‘പേരു മാറ്റിയതില്‍ കാര്യമില്ല’; പത്മാവതി നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണിസേന വീണ്ടും രംഗത്ത്

ദില്ലി: വിവാദമായ സജ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവതി നിരോധിക്കണം എന്ന ആവശ്യവുമായി കര്‍ണിസേന വീണ്ടും രംഗത്ത്. സെന്‍സര്‍ ബോഡിന്റെ നിര്‍ദേശ പ്രകാരം പത്മാവതി എന്ന പേര് മാറ്റി പത്മാവത് എന്നാക്കി ചിത്രം പ്രദര്‍ശന അനുമതി നേടിയ സാഹചര്യത്തിലാണ് വീണ്ടും രജപുത് കര്‍ണിസേന ചിത്രം നിരോധിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

പേരുമാറ്റിയതുകൊണ്ടോ ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്തതുകൊണ്ടോ കാര്യമില്ല. സിനിമക്ക് പ്രദര്‍ശന അനുമതി നല്‍കരുതെന്നും സിനിമ നിരോധിക്കണം എന്നുമുള്ള ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ണിസേന. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും ബാധ്യസ്ഥരാണെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കി.

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായ പ്രസൂണ്‍ ജോഷി കര്‍ണിസേനയുടെയും ഇസ്‌ലാം സമുദായത്തിന്റെയും വികാരങ്ങളെ വ്രണപ്പെടുത്ത കാര്യങ്ങളെ അവഗണിച്ചാണ് പത്മാവതിക്ക് പ്രദര്‍ശന അനുമതി നല്‍കിയതെന്നും കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനായ സജ്ജയ് ലീലാ ബെന്‍സാലി ആദ്യം ചരിത്രത്തെ ആസ്പദമാക്കിയാണ് പത്മാവതി എന്നാണ് പറഞ്ഞത്. പിന്നീട് സിനിമ ഫിക്ഷന്‍ ആണെന്നും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സിനിമയെക്കുറിച്ച് വ്യക്തത നല്‍കാന്‍ ബെന്‍സാലിക്ക് സാധിക്കുന്നില്ലെന്നും കല്‍വി ആരോപിച്ചു.

ഡിസംബര്‍ 30 നാണ് ഉപാധികളോടെ പത്മാവതിക്ക് സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചിത്രത്തിന്റെ പേര് പത്മാത് എന്നാക്കണമെന്നും വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും നിര്‍ദേശം നല്‍കി. ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്ന് അണിയറ പ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

നേരത്തെ ഡിസംബര്‍ ഒന്നിന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ റിലീസിംഗ് മാറ്റിവെക്കുകയായിരുന്നു. രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക  ചിത്രത്തില്‍ പദ്മാവതിയായും രണ്‍വീര്‍ ചിത്രത്തില്‍ അലാവുദിന്‍ ഖില്‍ജിയായുംഎത്തുന്നു. ചലച്ചിത്രത്തില്‍, പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും വ്യക്തമാക്കി രജപുത് കര്‍ണി സേന എന്ന സംഘടനയാണ് പ്രധാനമായും പ്രതിഷേധവുമായെത്തിയത്. ചിത്തോദ്ഗഢ് കൊട്ടാരം ആക്രമിച്ച അലാവുദിന്‍ ഖില്‍ജിക്ക് കീഴില്‍ മുട്ടുമടക്കാതെ ജീവത്യാഗം നടത്തിയ പോരാളിയാണ് രാജ്ഞിയെന്ന് കര്‍ണി സേന പറയുന്നു.

പത്മാവതിയുടെ ചിത്രീകരണസമയത്തുതന്നെ രജപുത് കര്‍ണി സേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാജസ്ഥാനിലെ ചിത്രീകരണ സ്ഥലത്തുവരെ ആക്രമണങ്ങള്‍ നടന്നു. പ്രതിഷേധങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പിന്‍മാറുന്നില്ലെന്ന് കണ്ടതോടെ സംവിധായകനും നടിക്കും എതിരെ വധഭീഷണി ഉയര്‍ന്നു. ദീപികയുടെയും ബെന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് പത്തുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി ബിജെപി നേതാവ് സൂരജ് പാല്‍ അമു രംഗത്തെത്തി. സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചിത്രം തെരഞ്ഞെടുത്ത ചില ടിവി ചാനലുകള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചതും വിവാദം സൃഷ്ടിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top