ശബരിമലയില്‍ മകരവിളക്ക് സമയത്ത് സന്നിധാനത്തും പമ്പയിലും കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തും

ഫയല്‍ ചിത്രം

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് സമയത്ത് സന്നിധാനത്തും പമ്പയിലും കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തും. 3000 പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും. 1800 പേര്‍ സന്നിധാനത്ത് മാത്രമുണ്ടാവും. മകരവിളക്കിന് കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തുന്നത്. ആകെ മൂവായിരം പൊലീസുകാര്‍ ഡ്യൂട്ടിയുണ്ടാവും.

1800 പേരെ സന്നിധാനത്ത് മാത്രമായി വിന്യസിക്കും. ബാക്കിയുള്ളവരെ പമ്പയിലും പരിസരപ്രദേശത്തുമായി നിയോഗിക്കും. സുരക്ഷയുടെ ഭാഗമായി മകരവിളക്ക് സമയത്ത് ഭക്തര്‍ ക്യാമ്പ് ചെയ്യുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് വൈദ്യുതി എത്തിക്കുന്നതിനും ബാരിക്കേഡുകള്‍ നിര്‍മിക്കുന്നതിനുമുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാ സജ്ജീകരണങ്ങള്‍ ജനുവരി പത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫിസര്‍ ദേബേഷ് കുമാര്‍ ബഹ്‌റ പറഞ്ഞു.

പുല്‍മേട്ടിലും പരിസരത്തും സുരക്ഷാക്രമീകരണത്തിന് പ്രത്യേക പൊലീസ് മേധാവിയെ നിയമിക്കും. പതിനെട്ടാംപടിയ്ക്ക് സമീപം ഭക്തരെ വേഗത്തില്‍ കയറ്റിവിടുന്നതിന് ഊര്‍ജ്ജസ്വലരായ പൊലീസ് ട്രെയിനികളെയാണ് നിയമിച്ചിരിക്കുന്നത്. മിനിറ്റില്‍ 60 ഓളംപേരെ നിലവില്‍ കയറ്റിവിടുന്നുണ്ട്.

മകരവിളക്കിനോട് അനുബന്ധിച്ച് ഇത് മിനിറ്റില്‍ 90 പേരെയാക്കി വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭക്തന്‍മാരെ ക്യൂവില്‍ പ്രത്യേക സെഗ്മെന്റുകളായി തിരിച്ച് സാവകാശം നല്‍കിയാണ് കടത്തിവിടുന്നത്. ശരംകുത്തി മുതല്‍ മരക്കൂട്ടംവരെയുള്ള ഭാഗങ്ങളില്‍ ഭക്തര്‍ക്ക് വെള്ളവും ബിസ്‌ക്കറ്റും നല്‍കുന്നതിന് കൂടുതല്‍ സന്നദ്ധസേവകരെ നിയോഗിക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ടന്നും സെപ്ഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

DONT MISS
Top