കീഴാറ്റൂരില്‍ സമവായവുമായി സിപിഐഎം; ജനങ്ങള്‍ക്കൊപ്പമെന്ന് ഇപി ജയരാജന്‍


കണ്ണൂര്‍: കണ്ണൂരില്‍ സിപിഐഎമ്മിന് ഏറെ തലവേദന സൃഷ്ടിച്ച കീഴാറ്റൂരില്‍ അണികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് സിപിഐഎം. ബൈപാസിനെതിരെ സമരം ചെയ്ത 11 പ്രവര്‍ത്തകരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമെന്ന പേരില്‍ പുറത്താക്കിയതിന് പിന്നാലെ കീഴാറ്റൂരില്‍ സിപിഐഎം രാഷ്ട്രീയവിശദീകരണ യോഗം സംഘടിപ്പിച്ചു.

ബൈപാസ് നാടിന്റെ പൊതു ആവശ്യമാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാരം അടക്കമുള്ള പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. മത-തീവ്രവാദ സംഘടനകളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ വികസനം വരുന്നതിനെ എതിര്‍ക്കുന്നില്ലെന്നാണ് സമരക്കാര്‍ പ്രതികരിച്ചത്. ഇപി ജയരാജന്റെ വാക്കുകളെ മുഖവിലയ്ക്ക് എടുക്കുന്നു. വീണ്ടും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. പാര്‍ട്ടിവിട്ടവരും സമരക്കാരും യോഗത്തില്‍ പങ്കെടുത്തു.

എന്നാല്‍ രൂക്ഷമായ ഭാഷയില്‍ തന്നെയാണ് പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചത്. പാര്‍ട്ടിവിരുദ്ധ നടപടികളുമായി മുന്നോട്ട് പോയാല്‍ നോക്കി നില്‍ക്കാനാവില്ല. പുറത്താക്കിയവര്‍ ആത്യന്തികമായി ശതുക്കളല്ലെന്നും നേതാക്കള്‍ പറഞ്ഞു. 11 പേരെയാണ് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഐഎം പുറത്താക്കിയത്. 250 ഏക്കര്‍ വയല്‍ നികത്തി ബൈപാസ് വരുന്നതിനെതിരെ ആയിരുന്നു പ്രദേശവാസികള്‍ സമരം ചെയ്തത്. ഇതില്‍ ഭൂരിഭാഗവും പാര്‍ട്ടി അണികളായിരുന്നു. 21 ദിവസം നീണ്ടുനിന്ന നിരാഹാരസമരം മന്ത്രി ജി സുധാകരനുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് അവസാനിപ്പിച്ചത്. എന്നാല്‍ ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പ്രദേശവാസികള്‍ ഘട്ടം ഘട്ടമായി സമരം തുടരുകയാണ്.

DONT MISS
Top