രണ്ട് അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമാര്‍, മുന്‍ അറ്റോര്‍ണി ജനറല്‍, വിരമിച്ച ഹൈകോടതി ജഡ്ജി, മൂന്നാം നിരയില്‍ എം കെ ദാമോദരന്റെ മരുമകന്‍ ഗില്‍ബെര്‍ട്ടും; എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിച്ച സുപ്രീം കോടതിയിലെ ഒന്‍മ്പതാം നമ്പര്‍ കോടതിയില്‍ ഇന്ന് കണ്ടത്

സുപ്രിം കോടതിയിലെ ജസ്റ്റിസ്മാരായ എന്‍വി രമണയും അബ്ദുല്‍ നസീറും ഇന്ന് പരിഗണിച്ച 36 ആമത്തെയും 37 ആമത്തെയും കേസായിരുന്നു കേരളം ഉറ്റു നോക്കുന്ന എസ്എന്‍സി ലാവലിന്‍ കേസ്. 36 ആമത്തെ കേസ് സിബിഐയും, കെജി രാജശേഖരനും നല്‍കിയ അപ്പീല്‍. 37 ആമത്തെ കേസ് കസ്തുരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ നല്‍കിയ അപ്പീലും, കേസില്‍ കക്ഷി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് വി എം സുധീരന്‍ നല്‍കിയ അപ്പീലും.

പതിവിലും വേഗത്തില്‍ ആയിരുന്നു ഇന്ന് ഒന്‍പതാം നമ്പര്‍ കോടതിയില്‍ കേസ്സുകള്‍ തീര്‍പ്പാക്കിയിരുന്നത്. അതുകൊണ്ടുതന്നെ കോടതിക്ക് പുറത്തെ ഡിപ്ലേ ബോര്‍ഡില്‍ കേസുകളുടെ നമ്പര്‍ പെട്ടെന്ന് മാറി മറിഞ്ഞു. രാവിലെ തന്നെ ദേശീയ മാധ്യമങ്ങളിലെയും കേരളത്തില്‍ നിന്നുള്ള മാധ്യമങ്ങളിലെയും മാധ്യമപ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ എത്തിയിരുന്നു. കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ദേശീയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്കും ലാവലിന്‍ ഒരു പുതുമയുള്ള കേസല്ല. അതുകൊണ്ട് അവരുടെ ചര്‍ച്ച ഇന്നലത്തെ ഫുട്‌ബോള്‍ മത്സരത്തെക്കുറിച്ചായിരുന്നു. പക്ഷേ അന്യസംസ്ഥാനങ്ങളില്‍ നിന്നൊക്കെ എത്തിയിട്ടുള്ള ദേശിയ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കാലിത്തീറ്റ കുംഭകോണ കേസ് പോലെ ഏതോ ഒരു അഴിമതിക്കേസാണ് ലാവലിന്‍ കേസ്. അതും കേരളാ മുഖ്യമന്ത്രി ഉള്‍പ്പെട്ട അഴിമതിക്കേസ്.

ഒന്‍മ്പതാം നമ്പര്‍ കോടതിയില്‍ ഇരുപത്തിയഞ്ചാമാത്തെ കേസ് കോടതി പരിഗണിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിഎസ് നരസിംഹ കോടതിക്ക് പുറത്തെത്തിയത്. സര്‍ക്കാര്‍ അഭിഭാഷകരില്‍ മാധ്യമ പ്രവര്‍ത്തകരുമായി ഏറെ അടുപ്പമുള്ള അഭിഭാഷകനാണ് നരസിംഹ. തുഷാര്‍ മേത്തയും ലാവലിന്‍ കേസില്‍ ഹാജരാകുന്നു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് കേസ് ആരംഭക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് നരസിംഹയില്‍നിന്നാണ്. രണ്ട് സോളിസിറ്റര്‍ ജനറല്‍മാര്‍ ഹാജരാകുന്ന കേസ്. അതില്‍ ഒരാള്‍ പ്രധാനമന്ത്രിയുടെയും ബിജെപി ദേശീയ അധ്യക്ഷന്റെയും വിശ്വസ്തനായ തുഷാര്‍ മേത്ത. തുഷാര്‍ മേത്ത ഹാജരാകുന്ന കേസ് അഥവാ പ്രധാനമന്ത്രിയുടെ ഓഫീസിന് ‘താത്പര്യം’ ഉള്ള കേസ് എന്ന അഭിപ്രായം ദേശീയ മാധ്യമങ്ങളിലെ പല സുഹൃത്തുക്കള്‍ക്കും ഉണ്ട്. അത് കൊണ്ടുതന്നെ പ്രതീക്ഷിച്ചതിലും എന്തോ വലുത് ലാവലിന്‍ കേസില്‍ ഉണ്ടെന്ന് പല മാധ്യമ സുഹൃത്തുക്കളും കരുതി.

ഡിസ്‌പ്ലേ ബോര്‍ഡില്‍ 30 ആമത്തെ കേസ് ആയപ്പോള്‍ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി കോടതിക്ക് പുറത്തെത്തി. കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന് വേണ്ടി ആണ് റോഹ്ത്തഗി ഹാജര്‍ ആകുന്നത്. കസ്തൂരി രംഗ അയ്യര്‍, കെജി രാജശേഖരന്‍ എന്നിവരുടെ അഭിഭാഷകനായ രാകേന്ദ് ബസന്ത് മുകുള്‍ റോഹ്ത്തഗിയുടെ അടുത്തെത്തി ചെവിയില്‍ എന്തോ പറഞ്ഞു. ഗൗരവ്വത്തിന് ഒട്ടും അയവ് വരുത്താതെ റോഹ്ത്തകി ജൂനിയര്‍ അഭിഭാഷക ദേവാന്‍ഷിക്ക് ഒപ്പം കോടതിക്കുള്ളിലേക്ക് കടന്നു. തൊട്ട് പിന്നാലെ പുറത്ത് നിന്ന മാധ്യമ പ്രവര്‍ത്തകരും കോടതിക്കുള്ളില്‍ എത്തി.

35 ആമത്തെ കേസ് കോടതി പരിഗണനയ്ക്ക് എടുക്കുമ്പോഴായിരുന്നു തുഷാര്‍ മേത്തയും, പിഎസ് നരസിംഹയും കോടതിക്കുള്ളില്‍ എത്തിയത്. നിമിഷ നേരം കാണ്ടുതന്നെ 35 ആമത്തെ കേസിന്റെ നടപടികള്‍ പൂര്‍ത്തിയായി.

36 & 37. കോര്‍ട്ട് മാസ്റ്റര്‍ കേസ് വിളിച്ചപ്പോള്‍ തന്നെ തുഷാര്‍ മേത്തയും, പിഎസ് നരസിംഹയും വലത് ഭാഗത്തെ ഒന്നാം നിരയില്‍ എത്തി. നരസിംഹയ്ക്ക് തൊട്ട് അപ്പുറത്ത് ഗീത ലൂതറ. വലത് ഭാഗത്തെ ഒന്നാം നിരയുടെ അവസാന കസേരയ്ക്കടുത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ സ്റ്റാന്റിംഗ് കോണ്‍സല്‍ രമേശ് ബാബു സ്ഥാനം പിടിച്ചു. കേസില്‍ കക്ഷി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയ വി എം സുധീരന് വേണ്ടി ഹാജരാകുന്നത് രമേശ് ബാബുവാണ്. ഇടത് ഭാഗത്തെ ആദ്യ കസേരയില്‍ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി. കേസ് നടപടികള്‍ ആരംഭിച്ചപ്പോള്‍ കോടതിയിലേക്ക് എത്തിയ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത് തൊട്ടടുത്ത്. അതിന്റെ അപ്പുറത്ത് രാകേന്ദ് ബസന്ത്.

തുഷാര്‍ മേത്തയായിരുന്നു വാദം തുടങ്ങിയത്. ആരുടെയും പേര് എടുത്ത് പറയാതെ കേസിലെ എ 1, എ 7, എ 8 എന്നിവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈകോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലിലാണ് താന്‍ ഹാജര്‍ ആകുന്നത് എന്ന് മേത്ത കോടതിയെ അറിയിച്ചു. ഭരണഘടനയുടെ 227 ആം അനുച്ഛേദ പ്രകാരം ഹൈകോടതിക്ക് ഇതിന് അധികാരം ഉണ്ടോ എന്നതാണ് വിഷയം എന്നും മേത്ത ചൂണ്ടിക്കാട്ടി. സിബിഐയുടെ അപ്പീല്‍ നമ്പര്‍ എത്രയാണെന്ന് കോടതി മേത്തയോട് ആരാഞ്ഞു? ഡയറി നമ്പര്‍ മേത്ത പറഞ്ഞു. ഇതേത്തുടര്‍ന്ന് ജസ്റ്റിസ് രമണ പേപ്പര്‍ ബുക്കില്‍ നിന്ന് ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ പേര് വായിച്ചു. കെ മോഹനചന്ദ്രന്‍, പിണറായി വിജയന്‍, എ ഫ്രാന്‍സിസ്. പിണറായി വിജയന്റെ പേര് അങ്ങനെ കോടതിയില്‍ ആദ്യമായി പരാമര്‍ശിക്കപ്പെട്ടു.

കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന് വേണ്ടിയാണ് ഹാജരാകുന്നത്- മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി കോടതിയെ അറിയിച്ചു. തന്റെ കക്ഷിയുടെ അപ്പീലില്‍ സിബിഐയ്ക്ക് നോട്ടീസ് അയയ്ക്കണം എന്ന് ആവശ്യപ്പെട്ടു. ഇതേ ആവശ്യം ആര്‍ ബസന്തും ഉന്നയിച്ചു. ഇതിനിടിയില്‍ കേസിലെ പ്രതിപട്ടിക സംബന്ധിച്ച് തയ്യാറാക്കിയ ചാര്‍ട്ട് കോടതിക്ക് കൈമാറാം എന്ന് ബസന്ത് പറഞ്ഞു. എന്നാല്‍ തന്റെ കയ്യില്‍ ചാര്‍ട്ട് ഉണ്ടെന്ന് ജസ്റ്റിസ് രമണ മറുപടിപറഞ്ഞു. ഇതിനു ശേഷം ജസ്റ്റിസ് രമണ തന്റെ കയ്യില്‍ ഉള്ള പേപ്പര്‍ ബുക്കിലെ ചാര്‍ട്ട് നോക്കി വീണ്ടും പ്രതികളുടെ പേര് വായിച്ചു. അങ്ങനെ പിണറായി വിജയന്റെ പേര് രണ്ടാമത് ഒരിക്കല്‍ കൂടി ഒന്‍മ്പതാം നമ്പര്‍ കോടതിയില്‍ കേട്ടു.

ജസ്റ്റിസ് രമണയും ജസ്റ്റിസ് അബ്ദുല്‍ നസീറും തമ്മില്‍ ഉള്ള ആശയവിനിമയം ആയിരുന്നു പിന്നീട്. ഒരു മിനുട്ട് പോലും ആ ആശയവിനിമയം നീണ്ടു നിന്നില്ല. രണ്ട് ഹര്‍ജികളിലും നോട്ടീസ് അയക്കാം എന്ന് ജസ്റ്റിസ് രമണ വ്യക്തമാക്കി. ആരെങ്കിലും നോട്ടീസ് കൈപ്പറ്റുന്നുണ്ടോ എന്ന് ജസ്റ്റിസ് രമണ ആരാഞ്ഞു. കസ്തൂരി രംഗ അയ്യര്‍, കെജി രാജശേഖരന്‍, ആര്‍ ശിവദാസന്‍ എന്നിവരുടെ ഹര്‍ജികളില്‍ നോട്ടീസ് കൈപ്പറ്റാമെന്ന് തുഷാര്‍ മേത്ത അറിയിച്ചു. സിബിഐ യുടെ ഹര്‍ജിയില്‍
ആരെങ്കിലും നോട്ടീസ് കൈപ്പറ്റുന്നുവോ എന്ന് കോടതി തിരക്കി. ഈ സമയം വലത് ഭാഗത്തെ മൂന്നാമത്തെ നിരയില്‍ നിന്ന ഒരു അഭിഭാഷകന്‍ പിന്നിലോട്ട് പോയി. തിരക്കുകള്‍ക്കിടയില്‍ പലരും വിട്ട് പോയ ആ പിന്നോട്ട് പോക്കലിന് വലിയ രാഷ്ട്രീയ മാനം ഉണ്ടായിരുന്നു. അതിനെ കുറിച്ച് പിന്നീട് എഴുതാം.

ഇതിനിടെ ലാവലിന്‍ കേസിലെ വിചാരണ സ്റ്റേ ചെയ്യണം എന്ന് മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു. ആദ്യം ഈ ആവശ്യത്തെ എതിര്‍ത്തുവെങ്കിലും തുഷാര്‍ മേത്തയും പിഎസ് നരസിംഹയും പിന്നീട് വിചാരണ സ്റ്റേ ചെയ്യുന്നതിനെ എതിര്‍ത്തില്ല. ഇതേത്തുടര്‍ന്ന് ജസ്റ്റിസ് രമണ ഉത്തരവ് പ്രസ്താവിക്കുന്നതിലേക്ക് കടന്നു.

ഇനി നേരത്തെ പരാമര്‍ശിച്ച വലത് ഭാഗത്തെ മൂന്നാം നിരയിലേക്ക് വരാം. അധികമാരുടെയും ശ്രദ്ധയില്‍ പെടാതെ വലത് ഭാഗത്തെ മൂന്നാം നിരയില്‍ കണ്ണട വച്ച ഒരു അഭിഭാഷകന്‍ ഈ നടപടിക്രമണങ്ങള്‍ എല്ലാം വീക്ഷിച്ച് കൊണ്ട് ഇരിപ്പുണ്ടായിരുന്നു. എട്ട് വര്‍ഷം മുമ്പ് എസ്എന്‍സി ലാവലിന്‍ കേസ് ആദ്യമായി സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ തന്റെ ഭാര്യാപിതാവിന് ഒപ്പമായിരുന്നു ഈ അഭിഭാഷകന്‍ കോടതിയില്‍ എത്തിയിരുന്നത്. പിണറായി വിജയന്റെ എക്കാലത്തെയും വിശ്വസ്തനായ എംകെ ദാമോദരന്റെ മകളുടെ ഭര്‍ത്താവ് ഗില്‍ബെര്‍ട്ടിനെ കുറിച്ചാണ് ഇനി എഴുതാനുള്ളത്.

ലാവലിന്‍ കേസിലെ നടപടികള്‍ വീക്ഷിക്കാന്‍ സിപിഎമ്മുമായി ബന്ധമുള്ള പല അഭിഭാഷകരും കോടതിയില്‍ ഇന്ന് ഉണ്ടായിരുന്നു. പലരും കോടതി നടപടികള്‍ തത്സമയം ആര്‍ക്കൊക്കെയോ മെസ്സേജ് ചെയ്യുന്നുമുണ്ടായിരുന്നു. എന്നാല്‍ ഈ കേസിന്റെ മുഴുവന്‍ ടെന്‍ഷനും കണ്ടത് ഗില്‍ബെര്‍ട്ടിന്റെ മുഖത്താണ്. രാവിലെ കോടതിയിലെ കഫറ്റീരിയയില്‍ വച്ച് കണ്ടപ്പോള്‍ പോലും അങ്ങോട്ട് നല്‍കിയ ചിരിക്ക് മറുപടി പോലും നല്‍കാതെയാണ് ഗില്‍ബെര്‍ട്ട് കടന്നുപോയത്.

ഒന്‍പതാം നമ്പര്‍ കോടതിയില്‍ ഇന്ന് ഞാന്‍ ചെന്നപ്പോള്‍മുതല്‍ ഗില്‍ബെര്‍ട്ട് വലതുഭാഗത്തെ മൂന്നാമത്തെ നിരയില്‍ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ്. അതിന് അടുത്ത കസേരയില്‍ പ്രകാശിന്റെ മകള്‍ പ്രിയങ്ക. തൊട്ട് പിന്നിലെ നിരയില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് ജിഷ്ണു. ഇതിന് പുറമെ കേരളത്തില്‍നിന്നുള്ള മറ്റൊരു സീനിയര്‍ അഭിഭാഷകന്റെ ഓഫീസിലെ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍. പിണറായി വിജയന് വേണ്ടി കേസിന്റെ നടപടികള്‍ വീക്ഷിക്കുന്നത് ഈ സംഘംമാണെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് കൊണ്ടുതന്നെ അവരുടെ ഓരോ ചലനവും പരമാവധി കുറിച്ചു വയ്ക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ കോടതിയുടെ നടപടി തുടങ്ങിയപ്പോള്‍ ശ്രദ്ധ കൂടുതല്‍ അങ്ങോട്ടേക്കായി മാറി.

ആരെങ്കിലും നോട്ടീസ് കൈപ്പറ്റുണ്ടോ എന്ന് ജസ്റ്റിസ് രമണ ചോദിച്ചപ്പോള്‍, മൂന്നാമത്തെ നിരയില്‍ ഇരുന്ന ഒരാള്‍ പിന്നോട്ട് പോയി എന്ന് ഞാന്‍ നേരത്തെ പരാമര്‍ശിച്ചിരുന്നു. അത് ഗില്‍ബെര്‍ട്ട് ആണെന്ന സംശയം പലര്‍ക്കുമുണ്ടാകാം. എന്നാല്‍ ഗില്‍ബെര്‍ട്ട് അല്ല, സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ ആയ ജി പ്രകാശ് ആയിരുന്നു പിന്നോട്ട് പോയ ആ വ്യക്തി. പ്രകാശ് എന്തിനാണ പിന്നോട്ട് പോയതെന്ന് എനിക്ക് വ്യക്തമല്ല. ഒരു പക്ഷേ മറ്റെന്തെങ്കിലും തിരക്കുകള്‍ കാണാമായിരിക്കാം. അല്ലെങ്കില്‍ ജഡ്ജിമാരുടെ ശ്രദ്ധയില്‍പ്പെട്ട് നോട്ടീസ് സ്വീകരിക്കാനാവശ്യപ്പെട്ടാല്‍, അത് സ്വീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടായിരിക്കാം. കസ്തുരിരംഗ അയ്യര്‍, കെജി രാജശേഖരന്‍ എന്നിവരുടെ ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍കക്ഷിയാണ്. എന്നാല്‍ സിബിഐ സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷി ആക്കിയിട്ടില്ല എന്നതും ഇവിടെ പരാമര്‍ശിക്കപെടേണ്ടതാണ്.

ജി പ്രകാശിന് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു സ്റ്റാന്റിംഗ് കൗണ്‍സിലും ഇന്ന് ഒന്‍മ്പതാം നമ്പര്‍ കോടതിയിലുണ്ടായിരുന്നു. ഇടത് ഭാഗത്ത് ഏറ്റവും പിന്നിലായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. വിഎം സുധീരന് വേണ്ടി ഹാജരായ മുന്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ രമേശ് ബാബു ഇന്ന് കോടതിയില്‍ ഒന്നും പറഞ്ഞില്ല. വിഎസ് അച്യുതാനന്ദന് ലാവലിന്‍ കേസില്‍ എന്തെങ്കിലും താത്പര്യം ഇനി ഉണ്ടോ എന്നറിയില്ല. അദ്ദേഹത്തിന്റെ വിശ്വസ്തനായ അഭിഭാഷകന്‍ ലാവലിന്‍ കേസിന്റെ നടപടികള്‍ നടക്കുമ്പോള്‍ കോടതിയിലുണ്ടായിരുന്നു. അതൊരുപക്ഷേ വ്യക്തിപരമായ താത്പര്യം കാരണമാകാം. മുഖ്യമന്ത്രിയോട് കടപ്പാടുള്ള കേരളത്തിലെ ഒരു പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ ഉത്തരേന്ത്യക്കാരന്‍ ആയ ജൂനിയറും ഈ കേസിന്റെ നടപടികള്‍ കുറിച്ചെടുക്കുന്നുണ്ടായിരുന്നു.

പക്ഷേ എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയത് രാജ്യത്തുതന്നെ പ്രശസ്തമായ ഒരു ലോ ഫേര്‍മിലെ രണ്ട് അഭിഭാഷകര്‍ ഈ നടപടികള്‍ നടക്കുമ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്നുവെന്നതാണ്. ഈ കേസിനാണോ മറ്റേതെങ്കിലും കേസിനാണോ അവര്‍ വന്നത് എന്ന് അറിയില്ല. പക്ഷേ മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് പിണറായി വിജയന്‍ ആദ്യം തള്ളിപ്പറയുകയും, മുഖ്യമന്ത്രി ആയതിന് ശേഷം സ്വാഗതം ചെയ്യുകയും ചെയ്ത കേരളത്തിന്റെ ഒരു സ്വപ്നപദ്ധതിയുടെ മുഖ്യ നിക്ഷേപകന്റെ മകന്റെ ഭാര്യ പാര്‍ട്ട്ണര്‍ ആയ ലോ ഫേര്‍മിലെ അഭിഭാഷകര്‍ ആയിരുന്നു അവര്‍. പിണറായി വിജയന് വേണ്ടി ഹരീഷ് സാല്‍വേ ഹാജരാകും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ അദ്ദേഹത്തിന്റെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ഒരു വ്യക്തി ആയിരിക്കുമോ അതോ ഒരു സ്ഥാപനം ആയിരിക്കുമോ?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top