പരിചയപ്പെടാം ഐസ്‌ലാന്‍ഡിന്റെ ലോകകപ്പ് പോരാളികളെ

പരിശീലകന്‍: ഹെയ്മിര്‍ ഹാള്‍ഗ്രിംസണ്‍

ഐസ്‌ലാന്‍ഡ് ദേശീയടീമിനെ ആഗോള പ്രശസ്തിയിലേക്ക് നയിച്ച പരിശീലകനാണ് അമ്പത്തിയൊന്നുകാരനായ ഹെയ്മിര്‍ ഹാള്‍ഗ്രംസണ്‍. 2013-ല്‍ അദ്ദേഹം സീനിയര്‍ ടീമിന്റെ ചുമതലയേറ്റെടുത്ത ശേഷമാണ് ടീം യൂറോകപ്പിനും ലോകകപ്പിനും യോഗ്യതനേടിയത്. യുവേഫയുടെ എ ലൈസന്‍സ് നേടിയിട്ടുള്ള ഹാള്‍ഗ്രിംസണ്‍ അവരുടെ മുന്‍ ദേശീയതാരം കൂടിയാണ്. പരിശീലനത്തിലെ ശാസ്ത്രീയതയും അച്ചടക്കവുമാണ് അദ്ദേഹത്തിന്റെ പ്രത്യേകതകള്‍. കളിക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊടുക്കുകയും പരിമിതികള്‍ ബോധ്യപ്പെടുത്തിക്കൊടുക്കുകയും തിരുത്തുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. പരിശീലകന്‍ എന്നതിലുപരി പാര്‍ട്ട് ടൈം ദന്തിസ്റ്റ് കൂടിയാണ് അദ്ദേഹം. യൂറോകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനും ക്വാര്‍ട്ടറിലെത്താനും കഴിഞ്ഞെങ്കിലും ലോകകപ്പില്‍ കൂടി മുദ്രപതിപ്പിച്ചാലെ ഐസ്‌ലാന്‍ഡിലെ കളിക്കാര്‍ വിശ്രമിക്കു എന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്. ലോകകപ്പില്‍ സഭാകമ്പത്തിന് കീഴടങ്ങാതിരുന്നാല്‍ തന്റെ ടീം റഷ്യയില്‍ അവിശ്വസനീയമായ പ്രകടനം നടത്തുമെന്നും അദ്ദേഹം ഉറപ്പുതരുന്നു. ലോകത്തെ ഏത് മികച്ച ടീമായാലും തങ്ങള്‍ക്ക് ഭയമില്ലെന്നും അദ്ദേഹം പറയുന്നു.

1. ഫ്രെഡറിക്ക് സച്ച്‌റാം-(ഗോള്‍ കീപ്പര്‍)

ഡെന്മാര്‍ക്കിലെ റോസ് കില്‍ഡി ക്ലബ്ബിന്റെ കളിക്കാരനാണ് 22 കാരനായ ഫ്രെഡറിക്ക് സച്ച്‌റാം. ഐസ്‌ലാന്‍ഡിന് വേണ്ടി എല്ലാ ഏജ് ഗ്രൂപ്പ് ടീമിലും കളിച്ചിട്ടുള്ള ഫ്രെഡറിക്ക് ദേശീയസീനിയര്‍ ടീമിനു വേണ്ടി ഒരു മത്സരമേ കളിച്ചിട്ടുള്ളു. ഡാനിഷ് ലീഗിലെ മികച്ച ഗോള്‍കീപ്പറായാണ് ഫ്രെഡറിക്ക് വിലയിരുത്തപ്പെടുന്നത്.

2. ഹോള്‍മര്‍ ഒറന്‍-(ഡിഫന്റര്‍)

ബള്‍ഗേറിയന്‍ ടീം സോഫിയ ലവസ്‌കിയുടെ കളിക്കാരനാണ് ഇരുപത്തിയേഴുകാരനായ ഹോള്‍മര്‍. ഐസ്‌ലാന്‍ഡിലെ എല്ലാ എജ് ഗ്രൂപ്പ് ടീമുകളിലും കളിച്ചിട്ടുണ്ട്. സീനിയര്‍ ടീമിനുവേണ്ടി ആറുമത്സരങ്ങള്‍ കളിച്ചു. നോര്‍വേയുലെ റോസന്‍ ബെര്‍ഗിനു വേണ്ടി 65 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മികച്ച ഡിഫന്ററാണ് ഹോള്‍മര്‍.

3. അര്‍ണോര്‍ ഇന്‍ഗ്വി-(മിഡ്ഫീല്‍ഡര്‍)

സ്വീഡനിലെ പ്രസിദ്ധ പ്രൊഫഷണല്‍ ടീമായ മാല്‍മോയുടെ മിഡ്ഫീല്‍ഡറാണ് ഇരുപത്തിനാലുകാരനായ അര്‍ണോര്‍ ഇന്‍ഗ്വി. ഐസ്‌ലാന്‍ഡിലെ എല്ലാ എജ് ഗ്രൂപ്പ് ടീമുകളിലും കളിച്ചിട്ടുള്ള അര്‍ണോര്‍ ദേശീയസീനിയര്‍ ടീമിനുവേണ്ടി 15 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മികച്ച മിഡ്ഫീല്‍ഡറാണദ്ദേഹം.

4. ഹറൗര്‍ മഗ് ന്യൂസന്‍-(ഡിഫന്റര്‍)

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ സിറ്റിയുടെ കളിക്കാരനാണ് ഇരുപത്തിനാലുകാരനായ ഹറൗര്‍ മഗ് ന്യൂസന്‍. 2011 മുതല്‍ ആറുവര്‍ഷം ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിന്റെ ഭാഗമായിരുന്നു. ബ്രിസ്റ്റോളിന് വേണ്ടി ഇതുവരെ 36 മത്സങ്ങള്‍ കളിച്ചു. ദേശീയസീനിയര്‍ ടീമിനുവേണ്ടി 15 തവണയും കളിച്ചിട്ടുണ്ട്.

5. അറോര്‍ ഗുനേര്‍സന്‍-(മിഡ്ഫീല്‍ഡര്‍-28)

ഇംഗ്ലണ്ടിലെ കാര്‍ഡിഫ് സിറ്റിക്കുവേണ്ടി 235 മത്സരങ്ങള്‍ കളിച്ച് പരിചയമുണ്ട് ടീമിന്റെ നായകന്‍ കൂടിയായ അറോര്‍ ഗുനേര്‍സന്. 23 ഗോളുകളും അവര്‍ക്കുവേണ്ടി നേടിയിട്ടുണ്ട്. യൂറോപ്പിലെ തന്നെ മികച്ച മിഡ്ഫീല്‍ഡറായിട്ടാണ് ഗുനേര്‍സന്‍ വിലയിരുത്തപ്പെടുന്നത്. ടീമിന്റെ നട്ടെല്ലാണദ്ദേഹം. കാര്‍ഡിഫില്‍ ചേരുന്നതിന് മുമ്പ് ഇംഗ്ലണ്ടിലെ തന്നെ കോവന്ററി സിറ്റിയുടെ കളിക്കാരനായിരുന്നു. അവര്‍ക്കുവേണ്ടി 123 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഐസ്‌ലാന്‍ഡിലെ എല്ലാ ഏജ് ഗ്രൂപ്പ് ടീമുകളിലും കളിച്ചിട്ടുള്ള ഗുനേര്‍സന്‍ സീനിയര്‍ ടീമിനുവേണ്ടി 76 മത്സരങ്ങളും കളിച്ചു. രാജ്യത്തിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും യൂറോകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

6. ബ്രിക്കര്‍ ബജാമസന്‍-(മിഡ്ഫീല്‍ഡര്‍-29)

അറോര്‍ ഗുനേര്‍സനേപ്പോലെ ലോകപ്രശസ്തനാണ് ബ്രിക്കര്‍ ബജാമസനും. സ്വിറ്റ്‌സര്‍ലണ്ടിലെ എഫ്‌സി ബാസലിനു വേണ്ടി 2015-മുതല്‍ 17-വരെ 35 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ബ്രിക്കര്‍ ഈ സീസണിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആസ്റ്റന്‍വില്ലയിലേക്ക് വരുന്നത്. അവര്‍ക്കുവണ്ടി 14 മല്‍സരങ്ങള്‍ കളിച്ചുകഴിഞ്ഞു. രാജ്യത്തെ എല്ലാ എജ് ഗ്രൂപ്പിലും കളിച്ചിട്ടുള്ള ബ്രിക്കര്‍ സീനിയര്‍ ടീമിനുവേണ്ടി 63 മത്സരവും കളിച്ചു.

7. ജൊവാന്‍ ബെര്‍ഗ്-(മിഡ്ഫീല്‍ഡര്‍-27)

ചെല്‍സിയുടേയും ഫുള്‍ഹാമിന്റേയും ഫുട്‌ബോള്‍ അക്കാദമികളുടെ സൃഷ്ടിയാണ് ജൊവാന്‍ ബെര്‍ഗ്. ഇപ്പോള്‍ ഇംഗ്ലണ്ടിലെ ബേണ്‍ലി എഫ്‌സിയുടെ കളിക്കാരനാണ്. 2016-ല്‍ ബേണ്‍ലിയിലെത്തിയ ജൊവാന്‍ 41 മത്സരങ്ങള്‍ അവര്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. 2008 മുതല്‍ ഐസ്‌ലാന്‍ഡ് ദേശീയ ടീമിനുവേണ്ടി കളിക്കുന്ന ജൊവാന്‍ 63 മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞു. ഐസ്‌ലാന്‍ഡ് സൃഷ്ടിച്ച മികച്ച കളിക്കാരനായിട്ടാണ് ജൊവാന്‍ പരിഗണിക്കപ്പെടുന്നത്.

8. ഗ്വില്‍ഫി സിഗൂര്‍സന്‍ (മിഡ്ഫീല്‍ഡര്‍-28)

ഇംഗ്ലണ്ടിലെ റീഡിംഗ് ഫുട്‌ബോള്‍ അക്കാദമിയുടെ സൃഷ്ടിയാണ് ഗ്വില്‍ഫി സിഗൂര്‍സന്‍. രണ്ടു വര്‍ഷം റീഡിംഗിന്റെ സീനിയര്‍ ടീമില്‍ കളിച്ചിട്ടുള്ള സിഗൂര്‍സന്‍ 2012-ല്‍ സ്വാന്‍സിയാ സിറ്റിയില്‍ ചേര്‍ന്നു. അവര്‍ക്കു വേണ്ടി 18 മത്സരങ്ങള്‍ കളിച്ചു. 2012-ല്‍ ടോട്ടനത്തില്‍ ചേര്‍ന്നു. 58 മത്സരങ്ങള്‍ കളിച്ചു. 2014-ല്‍ വീണ്ടും സ്വാന്‍സിയാ സിറ്റിയില്‍. അവിടെ 106 മത്സരങ്ങളില്‍ നിന്ന് 27 ഗോളും നേടി. ഈ സീസണിലാണ് എവര്‍ട്ടണില്‍ ചേര്‍ന്നത്. ഇതുവരെ 20 മത്സരങ്ങള്‍ കളിച്ചു. പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറായിട്ടാണ് സിഗൂര്‍സന്‍ പരിഗണിക്കപ്പെടുന്നത്. ഐസ്‌ലാന്‍ഡിലെ എല്ലാ ഏജ് ഗ്രൂപ്പിലും കളിച്ചിട്ടുള്ള സിഗൂര്‍സന്‍ സീനിയര്‍ ടീമിനുവേണ്ടി 55 മത്സരങ്ങളും കളിച്ചു.

9. ഇമില്‍ ഹാല്‍ഫിറോസന്‍-(മിഡ്ഫീല്‍ഡര്‍-33)

ഐസ്‌ലാന്‍ഡ് ടീമിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ് ഇമില്‍ ഹാല്‍ഫിറോസന്‍. 2005 മുതല്‍ ഏഴുവരെ ടോട്ടനത്തില്‍ കളിച്ച ഇമില്‍ പല ക്ലബ്ബുകള്‍ മാറി ഒടുവില്‍ ഇറ്റലിയിലെ വെറോണയിലെത്തി. അവര്‍ക്കുവേണ്ടി 148 മത്സരങ്ങള്‍ കളിച്ചു. വെറോണയില്‍ നിന്നാണ് 2016-ല്‍ ഇറ്റലിയിലെ പ്രമുഖ ക്ലബ്ബായ ഉഡീനസില്‍ എത്തുന്നത്. അവര്‍ക്കുവേണ്ടി ഇതുവരെ 46 മത്സരങ്ങള്‍ കളിച്ചു. ഐസ്‌ലാന്‍ഡ് സീനിയര്‍ ടീമിനുവേണ്ടി 61 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

10. വിക്ടര്‍ പാല്‍സന്‍-(മിഡ്ഫീല്‍ഡര്‍-26)

പ്രൊഫഷണല്‍ ഫുട്‌ബോളറായി ഏഴുവര്‍ഷം പിന്നിട്ട വിക്ടര്‍ പാല്‍സന്‍ ഇപ്പോള്‍ സ്വിറ്റ്‌സര്‍ലണ്ടിലെ എഫ്‌സി സൂറച്ചിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ്. ഐസ്‌ലന്‍ഡ് ദേശീയ ടീമിനുവേണ്ടി ആറു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

11. ജോണ്‍ ഡവോയ് ബുവേര്‍സന്‍-(ഫോര്‍വേഡ്-25)

ഇംഗ്ലീഷ് ക്ലബ്ബ് റീഡിംഗിന്റെ ഫോര്‍വേഡാണ് ജോണ്‍ ഡവോയ്. ഐസ്‌ലാന്‍ഡ് ടീമായ സെല്‍ഫോസിലൂടെ പ്രൊഫഷണല്‍ രംഗത്തു വന്ന ജോണ്‍ 2017 ലാണ് റിഡിംഗിലെത്തുന്നത്. അവര്‍ക്കുവേണ്ടി ഇതുവരെ 17 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

12. ആല്‍ബര്‍ട്ട് ഗൗമുണ്ട്‌സണ്‍-(25).

ഡച്ച് ഫുട്‌ബോള്‍ ടീമായ പിഎസ്‌വിയുടെ യൂത്ത് അക്കാദമിയില്‍ കളിപഠിച്ച കളിക്കാരനാണ് ആല്‍ബെര്‍ട്ട്. 2015 ല്‍ ജോംഗ് പിഎസ് വിയില്‍ ചേര്‍ന്ന ആല്‍ബര്‍ട്ട് അവര്‍ക്കുവേണ്ടി 54 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ഏജ് ഗ്രൂപ്പ് ടീമിലും കളിച്ചിട്ടുള്ള ആല്‍ബര്‍ട്ട് ദേശീയസീനിയര്‍ ടീമിനു വേണ്ടി ഒരു മത്സരമേ കളിച്ചിട്ടുള്ളു.

DONT MISS
Top