മമ്മൂട്ടിയോട് ബഹുമാനം മാത്രം, വ്യക്തിപരമായി ആക്രമിച്ചിട്ടില്ല; നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പാര്‍വതി

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടി പാര്‍വതി രംഗത്ത്. കസബ വിവാദവുമായി ബന്ധപ്പെട്ട്  ടെെംസ് ഒാഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.  പാര്‍വതിയ്ക്ക് നേരെയുള്ള ആക്രമണം താരത്തിന്റെ പുതിയ ചിത്രം മൈ സ്റ്റോറിയ്ക്ക് നേരെയും തുടരുകയാണ്. പാര്‍വതിയും പൃഥ്വിയും ഒരുമിച്ചെത്തുന്ന ചിത്രത്തിലെ ഗാനം യൂട്യൂബില്‍ ഡിസ്‌ലൈക്ക് ചെയ്താണ് ആരാധകര്‍ പ്രതിഷേധം അറിയിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ആക്രമണം തുടരുമ്പോഴും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് പാര്‍വതി അഭിമുഖത്തില്‍ പറയുന്നു. സമൂഹത്തിന് മനസ്സിലാകുന്നത് വരെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പാര്‍വതി പറയുന്നു.

മമ്മൂട്ടിയുടെ സിനിമയെ വിമര്‍ശിച്ചപ്പോഴും എനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രമേയുള്ളൂ. ഒരിക്കലും വ്യക്തിപരമായി താന്‍ അദ്ദേഹത്തെ വിമര്‍ശിച്ചിട്ടില്ല. അത് അദ്ദേഹത്തിന് മനസിലാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ആരാധകരോട് എന്ത് പറയണം, എങ്ങനെ ആശയവിനിമയം നടത്തണമെന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. തന്റെ ശ്രദ്ധ മുഴുവന്‍ ഓപ്പണ്‍ ഫോറത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ മാത്രമാണെന്നും പാര്‍വതി പറയുന്നു.

സെെബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള നിയമങ്ങള്‍ പോലും ഇവിടെ അപര്യാപ്തമാണെന്നും പാര്‍വതി പറയുന്നു. ട്രോളുകള്‍ പോലും ഇവിടെ തമാശരൂപത്തിലാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ അത് ഒരു സ്ത്രീയെയോ ഭിന്നലിംഗവിഭാഗത്തിനെയോ പരിഹസിക്കുകയാണെങ്കില്‍ അത് അപമാനിക്കല്‍ തന്നെയാണ്. അത്തരം ആക്രമണങ്ങള്‍ക്കെതിരെ ആദ്യം പ്രതികരിച്ചില്ലെങ്കില്‍ പിന്നീടത് ശാരീരികമായ ഉപദ്രവങ്ങളിലേക്ക് കടക്കും. അതിനൊരു താക്കീതായിരുന്നു തനിയ്‌ക്കെതിരെ മോശമായി പ്രതികരിച്ച ആരാധകന്റെ അറസ്റ്റെന്നും പാര്‍വതി പറയുന്നു.

റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, ദീദി ദാമോദരന്‍ തുടങ്ങിയ നിരവധി പേര്‍ ചുറ്റും നടക്കുന്ന ചൂഷണങ്ങളെ പറ്റി തുറന്ന് പറയുന്നുണ്ട്. തന്റെ സിനിമകള്‍ക്ക് അംഗീകാരം ലഭിച്ച് തുടങ്ങിയതും പുരസ്‌കാരങ്ങള്‍ ലഭിച്ച് തുടങ്ങിയതും അടുത്ത കാലത്തായിട്ടായിരുന്നു. ഇവയില്ലായിരുന്നെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ താന്‍ അഭിപ്രായം തുറന്നു പറയുമായിരുന്നുവെന്നും പാര്‍വതി പറഞ്ഞു.

കസബയെ കുറിച്ചുള്ള പരമാര്‍ശം മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നില്ല. അത്തരം സിനിമകളെ സംബന്ധിച്ച് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉദാഹരണം പോലെ ചൂണ്ടിക്കാട്ടിയതാണ് കസബ. ഐഎഫ്എഫ്‌കെ അല്ലെങ്കില്‍ മറ്റൊരു വേദിയില്‍ താനത് തുറന്ന് പറയുമായിരുന്നുവെന്നും പാര്‍വതി പറഞ്ഞു. താന്‍ തൊഴില്‍ ചെയ്യുന്ന സ്ഥലത്ത് മാറ്റങ്ങള്‍ വേണമെങ്കില്‍ തുറന്ന് പറഞ്ഞേ മതിയാകൂ. അതിനുള്ള അവകാശം തനിയ്ക്കുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും പാര്‍വതി കൂട്ടിചേര്‍ത്തു.

സ്ത്രീവിരുദ്ധത മഹത്വവത്കരിക്കുന്ന സിനിമകളുടെ ഭാഗമാകില്ലെന്ന് പൃഥ്വിരാജ് പറഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. ആരാധകരും മറ്റും ധാരാളമുള്ള ഒരു പാട് താരങ്ങള്‍ നമുക്കിടയിലുണ്ട്. അവരും അവരുടെ ഉത്തരവാദിത്വം മനസിലാക്കണം. പാര്‍വതി വ്യക്തമാക്കി.

മമ്മൂട്ടി ചിത്രമായ കസബയെ ഐഎഫ്എഫ്‌കെയിലെ ഓപ്പണ്‍ ഫോറത്തില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപങ്ങള്‍ തുടങ്ങിയത്. കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. ഇതിനെതിരെ മമ്മൂട്ടി ആരാധകര്‍ സൈബര്‍ ആക്രമണവുമായി രംഗത്തെത്തുകയായിരുന്നു. തീര്‍ത്തും അധിക്ഷേപകരമായ രീതിയിലേക്ക് ആക്രമണം കടന്നതോടെ പാര്‍വതി പരാതി നല്‍കുകയായിരുന്നു.

പാര്‍വതിയ്ക്കെതിരെയുണ്ടായ  സെെബര്‍ ആക്രമണങ്ങളെ തള്ളികൊണ്ട് നടന്‍ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. തനിക്കുവേണ്ടി സംസാരിക്കുവാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും പാര്‍വതിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെതന്നെയാണ് അഭിപ്രായ സ്വാതന്ത്ര്യവും. കസബ വിമര്‍ശനം ഉണ്ടായപ്പോള്‍ത്തന്നെ പാര്‍വതി ബന്ധപ്പെട്ടിരുന്നതായും സംഗതി വിവാദത്തിലേക്ക് പോകുമെന്ന് മനസിലായെന്നുമായിരുന്നു മമ്മൂട്ടി വിഷയത്തില്‍ പ്രതികരിച്ചത്.

DONT MISS
Top