വിവാഹേതര ബന്ധം: സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്ന ഐപിസി 497-ാം വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു

സുപ്രിംകോടതി

ദില്ലി: ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പ് പ്രകാരം മറ്റൊരാളുടെ ഭാര്യയും ആയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷന് അഞ്ച് വര്‍ഷം വരെ തടവും ശിക്ഷയും ലാഭിക്കാം. എന്നാല്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീക്ക് ഇര എന്ന പരിഗണന നല്‍കി ശിക്ഷ നല്‍കാന്‍ ആകില്ല. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കണം എന്ന ഹര്‍ജി ആണ് സുപ്രീം കോടതി അഞ്ച് അംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.

ഒരേ കുറ്റമാണ് പുരുഷനും സ്ത്രീയും ഏര്‍പ്പെടുന്നത് എങ്കിലും, ഒരാളെ ശിക്ഷിക്കുകയും മറ്റൊരാളെ വെറുതെ വിടുകയും ആണ് ചെയ്യുന്നത് എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് നിരീക്ഷിച്ചു. സാമൂഹികമായ അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആകാം ഇങ്ങനെ ഒരു നിയമം എന്നും കോടതി ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ നിയമങ്ങള്‍ ലിംഗ സമത്വത്തില്‍ ഊന്നിയാകണം. എന്നാല്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പില്‍ ലിംഗ സമത്ത്വം ഇല്ല. അതിനാല്‍ തന്നെ ഐപിസി 497 കലഹരണപെട്ടതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

1954 ല്‍ യൂസഫ് അബ്ദുല്‍ അസീസും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ ഉള്ള കേസില്‍ നാലംഗ ബെഞ്ച് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പ് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് ആണ് 497 ആം വകുപ്പിന്റെ ഭരണഘടന സാധുത പരിശോധിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എല്ലാ മേഖലകളിലും സ്ത്രീയും പുരുഷനും തുല്യര്‍ ആണെന്ന യാഥാര്‍ഥ്യം ഉള്‍കൊണ്ട് വേണം ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പ് ഭരണഘടനയുടെ 15 ആം അനുച്ഛേദത്തിന്റെ ലംഘനം ആണോ എന്ന കാര്യം പരിശോധിക്കേണ്ടത് എന്നും കോടതി നിരീക്ഷിച്ചു.

മലയാളി ആയ ജോസഫ് ഷൈന്‍ ആണ് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പിന്റെ ഭരണഘടന സാധുത പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ജോസഫ് ഷൈന്റെ ഹര്‍ജി പരിഗണിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top