മാറ്റത്തിന് അനുസരിച്ച് നിയമനിര്‍മ്മാണങ്ങള്‍ നടത്തണം; മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസര്‍ഗോഡ്:  സമൂഹത്തിന്റെ മുന്നേറ്റത്തിന് ഉതകുന്നവിധം മാറ്റത്തിന് അനുസരിച്ച് കാലകാലങ്ങളില്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ നിയമനിര്‍മ്മാണ സഭകള്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ക്ക് സമാപനം കുറിച്ച് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മാതൃക നിയമസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജനാഭിലാഷങ്ങളും വികാരങ്ങളും ജനപ്രതിനിധികളിലൂടെ പ്രകടമാകുന്നത് നിയമസഭകളിലാണ്. ജനങ്ങള്‍ക്ക് വേണ്ടി അവരുടെ പ്രതിനിധികള്‍ നിയമസഭയില്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഭരണത്തലവന്‍ ഉത്തരം പറയേണ്ടി വരും. ജനാധിപത്യക്രമത്തിലൂടെയാണ് ഇതൊക്കെ സാധ്യമാകുന്നത്. കാലനുസൃതമായ മാറ്റം വരുത്തി ഭരണഘടന, പാര്‍ലമെന്ററി ജനാധിപത്യം, നിയമനിര്‍മ്മാണ സഭകള്‍ എന്നിവയെ നിലനിര്‍ത്താന്‍ വരും തലമുറയ്ക്ക് കഴിയണം. അതിനായി പുതുതലമുറ ജനാധിപത്യപ്രക്രിയകള്‍ സൂക്ഷ്മായി നിരീക്ഷിക്കണം. രാഷ്്ട്രീയപ്രവര്‍ത്തനം എന്താണെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മഫിലിപ്പ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ, സ്‌കൂള്‍ മാനേജര്‍ വേണുഗോപാലന്‍ നമ്പ്യാര്‍, എച്ച്.ആര്‍ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ സ്വാഗതവും നിയമസഭ സെക്രട്ടറിയേറ്റ്് ഡെപ്യൂട്ടി സെക്രട്ടറി എസ്.അനില്‍ നന്ദിയും പറഞ്ഞു.

DONT MISS
Top