സംസ്ഥാന സ്‌കൂള്‍ കലോത്സവം; സംഘാടകരുടെ അനാസ്ഥയില്‍ നാടന്‍പാട്ട് മത്സരം വൈകിയത് മൂന്ന് മണിക്കൂര്‍

നാടന്‍ പാട്ട് വിഭാഗത്തിലെ മത്സരാര്‍ത്ഥികള്‍

തൃശൂര്‍: കലോത്സവ സംഘാടകരുടെ അനാസ്ഥയില്‍ മത്സരം വൈകിയത് മൂന്ന് മണിക്കൂര്‍. ശബ്ദ സംവിധാനത്തിന്റെ പോരായ്മ പരിഹരിക്കാതെ വേദിയില്‍ കയറില്ലെന്ന് മത്സരാര്‍ത്ഥികള്‍ നിലപാടെടുത്തതോടെ നാടന്‍പാട്ട് മത്സരമാണ് വൈകിയത്.

രാവിലെ 9 മണിക്ക് ആരംഭിക്കേണ്ട ഹയര്‍ സെക്കന്ററി വിഭാഗം നാടന്‍ പാട്ട് മത്സരത്തിന് കര്‍ട്ടന്‍ പൊങ്ങിയത് ഉച്ചക്ക് 12 മണിക്ക്. മത്സരം വൈകിയത് മൂന്ന് മണിക്കൂര്‍. വിവിധ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് അവതരിപ്പിക്കേണ്ട കലാരൂപമാണ് നാടന്‍പാട്ട്. ശബ്ദസംവിധാനങ്ങളുടെ പോരായ്മ പ്രകടനത്തെയും ഫലത്തെയും ബാധിക്കുമെന്നെ അധ്യാപകരുടെയും പരിശീലകരുടെയും പരാതിയും പ്രതിഷേധവും ആണ് മത്സരം ഇത്രയേറെ വൈകിപ്പിച്ചത്.

ശബ്ദസംവിധാനം മികച്ചതാക്കിയാല്‍ മാത്രമേ വേദിയില്‍ കയറൂവെന്ന് അധ്യാപകരും കുട്ടികളും കട്ടായം പറഞ്ഞു. മത്സരം മണിക്കൂറുകളോളം വൈകിയത് തങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്ന് കുട്ടികളും പറയുന്നു. ഹൈസ്‌കൂള്‍ തല നാടന്‍പാട്ട് മത്സരം ഇന്നലെ ഇതേ വേദിയില്‍ നടന്നപ്പോള്‍ പരാതി അധികൃതരെ അറിയിച്ചിരുന്നെന്ന് പരിശീലകര്‍ കൂട്ടിച്ചേര്‍ത്തു. ഏതായാലും വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടെയും ഒപ്പം കാണികളുടെയും പ്രതിഷേധത്തിന് മുന്നില്‍ അധികൃതര്‍ മുട്ടുമടക്കി. മണിക്കൂര്‍ മൂന്ന് വൈകിയെങ്കിലും മികച്ച ശബ്ദ സംവിധാനങ്ങളുടെ അകമ്പടിയോടെ അവര്‍ വേദിയില്‍ നാടന്‍ പാട്ടിന്റെ ശീലു തീര്‍ത്തു.

DONT MISS
Top