സാമ്പത്തിക വളര്‍ച്ച താഴോട്ട്, ഭിന്നിപ്പിച്ച് ജയിക്കുന്നവരുടെ നേട്ടമെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: സാമ്പത്തിക വളര്‍ച്ച താഴേക്കു പോകുന്നതില്‍ നരേന്ദ്ര മോദിയെയും അരുണ്‍ ജെയ്റ്റ്‌ലിയെയും പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2017-18 വര്‍ഷത്തെ ജിഡിപി നിരക്ക് നാലു വര്‍ഷത്തെ കുറഞ്ഞ നിരക്കായ 6.5 ആയി കുറയുമെന്ന്‍ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രവചിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ 7.1 എന്ന നിരക്കില്‍ നിന്നുള്ള ഇടിവാണ് രാഹുലിന്റെ വിമര്‍ശനം വിളിച്ചു വരുത്തിയത്. മോദിയുടെ ‘ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്സും’ ജെയ്റ്റ്ലിയുടെ ബുദ്ധിയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് വളര്‍ച്ചയിലെ കീഴോട്ടിറക്കത്തിന്‍റെ കാരണം. വിദേശ നിക്ഷേപം 13 വര്‍ഷത്തെയും ബാങ്ക് വായ്പയിലെ വളര്‍ച്ച 63 വര്‍ഷത്തെയും ഇടിവാണ് കാണിക്കുന്നതെന്ന്‍ രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു.

ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വിഭാഗീയ സ്വഭാവം ചര്‍ച്ചയാക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പാകിസ്താനുമായി ഗൂഢാലോചന നടത്തുന്നയാളായി ചിത്രീകരിക്കുകയും അഹമ്മദ്‌ പട്ടേല്‍ എന്ന മുസ്‌ലിം മുഖ്യമന്ത്രി വരാന്‍ പോകുന്നു എന്ന പ്രചാരണവുമാണ് ഗുജറാത്തില്‍ ബിജെപിയെ നേരിയ ഭൂരിപക്ഷത്തിനു ഭരണത്തില്‍ എത്തിച്ചത് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതാണ് ഗ്രോസ്  ഡിവൈസീവ് പൊളിറ്റിക്സ് എന്ന പരാമര്‍ശം ഉന്നയിച്ച് മോദിയെ വിമര്‍ശിക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചത്.

ഉത്പാദന മേഖലയിലുള്ള ഇടിവാണ് വളര്‍ച്ചയെ പ്രധാനമായും ബാധിച്ചത്. ജിഎസ്ടി നടപ്പാക്കിയപ്പോഴുണ്ടായ പ്രശ്നങ്ങളാണ് ഉത്പാദന മേഖലയെ ബാധിച്ചതെന്ന്‍ കരുതുന്നു. 6.5 ശതമാനം വളര്‍ച്ചയാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. അവസാന രണ്ട്പാദങ്ങളിലും ഏഴ് ശതമാനം വളര്‍ച്ച ഉറപ്പ് വരുത്താനായെങ്കില്‍ മാത്രമേ 6.5 ശതമാനത്തില്‍ വര്‍ഷാന്ത്യം എത്തിക്കാന്‍ കഴിയൂ എന്ന്‍ സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top