ബിഹാറില്‍ യുവാവിനെ തട്ടികൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

പട്‌ന: നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി താലിക്കെട്ടുക എന്നത് അപൂര്‍വ്വ സംഭവമായിരിക്കും. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവം അരങ്ങേറിയിരിക്കുന്നത് ബിഹാറിലാണെന്ന് മാത്രം. 29കാരനായ എഞ്ചിനീയറെയാണ് തട്ടികൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി പെണ്‍കുട്ടിയുമായി വിവാഹം നടത്തിച്ചത്.

പട്‌നയിലെ പാണ്ഡരാക് പ്രദേശത്താണ് വിവാഹം നടന്നത്. വിവാഹചടങ്ങുകള്‍ നടക്കുമ്പോള്‍ സഹായം ചോദിച്ചുകൊണ്ട് കരയുന്ന യുവാവിനെ വീഡിയോയില്‍ കാണാം. നിങ്ങളെ ആശിര്‍വദിക്കുകയല്ലേ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് വധുവിന്റെ ബന്ധുക്കള്‍ യുവാവിനോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ബൊക്കാറോ സ്റ്റില്‍ പ്ലാന്റിലെ ജൂനിയര്‍ മാനേജറായ വിനോദ് കുമാറിനെയാണ് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വിവാഹത്തിന് സമ്മതിക്കാത്ത യുവാവിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിക്കുന്നതായാണ് വീഡിയോയില്‍.

ഹാട്ടിയ പട്‌ന ട്രെയിനില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ഡിസംബര്‍ മൂന്നിന് പട്‌നയിലേക്ക് പുറപ്പെട്ടതാണ് വിനോദ്. അവിടെ വെച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ സുരേന്ദ്ര യാദവ് യുവാവിനെ കൂട്ടികൊണ്ടുപോയി ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിച്ചുവെന്നാണ് സഹോദരന്‍ സംഭവത്തെ പറ്റി പ്രതികരിച്ചത്. അതേസമയം വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

DONT MISS
Top