ക്ഷേത്രങ്ങളും പൂജാദികര്‍മ്മങ്ങളും മനുഷ്യ നന്മയെ ലക്ഷ്യം വെച്ചുള്ളതാണ്; ആചാരനുഷ്ഠാനങ്ങളില്‍ ശാസ്ത്രീയ വശമുണ്ടെന്നും ഇപി ജയരാജന്‍

ഇപി ജയരാജന്‍

കാസര്‍കോഡ്: ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രിയ വശമുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. ആചാരാനുഷ്ഠാനങ്ങള്‍ മനുഷ്യനു ഉണര്‍വുണ്ടാക്കുമെന്നും നാടിന് ചലനാത്മകതയും വളര്‍ച്ചയും ഉണ്ടാക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രപെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍.’

”എല്ലാറ്റിനും അതിന്റേതായ ഗുണങ്ങളുണ്ട്. ഞാന്‍ ഒന്നിനേയും തള്ളിപ്പറയുന്നില്ല. ശാസ്ത്രത്തിന് ശാസ്ത്രത്തിന്റെ നിരീക്ഷണങ്ങളുണ്ട്. ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങളിലൂടെ ഒരു മനുഷ്യ സമൂഹത്തിന്റെ ബോധത്തെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കുന്നു. അതും പ്രപഞ്ച സംരക്ഷണത്തിന്റെ ഉപകരണമായിത്തീരുന്നു.

ഇസ്ലാം മതം അനുസരിച്ച് 1500 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രവാചകനായ മുഹമ്മദ് നബി ചില അനുഷ്ഠാനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ന് നിരീക്ഷിക്കുമ്പോള്‍ ആ അനുഷ്ഠാനങ്ങള്‍ക്ക് ഒരു ശാസ്ത്രീയ വശമുണ്ട്. അഞ്ച് നേരം നിസ്‌കരിക്കുന്നതും അതിനെടുക്കുന്ന സമയവുമെല്ലാം മനുഷ്യന്റെ ആരോഗ്യത്തെയും പ്രകൃതിയെയും ലയിപ്പിക്കുന്നതാണ്. മനുഷ്യന്റെ വളര്‍ച്ചയുടെ ഭാഗമാണത്.

ഇതു തന്നെയാണ് ക്ഷേത്രങ്ങളുടേയും പൂജകളുടേയും ആരാധനകളുടേയും അനുഷ്ഠാനങ്ങളുടേയുമൊക്കെ അര്‍ത്ഥം. ഇവയെല്ലാം മനുഷ്യന്റെ നന്മയാണ് ലക്ഷ്യം വെക്കുന്നത്. മനുഷ്യനന്മയെ ലക്ഷ്യം വെച്ചു തന്നെയാണ് തെയ്യങ്ങളും ഉത്സവങ്ങളും ചെണ്ടമേളങ്ങളുമെല്ലാം നടക്കുന്നത്. മനുഷ്യനന്മയ്ക്ക് വേണ്ടിയുള്ളതെല്ലാം നമുക്ക് സ്വീകരിക്കാം. അല്ലാത്തതൊക്കെ തള്ളിക്കളയാം.

രോഗികള്‍ക്ക് സംഗീതം ഉണര്‍വ്വ് നല്‍കുന്നു. അതുപൊലെ തന്നെയാണ് ആദിവാസ മേഖലയിലെ തുടികൊട്ട് പാട്ട് അവര്‍ക്ക് അവരുടെ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നത്. മുന്‍കാലങ്ങളില്‍ ചെണ്ടകൊട്ടി തോറ്റം പാടിക്കൊണ്ട് വയലുകളില്‍ ഇറങ്ങിയിരുന്നത് നെല്ല് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സന്ദേശം നല്‍കാനായിരുന്നു.

ഏറ്റവും കൂടുതല്‍ വ്യാപാരങ്ങള്‍ നടക്കുന്നതും ഉത്സവ കാലത്താണ്. അതുകൊണ്ട് ഉത്സവങ്ങളും പൂജകളുമൊക്കെ മനുഷ്യരുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണ്. വിശ്വാസങ്ങളും ആചാരങ്ങളും ഒരു കാലഘട്ടത്തില്‍ മനുഷ്യന്റെ വളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കിയിട്ടുള്ളതാണ്.

ഗുണങ്ങള്‍ സ്വീകരിച്ചുകൊണ്ട് മനുഷ്യ പുരോഗതിക്കുള്ള എല്ലാ നന്മകളും ഉള്‍ക്കൊള്ളാം. ജാതിയുടേയും മതത്തിന്റെയും പേരില്‍ തമ്മിലടിക്കാന്‍ ഒരു ദൈവവും സന്ദേശം നല്‍കുന്നില്ല. പക്ഷേ ഇന്ന് മതത്തിന്റയും ദൈവത്തിന്റെയും പേരില്‍ നടക്കുന്നത് കൊടുംക്രൂരതകളാണ്.’ ഇപി ജയരാജന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top