മൊട്ടയടിച്ച് ജയറാം, വീഡിയോ പകര്‍ത്തി പാര്‍വതി, ഞെട്ടണമെന്ന് പിഷാരടി

ഹാസ്യതാരവും അവതരാകനുമായ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണതത്ത. ഏറെ ആരാധകരുള്ള രമേശ് പിഷാരടി സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത  ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സിനിമയുമായി ബന്ധപ്പെട്ട് പിഷാരടി ഫെയ്‌സബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.

ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും എന്ന അടിക്കുറിപ്പോടെ  നടന്‍ ജയറാം മൊട്ടയടിക്കുന്ന വീഡിയോയാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്.  ജയറാമിന്റെ ഭാര്യ പാര്‍വതിയാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. ജയറാമിന്റെതന്നെ മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കൂടി കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.

‘ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും, ജയറാമും , കുഞ്ചാക്കോ ബോബനും നായകന്മാരാകുന്ന ‘പഞ്ചവർണ്ണതത്ത ‘ എന്ന ചിത്രത്തിന്‌ വേണ്ടി ജയറാമേട്ടൻ മൊട്ടയടിക്കുന്ന ദൃശ്യങ്ങൾ പാർവ്വതിചേച്ചി മൊബൈൽ ക്യാമറയിൽ പകർത്തി . ഇന്നലെ വേലായുധൻകുട്ടി എന്ന അപരൻ കഥാനായകന് മേക്കപ്പ്മാൻ ആയി. ഞെട്ടണം പ്ലീസ്’ വീഡിയോയ്ക്കൊപ്പം രമേശ് പിഷാരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

രമേശ് പിഷാടരിയും ഹരി പി നായരും രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജയറാമും കുഞ്ചാക്കോ ബോബനുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ജയറാം വ്യത്യസ്ഥമായ വേഷത്തിലാണ് എത്തുന്നത്. നടന്‍ മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

DONT MISS
Top