ഉണര്‍ന്നു..! ഡേവിഡ് ജെയിംസും കെസിറോണും, ആത്മവിശ്വാസത്തോടെ ബ്ലാസ്‌റ്റേഴ്‌സും

കേരള ബ്ലാസ്‌റ്റേഴ്‌സ്-പൂനെ മത്സരത്തില്‍ നിന്ന്

കൊച്ചി: ഒരു ടീമെന്ന നിലയില്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഉണര്‍ന്നുവരുന്ന ആവേശകരമായ കാഴ്ച്ചയ്ക്കാണ് ആരാധകര്‍ കൊച്ചിയില്‍ സാക്ഷിയായത്. സീസണിലെ മികച്ച ടീമുകളില്‍ ഒന്നായ പൂനെ എഫ്‌സിയെ സമനിലയില്‍ തളച്ചു കൊണ്ടായിരുന്നു അത്. ആദ്യപകുതിയില്‍ കഴിഞ്ഞ മത്സരങ്ങളിലെ ഒരു അനുബന്ധം മാത്രമായിത്തോന്നിച്ച ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ അത്ഭുതകരമായാണ് മാറിയത്. പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ സാന്നിധ്യവും ഉഗാണ്ടന്‍ താരം കിസിറ്റോ കെസിറോയുടെ വരവുമാണ് പ്രധാന കാരണങ്ങള്‍ എന്നു പറഞ്ഞാല്‍ തെറ്റില്ല.

സദാ കളിക്കാര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ കരുത്തും പരിമിതിയും തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയും ചെയ്യുന്നൊരു പരിശീലകനാണ് ഡേവിഡ് ജെയിംസ്. മ്യുലന്‍സ്റ്റീന് നേരെ എതിര്‍ ദിശയിലാണ് ഇക്കാര്യത്തില്‍ ഡേവിഡ് ജെയിംസ്. ലോക ഫുട്‌ബോളില്‍ മേല്‍വിലാസമുള്ള ജെയിംസ് എത്രയോ സമ്മര്‍ദ്ദമേറിയ മത്സരങ്ങള്‍ ഇംഗ്ലീഷ് ലീഗിലും ലോകകപ്പിലും കളിച്ചിട്ടുള്ള കളിക്കാരനാണ്. അതിന്റെ ആത്മവിശ്വാസവും പരിചയവും ചെറിയ കാര്യമല്ല. ഈ പശ്ചാത്തലമാണ് ജെയിംസിന്റെ കരുത്ത്. അതിനാല്‍ എന്തും സഹിഷ്ണുതയോടെ കാണാനും അവസരോചിതമായി കൈകാര്യം ചെയ്യാനുമാകും. അത് കളിക്കാരില്‍ നിറയ്ക്കുന്ന ഊര്‍ജ്ജം അപാരവുമായിരിക്കും.

ഡേവിഡ് ജെയിംസ്

ഒന്നാം പകുതിയില്‍ വെറും നിരീക്ഷകന്‍ മാത്രമായിരുന്നു ജെയിംസ്. കളിയില്‍ അദ്ദേഹം നേരിട്ട് ഇടപെട്ടതുമില്ല. എന്നാല്‍ രണ്ടാം പകുതിയായപ്പോഴേക്കും എവിടെയാണ് ടീമിന്റെ കുഴപ്പമെന്ന് തിരിച്ചറിഞ്ഞു. അതിന്റെ ഫലമായിരുന്നു ചെറിയ ചില മാറ്റങ്ങള്‍. പരിചയമില്ലാത്ത പൊസിഷനില്‍ അലഞ്ഞു നടക്കുകയായിരുന്ന ബെര്‍ബെറ്റോവിനെ മാറ്റി ഉഗാണ്ടന്‍ താരവും ബ്ലാസ്‌റ്റേഴ്‌സിലെ നവാഗതനുമായ കിസിറ്റോ കെസിറോണിനെ കൊണ്ടു വന്നു. അതോടെ ടീമിന്റെ മധ്യനിര ഉണര്‍ന്നു തുടങ്ങി. ആദ്യമത്സരത്തിന്റെ ചാഞ്ചല്യമുണ്ടായിരുന്നെങ്കിലും കിസിറ്റോ മിനിറ്റുകള്‍ക്കുള്ളില്‍ ടീമിനോട് ഇണങ്ങിച്ചേര്‍ന്നു. അതിന്റെ ഫലമാണ് രണ്ടാം പകുതിയിലെ ഉണര്‍വിന്റെ കാരണം. കിസിറ്റോയുടെ വരവ് പെക്കൂസനും ആത്മവിശ്വാസമുണ്ടാക്കിയിരിക്കണം. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങാതെ പോയ പെക്കൂസന്‍ ആദ്യമായി ഫോമിലേക്കു വരികയും ചെയ്തു. അയാളുടെ നീക്കങ്ങള്‍ക്കെല്ലാം ലക്ഷ്യബോധവും ഉണ്ടായി. കിസിറ്റോയുടെ മനസുവായിക്കാനും കൂടിക്കഴിഞ്ഞതോടെ കാര്യങ്ങള്‍ ശരിയായ ദിശയിലേക്ക് നിങ്ങുകയും ചെയ്തു. കിസിറ്റോയുടെ വരവ് പെക്കൂസനെ കളത്തില്‍ കൂടുതല്‍ സ്വതന്ത്രനുമാക്കി.

ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോളിന് വഴിയൊരുക്കിയ ‘കട്ട്ബാക്ക്’ നല്‍കാന്‍ അയാള്‍ക്ക് ആത്മവിശ്വാസം നല്‍കിയതും അതാകാം. കഴിഞ്ഞ മത്സരങ്ങളിലും ഇത്തരം നല്ല സന്ദര്‍ഭങ്ങള്‍ പെര്‍ക്കൂസന് ലഭിച്ചിരുന്നു. അപ്പോഴെല്ലാം സീറോ ആംഗിളില്‍ നിന്ന് പോസ്റ്റിലേക്ക് ഷോട്ടെടുക്കുകയായിരുന്നു അയാള്‍. അതൊക്കെ പാഴാവുകയും ചെയ്തു. കിസിറ്റോയുടെ വരവ് മുന്നേറ്റനിരയിലെ സിഫ്‌നോസിനും ആത്മവിശ്വാസം പകര്‍ന്നിരിക്കണം. സാധാരണ ഇറങ്ങിക്കളിക്കുന്ന സിഫ്‌നോസിന് ആക്രമണത്തില്‍ കൂടുതല്‍ ഏകാഗ്രമാകാനും സാധിച്ചു.

കെസിറോണ്‍ മത്സരത്തിനിടെ

കിസിറ്റോയും തന്റെ ആദ്യമത്സരം അവിസ്മരണീയമാക്കി. വേഗവും ടൈമിംഗും ഡ്രിബിളിംഗും ഉടന്‍ പ്രതികരണങ്ങളും കൊണ്ട് താന്‍ പ്രതിഭയുള്ള കളിക്കാരനാണെന്നു തെളിയിച്ചു. ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയാം. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയെക്കുറിച്ചിനി ആരാധകര്‍ക്ക് കൂടുതല്‍ അങ്കലാപ്പ് ആവശ്യമില്ല. കിസിറ്റോയെപ്പോലൊരു കളിക്കാരനെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അവര്‍ ആഗ്രഹിച്ചവിധമുള്ളൊരു മധ്യനിരക്കാരനെതന്നെ ലഭിച്ചിരിക്കുന്നു. പുതിയ പരിശീലകനും പുതിയ മധ്യനിരക്കാരനും ചേര്‍ന്ന് വരും മത്സരങ്ങളില്‍ കേരളത്തെ ഉയര്‍ത്തിയെടുക്കുമെന്ന് തന്നെ വിശ്വസിക്കാം.

ഇരുപതുവയസുകാരനാണ് ഉഗാണ്ടന്‍ താരം കിസിറ്റോ കെസിറോണ്‍. പതിനേഴാം വയസില്‍ ഉഗാണ്ടന്‍ ടീമായ വിപ്പേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബില്‍ കളിയാരംഭിച്ച കെസിറോണ്‍ അവിടെ 19 മത്സരങ്ങള്‍ കളിച്ചു. തുടര്‍ന്ന് കെനിയന്‍ ക്ലബ്ബായ ലിയോ പാര്‍ഡസില്‍ ചേര്‍ന്നു. അവിടെ നിന്നാണ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ഇതിനിടയില്‍ ഉഗാണ്ടന്‍ ദേശീയ ടീമിനു വേണ്ടിയും ഒരു മത്സരം കളിച്ചു. ഉഗാണ്ടയിലെ മികച്ച മിഡ്ഫീല്‍ഡറായി ശ്രദ്ധനേടിയ ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്.

ഇനി പ്രാഥമിക റൗണ്ടില്‍ പത്ത് മത്സരങ്ങളാണ് അവശേഷിക്കുന്നത്. അടുത്ത മത്സരം ഡല്‍ഹിക്കെതിരെയാണ്. ഇക്കുറി ലീഗില്‍ തപ്പിത്തടയുന്ന ടീമാണ് ഡെല്‍ഹി. ഇതുവരെ കാര്യമായ വിജയങ്ങളൊന്നും അവര്‍ക്ക് അവകാശപ്പെടാനുമില്ല. അവരുടെ ദൗര്‍ബല്യങ്ങളെ മുതലാക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന് മൂന്നു പോയിന്റും കൂടെ ചേര്‍ത്ത് ടേബിളില്‍ മാന്യമായൊരു സ്ഥാനത്തേക്ക് കടക്കാന്‍ കഴിയും. ആരാധകര്‍ കാത്തിരിക്കുന്നതും അതാണ്. പൂനെയ്‌ക്കെതിരെയുള്ള മത്സരത്തിലെ സ്ഥിതിവിവരക്കണക്കുകളും കേരളത്തിന് അനുകൂലമാണ് 56 ശതമാനം നേരം പന്തുകൈവശം വയ്ക്കാനായി. ഷോട്ടുകളുടെ എണ്ണത്തില്‍ പൂനെയുമായി തുല്യത പാലിച്ചു, പാസുകളുടെ കൃത്യതയിലും മെച്ചമായിരുന്നു. ചുരുക്കത്തില്‍ കഴിഞ്ഞ മത്സരങ്ങളില്‍ കണ്ട കേരളമായിരുന്നില്ല പൂനെക്കെതിരെ രണ്ടാം പകുതിയില്‍ കണ്ടെതെന്ന് തീര്‍ച്ച. ഇത് ടീമിന്റെ ഉന്മേഷത്തെ വര്‍ധിപ്പിക്കും. ഒന്നും നഷ്ടമായിട്ടില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഇതിനേക്കാള്‍ മോശപ്പെട്ടൊരു ടീമിനെയാണ് ആദ്യ സീസണില്‍ ഡേവിഡ് ജെയിംസ് ഫൈനലില്‍ കൊണ്ടു വന്നത്. അതാവര്‍ത്തിക്കാന്‍ ഇക്കുറിയും അവര്‍ക്കാകുമെന്നതിന്റെ മികച്ച സൂചനകളായിരുന്നു പൂനെയ്‌ക്കെതിരെയുള്ള മത്സരം.

DONT MISS
Top