കണ്ണൂരിലെ അക്രമസംഭവങ്ങളില്‍ കുറവുവന്നിട്ടുണ്ടെന്ന് ഡിജിപി രാജേഷ് ദിവാന്‍

കണ്ണൂര്‍: കണ്ണൂരിലെ അക്രമസംഭവങ്ങളില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തലെന്ന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2017 ല്‍ അക്രമസംഭവങ്ങളില്‍ കുറവു വന്നിട്ടുണ്ട്.

രാഷ്ട്രീയ സമ്മര്‍ദങ്ങളില്ലാതെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ഡിജിപി രാജേഷ് ദിവാന്‍ പറഞ്ഞു. ഏതു പാര്‍ട്ടിയില്‍പ്പെട്ട പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യും. അതില്‍ പക്ഷപാതമില്ലെന്നും ഡിജിപി വ്യക്തമാക്കി. 2016 ല്‍ 524 രാഷ്ട്രീയ അക്രമങ്ങളില്‍ കേസെടുത്തപ്പോള്‍ 2017 ല്‍ അത് 501 ആണ്. 208 കേസുകളിലായി 672 സിപിഐഎം പ്രവര്‍ത്തകരും 196 കേസുകളിലായി 642 ബിജെപി പ്രവര്‍ത്തകരും അറസ്റ്റിലായി. 102 എസ്ഡിപിഐ പ്രവര്‍ത്തകരെയും 91 മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. എന്നാല്‍ സിപിഐ പ്രവര്‍ത്തകരാരും തന്നെ അക്രമ സംഭവങ്ങളില്‍ പ്രതികളായിട്ടില്ല.

റേഞ്ച് ഐജി മഹിപാല്‍ യാദവ്, എസ്പി ജി ശിവവിക്രം, ക്രൈം ബ്രാഞ്ച് എസ്പി എ ശ്രീനിവാസ്, തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷനുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട വളപട്ടണം പൊലീസ് സ്റ്റേഷന് ഡിജിപി ഉപഹാരം സമ്മാനിച്ചു. ചീമേനിയില്‍ അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിലും കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മര്‍ദിച്ച സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

DONT MISS
Top