എകെജി എന്ന മൂന്ന് അക്ഷരം കേൾക്കുമ്പോൾ ആവേശം തോന്നുന്ന ജനത ബൽറാമിന്റെ ജൽപ്പനങ്ങൾ പൊറുക്കില്ല; കടകംപള്ളി

കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പാവങ്ങളുടെ പടത്തലവൻ ആരാധ്യനായ എകെജിയെ അവഹേളിച്ച വിടി ബൽറാം എംഎൽഎ മാപ്പ് പറയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ധീരമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ എകെജിയെ രാഷ്ട്രീയ ഭേദമില്ലാതെ ആദരിക്കുന്നതേ ഇന്നുവരെ കണ്ടിട്ടുള്ളൂയെന്നും മന്ത്രി പറയുന്നു.

കുറച്ചു നാൾ മുമ്പ് ഇടുക്കിയില്‍ പോയപ്പോള്‍ പഴയ തലമുറയിൽപെട്ടവർ അമരാവതി സമരത്തെ കുറിച്ച് പറഞ്ഞത് ഒാര്‍ത്തുപോവുകയാണെന്നും മന്ത്രി പറയുന്നു. അവരിൽ ചിലർ കോൺഗ്രസുകാരായിരുന്നുവെന്നും ബൽറാം ഈ സാധാരണക്കാരെ കൂടിയാണ് വേദനിപ്പിച്ചതെന്നും കടകംപള്ളി പറഞ്ഞു. ഇടുക്കിയിലെ കുടിയേറ്റ ജനതയെ ആട്ടിപ്പായിച്ച ഭരണകൂടത്തിനെതിരെ ഐതിഹാസികമായ പോരാട്ടമാണ് എകെജി നടത്തിയത്. അമരാവതി എന്ന പ്രദേശത്തിന്റെ പേര് അങ്ങനെ ഒരു ഉജ്ജ്വല സമരത്തിന്റെ ഓർമ്മപ്പെടുത്തലായി.

ഹൈറേഞ്ചിലെ അയ്യപ്പൻകോവിൽ എന്ന ഗ്രാമത്തിൽ പൊലീസിനെ ഉപയോഗിച്ച് നടത്തിയ കുടിയൊഴിപ്പിക്കൽ ഇന്നും ഇവിടുത്തെ പഴമക്കാർക്ക് വേദനയോടെയേ ഓർക്കാനാകൂ. അയ്യപ്പൻ കോവിലിലെ 8000 ഏക്കർ സ്ഥലത്തുനിന്ന് 1700 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്.കൃഷിയിടങ്ങൾക്ക് തീയിട്ട്, കർഷകരെ ക്രൂരമായി മർദ്ദിച്ച്, വീടുകൾ തകർത്ത് പോലീസ് ഭീഷണിയിൽ പലായനം ചെയ്യപ്പെടേണ്ടി വന്ന പാവപ്പെട്ട ജനങ്ങൾക്ക് പകരം നൽകിയത് അമരാവതിയിലെ തരിശു പ്രദേശം.

അമരാവതിയിൽ അവർ തുടങ്ങിയ സമരത്തെ കുറിച്ച് അറിഞ്ഞ് ഉത്തരേന്ത്യയിൽ നിന്നും മടങ്ങിയെത്തിയ എകെജി സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അയ്യപ്പൻകോവിൽ സന്ദർശിച്ച് കുമളിയിൽ നിന്നും സഖാവ് ഇ എം എസിനൊപ്പം പ്രക്ഷോഭജാഥ നയിച്ചു എ കെ ജി . കോരിച്ചൊരിയുന്ന മഴ കണക്കാക്കാതെ കുമളിയിൽ നിന്നും അമരാവതിയിലേക്ക് നടത്തിയ ആ ജാഥ കടന്നു പോയ വഴികളിലെല്ലാം ആവേശം ഉണർത്തി.

അമരാവതിയിലെ അഭയാർത്ഥി ക്യാമ്പിൽ എ കെ ജി അനുഷ്ഠിച്ച നിരാഹാര സമരം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ജീവൻ തന്നെ അപകടത്തിലായിട്ടും കർഷകർക്ക് നീതി കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ 12 ദിവസമാണ് എകെജി നിരാഹാരം കിടന്നത്. മന്ത്രി പറയുന്നു.

കേരള ചരിത്രത്തിൽ അങ്ങനെ അമരാവതി സമാനതകളില്ലാത്ത സമര പോരാട്ടത്തിന്റെ പര്യായമായി മാറിയതെങ്ങനെയെന്ന് അവർ പറഞ്ഞപ്പോൾ ആ കർഷകരുടെ കൈകൾ ദൃഢമാകുന്നുണ്ടായിരുന്നു . എകെജി എന്ന മൂന്ന് അക്ഷരം കേൾക്കുമ്പോൾ ആവേശം തോന്നുന്ന ജനത ബൽറാമിന്റെ ജൽപ്പനങ്ങൾ പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top