രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളില്‍ വളപട്ടണവും, ആദ്യ പത്തില്‍ സ്ഥാനം


കണ്ണൂര്‍: രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ദില്ലിയിലാണ് മികച്ച പൊലീസ് സ്റ്റേഷനുകൾ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നും പട്ടികയിൽ ഉൾപ്പെട്ട ഏക സ്റ്റേഷനും വളപട്ടണമാണ്. ഒന്‍പതാം സ്ഥാനമാണ് വളപട്ടണത്തിന് ലഭിച്ചത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനും അവസാന റൗണ്ട് വരെ പരിഗണനയിൽ ഉണ്ടായിരുന്നു.

ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും രണ്ട് വീതം സ്റ്റേഷനുകൾ പട്ടികയിലുണ്ട്. കേസുകളുടെ എണ്ണം, അന്വേഷണം, കാര്യക്ഷമത, ശുചിത്വം, പൊതു ജനങ്ങളുമായുള്ള ബന്ധം എന്നിങ്ങനെ 30 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു.

മണൽ കടത്തിനെതിരായ നടപടികളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമതയും മികച്ചതാണെന്ന് കേന്ദ്രം വിലയിരുത്തി. വിശേഷ ദിവസങ്ങളിൽ നിർധനരെയും അനാഥരെയും സഹായിക്കാൻ എസ് ഐ ശ്രീജിത് കൊടേരിയും പൊലീസുകാരും നടത്തിയ പ്രവർത്തനങ്ങളും അംഗീകരിക്കപ്പെട്ടു. 1905 ൽ സ്ഥാപിക്കപ്പെട്ട വളപട്ടണം സ്‌റ്റേഷനിലെ 38-ാമത്തെ സിഐ ആയി എ കൃഷ്ണനും 144-ാമത്തെ എസ് ഐ ആയി ശ്രീജിത് കൊടേരിയുമാണ് ചുമതലയിൽ ഉള്ളത്.

സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ് വളപട്ടണം സ്റ്റേഷൻ കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ക്രമസമാധാനപാലനത്തിൽ പിറകിലാണ് കണ്ണൂർ എന്ന ആക്ഷേപത്തിനിടെയാണ് ജില്ലയിൽ നിന്ന് തന്നെ ഒരു പൊലീസ് സ്റ്റേഷൻ നേട്ടത്തിന് അർഹമായതെന്നതും ശ്രദ്ധേയമാണ്.

രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്‌റ്റേഷനുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കണ്ണൂര്‍ വളപട്ടണം സ്‌റ്റേഷനിലെ പൊലീസുകാരും ജനങ്ങളും. കേരളത്തില്‍ നിന്നും പട്ടികയിലുള്ള ഏക സ്‌റ്റേഷനും വളപട്ടണമാണ്. അംഗീകാരം വലിയ പ്രചോദനവും ഉത്തരവാദിത്തവുമാണ് നല്‍കുന്നതെന്ന് എസ്ഐ ശ്രീജിത് കോടിയേരി പറഞ്ഞു.

DONT MISS
Top