‘മോഹന്‍ലാല്‍’ സിനിമ മാര്‍ച്ചില്‍ തിയേറ്ററില്‍; ചിത്രത്തില്‍ ലാലേട്ടന്‍ ഉണ്ടോ എന്നത് സസ്‌പെന്‍സ് എന്ന് അണിയറപ്രവര്‍ത്തകര്‍

‘ഇടി’ ക്ക് ശേഷം സാജിത് യാഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന സിനിമ മാര്‍ച്ച് അവസാനം തിയേറ്ററുകളില്‍ എത്തും. പേരു പോലെ തന്നെ മോഹന്‍ലാല്‍ എന്ന നടന്റെ മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുകന്‍ വരെയുള്ള സിനിമകളിലൂടെയുള്ള ഒരു സഞ്ചാരമായിരിക്കും സിനിമയുടെ ഇതിവൃത്തമെന്ന്അണിയറ പ്രവര്‍ത്തകര്‍  വ്യക്തമാക്കുന്നു. ചങ്കും ചങ്കിടിപ്പുമായി മോഹന്‍ലാലിനെ കാണുന്ന മിനുകുട്ടി എന്ന സ്ത്രീയായിയാണ് മഞ്ജുവാര്യര്‍ മോഹന്‍ലാലില്‍ അഭിനയിക്കുന്നത്.

സിനിമ പൂര്‍ണമായും ഒരു ഫാമിലി കോമഡി ചിത്രമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. മഞ്ജുവാര്യര്‍ വീണ്ടും സിനിമയില്‍ എത്തിയതിനു ശേഷമുള്ള ഒരു മുഴുനീള കോമഡി കൈകാര്യം ചെയ്യുന്ന ചിത്രവുമാണ് ‘മോഹന്‍ലാല്‍’. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പ്രോഗ്രാമിന്റെ തിരക്കഥ കൈകാര്യം ചെയ്യുന്ന സുനീഷ് വാരനാടാണ് ചിത്രത്തിന്റെ തിരക്കഥ. നരന്‍ പുലിമുരുകന്‍ ചിത്രങ്ങളിലൂടെ ലാല്‍ എന്ന നടന്റെ മാസ്മരിക രംഗങ്ങള്‍ പകര്‍ത്തിയ ഷാജി കുമാറിന്റെയാണ് ക്യാമറ.

മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാ ജീവിതവും നടനോടുള്ള ചെറുപ്പം മുതലുള്ള ഒരു പെണ്‍കുട്ടിയുടെ ആരാധനയുമാണ് തമാശയിലൂടെ ചിത്രം പറയുന്നത്. ‘മോഹന്‍ലാല്‍’ എന്ന പേരില്‍ എത്തുന്ന സിനിമയില്‍ മോഹന്‍ലാല്‍ ഒരു സീനിലെങ്കിലും എത്തുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നില്ല. തിയേറ്ററില്‍ എത്തുമ്പോള്‍ അറിയാം എന്നാണ് ഉത്തരം. എന്നാല്‍ ലാല്‍ എന്ന നടനാണ് സിനിമ. മോഹന്‍ലാല്‍ എന്ന നടനോടുള്ള ആരാധനയാണ് സിനിമയുടെ ഇതിവൃത്തവും. അതിനാല്‍ മോഹന്‍ലാല്‍ ഫാന്‍സിന് സിനിമ ആവേശമാകും എന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം സലിം കുമാര്‍, അജു വര്‍ഗീസ്, കെപിഎസി ലളിത, ബാലച ന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരും മോഹന്‍ലാലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നരസിംഹം, രാവണപ്രഭു തുടങ്ങിയ ലാല്‍ സിനിമകള്‍ മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന ഭാഗങ്ങള്‍ തന്നെയാണ്. ഒപ്പം വരിക്കശ്ശേരി മന ഒരു കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. 1500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വെച്ച് 40 മണിക്കൂറുകള്‍ ചെലവിട്ട് കവിത തിയേറ്ററില്‍ നരസിംഹം സിനിമയുടെ റിലീസ് ഷൂട്ട് ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top