വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ സ്ത്രീയുടെ മൃതദേഹം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ വീപ്പയില്‍ കണ്ടെത്തിയ മൃതദേഹം

കൊച്ചി: വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് കായലില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിത്തമാക്കി. എറണാകുളം കുമ്പളത്താണ് ഇന്നലെ വലിയ പ്ലാസ്റ്റിക് വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു.

കൊച്ചി കുമ്പളത്ത് ആളൊഴിഞ്ഞ പറമ്പിലെ വീപ്പയ്ക്കുള്ളിലാണ് മൃതദേഹം കണ്ടത്. വീപ്പക്കുള്ളില്‍ മൃതദേഹം കയറ്റിയശേഷം കോണ്‍ക്രീറ്റ് നിറച്ചനിലയിലായിരുന്നു. തലകുത്തി നിര്‍ത്തിയ നിലയിലായിരുന്നു മൃതദേഹം. വീപ്പയുടെ മുകള്‍ഭാഗത്ത് ഇഷ്ടികയും ചേര്‍ത്താണ് കോണ്‍ക്രീറ്റ് ചെയ്തിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കായല്‍ ശുചീകരിക്കുമ്പോള്‍ വീപ്പ കരക്കെത്തിച്ചു. ചിലര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്ഥലമുടമയുടെ സാന്നിധ്യത്തില്‍ പൊലീസ് വീപ്പ തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.

വീപ്പക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന് ഒരു വര്‍ഷത്തെയെങ്കിലും പഴക്കം കാണുമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കാണാതായ സ്ത്രീകളെക്കുറിച്ചുള്ള പരാതികള്‍ പൊലീസ് ശേഖരിച്ചുവരുകയാണ്. സംഘടിതകുറ്റകൃത്യമല്ല, ആരെങ്കിലും ഒറ്റയ്ക്ക് ചെയ്തതാകും സംഭവമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാനതൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ  ഭാഗമായി കൊച്ചിയിലെ വിവിധ സ്റ്റേഷനുകളില്‍ ഗുണ്ടാകേസുകളില്‍ പിടിയിലായവരെ ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ കുമ്പളത്ത് ചാക്കില്‍കെട്ടി കായലില്‍ തള്ളിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ആ സംഭവത്തിലും മൃതദേഹം കായലില്‍ തള്ളാനും കോണ്‍ക്രീറ്റ് കട്ടകളാണ് ഉപയോഗിച്ചിരുന്നത്. രണ്ട് സംഭവങ്ങളും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെതുമ്പൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പനങ്ങാട് പൊലീസാണ് അന്വേഷണം നടത്തുന്നത്.

DONT MISS
Top