അവിവാഹിത പെന്‍ഷന്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ രംഗത്ത്; നല്‍കുന്നതില്‍ തടസമുണ്ടെന്ന് നഗരസഭ


തിരുവനന്തപുരം: അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കന്യാസ്ത്രീകള്‍ രംഗത്ത്. തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ് ഇത്തരമൊരു വിചിത്രമായ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതില്‍ തടസമുണ്ടെന്ന് പറയുന്ന നഗരസഭാ അധികൃതര്‍ അന്തിമ തീരുമാനത്തിനായി മാസങ്ങള്‍ക്കുമുമ്പേ നല്‍കപ്പെട്ട കന്യാസ്ത്രീകളുടെ അപേക്ഷ സാമൂഹിക നീതിവകുപ്പിന് കൈമാറി.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് കന്യാസ്ത്രീകളുടെ അപേക്ഷ. മരുന്നിനും മറ്റുമായി വലിയ ചെലവ് വേണ്ടി വരുന്നുണ്ട്. അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ അനുവദിച്ചുതരണമെന്നും തിരുവനന്തപുരം കോര്‍പറേഷനു നല്‍കിയ അപേക്ഷയില്‍ ഇവര്‍ പറയുന്നു.

ചില നിബന്ധനകളുടെമേല്‍, വിവാഹിതരാകാന്‍ സാധിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ മാസം 1,100 രൂപയാണ് പെന്‍ഷന്‍ നല്‍കിവരുന്നത്. മതപരമായ വിശ്വാസത്താലും സ്വയം അംഗീകരിച്ച കരാറിന്മേലും മനപൂര്‍വം വിവാഹം ഒഴിവാക്കിയ ഇവര്‍ അവിവാഹിത പെന്‍ഷനു അര്‍ഹരല്ല എന്നാണ് കോര്‍പ്പറേഷനില്‍നിന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തലുണ്ടായത്. എങ്കിലും കൂടുതല്‍ പരിശോധനയ്ക്കും അവസാന തീരുമാനത്തിനുമായി സാമൂഹിക നീതി വകുപ്പിലേക്ക് കന്യാ സ്ത്രീകളുടെ അപേക്ഷ കൈമാറിയിട്ടുണ്ട്.

എന്നാല്‍ പ്രായമായ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും ചിലവിനായി പണം നല്‍കുന്നുണ്ടെന്നാണ് സഭ പറയുന്നത്. കന്യാസ്ത്രീകള്‍ ഇത്തരമൊരു ആവശ്യവുമായി വന്നതിനെതിരെ സഭ ശക്തമായ നിലപാട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

അവിവാഹിത പെന്‍ഷന്‍ നല്‍കുന്നത് ചില നിബന്ധനകളുടേമേലാണ്. മനപൂര്‍വമല്ലാത്ത കാരണത്താലാകണം വിവാഹം നടക്കാതെ പോയത്. പ്രത്യേകിച്ചും മോശം സാമ്പത്തിക ചുറ്റുപാടുകളില്‍ വിവാഹം കഴിക്കാതിരുന്നവരാകണം. എന്നാല്‍ ഇതൊന്നും കന്യാസ്ത്രീകളുടെ കാര്യത്തില്‍ ബാധകമല്ല. മാത്രമല്ല, നിലവില്‍ 60 വയസ്സ് പിന്നിട്ട കന്യാസ്ത്രീകള്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് തങ്ങള്‍ വിവാഹം കഴിക്കാത്തതിന്റെയും ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്.

DONT MISS
Top