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തില്‍ ഉയര്‍ന്നത് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. സഭയിലെ പ്രവാസി പ്രതിനിധികളാണ് തങ്ങളുടെ ജീവിത ക്ലേശങ്ങള്‍ സഭയില്‍ പങ്കുവെച്ചത്.

ക്ലേശകരമായ ജീവിത സാഹചര്യങ്ങളിലും നാടിന്റെ വികസന ത്തിന്റെ മുതല്‍ക്കൂട്ടാണ് എന്നും പ്രവാസികള്‍. സ്വന്തം നാട്ടില്‍ തങ്ങള്‍ക്കായി ഇടം ഒരുക്കിയതിന്റെ ആശ്വാസത്തിലാണ് ഓരോ പ്രവാസിയും. അതു കൊണ്ട് തന്നെ ദുരിത പൂര്‍ണ്ണമായ പ്രവാസ ജീവിതം രേഖപ്പെടുത്താനുള്ള വേദി കൂടി ആയി മാറുകയായിരുന്നു പ്രവാസികള്‍ക്കായി ആരംഭിച്ച ലോക കേരള സഭയുടെ പ്രഥമ സമ്മേളനം.

ഉദ്ഘാടന സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സഭാ നേതാക്കളുടെ പ്രഭാഷണത്തിലായിരുന്നു പ്രവാസി പ്രതിനിധികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ സഭയോട് പങ്കുവെച്ചത്. കുട്ടികളുടെ വിദ്യാഭ്യാസം, പ്രവാസികളുടെ ജീവിത സാഹചര്യo, പുനരധിവാസം ഉള്‍പ്പടെയുള്ള ജീവിത ക്ലേശങ്ങ ള്‍ ചുരുങ്ങിയ വാക്കുകളില്‍ ഇവര്‍ സഭയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. ലോക മലയാളികള്‍ ഒറ്റക്കെട്ടായി ലോക കേരള സഭയ്ക്ക് പിറവി നല്‍കിയതിന്റെ സന്തോഷവും പ്രവാസികള്‍ മറച്ചുവെച്ചില്ല.

സമ്മേളത്തിനിടയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ എകെജി പരാമര്‍ശവും ഏറെ ശ്രദ്ദേയമായി. ജനാധിപത്യമെന്നാല്‍ ദൂരെ നിന്ന് ആരാധനയോടെ നോക്കി തൊഴാനുള്ള ശ്രീകോവിലല്ല മറിച്ച് അകമേ കടന്നു ചെന്ന് സാമൂഹിക മാറ്റത്തിനു വേണ്ടി ഇടപെടേണ്ട പ്രവൃത്തി മണ്ഡലമാണെന്ന് ചൂണ്ടിക്കാട്ടിയ മഹാനാണ് എകെജി എന്നും എകെജി കാട്ടിയ വഴിയിലൂടെയാണ് പാര്‍ലമെന്റ് സഞ്ചരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുപടികള്‍ക്കും പരാതികള്‍ക്കും വേദി തുറന്നു നല്‍കുകയായിരുന്നു ലോക കേരളസഭയുടെ പ്രഥമ സമ്മേളനം.

DONT MISS
Top