എച്ച് 1 ബി വിസ പരിഷ്‌കരണം മാറ്റിവെച്ചു; ഇന്ത്യയിലെ ടെക്കികള്‍ക്ക് ആശ്വാസം

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശജോലിക്കാര്‍ക്ക് അനുവദിച്ച എച്ച് 1 ബി വിസ പരിഷ്‌കരണം അമേരിക്ക മാറ്റിവെച്ചു. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് അമേരിക്കയുടെ തീരുമാനം. എച്ച് 1 ബി വിസാ നിയമത്തില്‍ തല്‍ക്കാലം മാറ്റം വരുത്തിലെന്നാണ് അമേരിക്ക ഇന്നലെ പ്രഖ്യാപിച്ചത്.

അമേരിക്കയുടെ തീരുമാനം 7 ലക്ഷത്തോളം ഇന്ത്യന്‍ ടെക്കികള്‍ക്ക് ആശ്വാസമാകുന്നതാണ്. എച്ച് 1 ബി വിസയുടെ കാലാവധി അമേരിക്ക അവസാനിപ്പിച്ചാല്‍ ഏഴര ലക്ഷത്തോളം ഇന്ത്യക്കാര്‍ മാത്രം അമേരിക്ക വിടേണ്ടിവരുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അമേരിക്ക തല്‍ക്കാലം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നില്ലെന്ന് കുടിയേറ്റ സേന വിഭാഗം വക്താവ് ജൊനാതന്‍ വിതിംഗ്ടണ്‍ പറഞ്ഞു.

വിദഗ്ദ തൊഴിലാളികള്‍ക്ക് ആറുവര്‍ഷം വരെ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി. ഐടി മേഖലയില്‍ ജോലിചെയ്യാനായെത്തുന്ന തൊഴിലാളികളാണ് എച്ച് 1 ബി യുടെ പ്രധാന ഉപഭോക്താക്കള്‍. അതിനാല്‍ നിയമത്തില്‍ വരുത്തുന്ന എന്ത് മാറ്റവും ഏറ്റവും കൂടുതല്‍ ബാധിക്കുക ഇവരെയാണ്. 2016 ല്‍ അനുവദിച്ച എച്ച് 1 ബി വിസയുടെ 77 ശതമാനവും നേടിയത് ഇന്ത്യക്കാരാണ്.

ബൈ അമേരിക്കന്‍ ഹൈര്‍ അമേരിക്കന്‍ എന്ന പേരില്‍ ജോലികളില്‍ അമേരിക്കകാര്‍ക്ക് മുന്‍ഗണ നല്‍കുന്ന ഡോണാള്‍ഡ് ട്രംപിന്റെ പോളിസിയുടെ അടിസ്ഥാനത്തില്‍ എച്ച് 1 ബി വിസയിലും മാറ്റങ്ങള്‍ വരുത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top