ഇഎംഎസ് സ്മൃതി ; ചരിത്രചിത്രപ്രദര്‍ശനം

കാസര്‍ഗോഡ്:  സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അത്യപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഇഎംഎസ് സ്മൃതി ചരിത്രചിത്രപ്രദര്‍ശനം കാണികള്‍ക്ക് കൗതുകക്കാഴ്ചകളാകുന്നു. നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല പരിപാടികളോട് അനുബന്ധിച്ച് നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചിരിക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ ഇഎംഎസും ഭാര്യ ആര്യ അന്തര്‍ജനവും ഒരുമിച്ചുള്ള യൗവനകാലചിത്രം, ഇഎംഎസും എന്‍.ഇ ബല്‍റാം ഒരുമിച്ചുള്ള നര്‍മ്മ മുഹൂര്‍ത്തം, പി.കെ ചാത്തന്‍, ടി വി തോമസ്, ഇഎംഎസ് ഒരുമിച്ചുള്ള ചിത്രം, ആദ്യ മന്ത്രിസഭയിലെ വനിതാ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മയും ഒരുമിച്ചുള്ള ചിത്രം എന്നിങ്ങനെ വ്യത്യസ്തമായ ചിത്രങ്ങളാണ് സന്ദര്‍ശകരായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ആകര്‍ഷിക്കുന്നത്.

അതുപോലെതന്നെ 60 വര്‍ഷത്തെ നിയമസഭയുടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത നിയമസഭ ചരിത്രപ്രദര്‍ശനവും കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമാണ് പകര്‍ന്നു നല്‍കുന്നത്. ഇതുവരെയുള്ള മുഴുവന്‍ നിയമസഭകളിലേയും അംഗങ്ങളുടെ ചിത്രങ്ങള്‍, സംസ്ഥാന രൂപീകരണത്തിന് മുമ്പ് കേരളം ഭരിച്ചിരുന്ന പ്രധാനമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍, ഇഎംഎസ് നമ്പൂതിരിപ്പാട്, പട്ടം താണുപ്പിള്ള മുതല്‍ പിണറായി വിജയന്‍വരെയുള്ള മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍, ആദ്യ സ്പീക്കര്‍ ആര്‍.ശങ്കരനാരായണന്‍ മുതല്‍ ഇപ്പോഴത്തെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വരെയുള്ളാവരുടെ ചിത്രങ്ങള്‍, സംസ്്ഥാനത്തെ ഗവര്‍ണാറായിരുന്നവരുടെ ചിത്രങ്ങള്‍, പഴയ നിയമസഭയുടെ അപൂര്‍വ ചിത്രങ്ങള്‍, കേരളപ്പിറവിക്ക് മുമ്പുള്ള തെരഞ്ഞെടുപ്പുകള്‍ തുടങ്ങിയ അപൂര്‍വമായ കാഴ്ചകളും അറിവുകളുമാണ് നിയമസഭാ മ്യൂസിയം വിഭാഗം സംഘടിപ്പിച്ചിരിക്കുന്ന ഈ ചിത്രപ്രദര്‍ശനങ്ങള്‍ കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്. പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു.

നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, എംഎല്‍എമാരായ എം.രാജഗോപലന്‍, കെ.കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, മുന്‍നിയമസഭാംഗങ്ങളുടെ ഫോറം ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രെഫ. കെ.പി ജയരാജന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, ജില്ലാ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധിപേര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു.
ഹ്രസ്വചിത്രപ്രദര്‍ശനം ‘നമ്മുടെ നിയമസഭ’, ‘വജ്ര കേരളം’, മഞ്ചേശ്വരത്ത് ജനുവരി ഒന്നിന് സംഘടിപ്പിച്ച ചിത്രമേളയില്‍ രചിക്കപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവയും നടക്കുന്നുണ്ട്. പ്രദര്‍ശനം ഇന്ന് രാത്രി വൈകിട്ട് അഞ്ചുവരെയുംഉണ്ടായിരിക്കും.

DONT MISS
Top