നിലപാട് മയപ്പെടുത്തി ആരോഗ്യ മന്ത്രി; ‘മാലിന്യ പ്ലാന്റ് പലോട് തന്നെ വേണമെന്ന് നിര്‍ബന്ധമില്ല’

കെകെ ശൈലജ ടീച്ചര്‍

കോഴിക്കോട്: പലോട് മാലിന്യ പ്ലാന്റില്‍ നിലപാട് മയപ്പെടുത്തി ആരോഗ്യ മന്ത്രി കെകെ ശൈലജയും ഐഎംഎയും. മാലിന്യ പ്ലാന്റ് പാലോട് തന്നെ വേണമെന്നില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ മറ്റെവിടെയെങ്കിലും സ്ഥലം അനുവദിച്ചാല്‍ മതിയെന്നായിരുന്നു ഐഎംഎയുടെ നിലപാട്.

‘ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് മാത്രമേ ആരോഗ്യ വകുപ്പിന് നിര്‍ബന്ധമുള്ളൂ, എന്നാല്‍ എവിടെ സ്ഥാപിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ല,’ മന്ത്രി വ്യക്തമാക്കി. ആശങ്ക പരിഹരിച്ച ശേഷം മാത്രമേ പ്ലാന്റ് നിര്‍മ്മിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം പ്ലാന്റിന് സര്‍ക്കാര്‍ മറ്റൊരു സ്ഥലം കണ്ടെത്തിയാല്‍ അവിടെ നിര്‍മ്മിക്കാമെന്ന് ഐഎംഎ അറിയിച്ചു.

നേരത്തെ പ്ലാന്റിനെതിരെ റവന്യൂ-വനം വകുപ്പുകള്‍ രംഗത്തെത്തിയിരുന്നു. കണ്ടല്‍ക്കാടും നീരുറവയും ഉള്ള സ്ഥലത്ത് നിര്‍മ്മാണം പാടില്ലെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. ആറേക്കര്‍ എണ്‍പത് സെന്റ് ഭൂമിയാണ് പാലോട് പെരിങ്ങമലയില്‍ പ്ലാന്റിനായി ഐഎംഎ വാങ്ങിയത്. ഇതില്‍ ഒരേക്കര്‍ 80 സെന്റ് ഭൂമിയൊഴികെ അഞ്ചേക്കര്‍ ഭൂമി നിലമാണെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലമായി രേഖപ്പെടുത്തിയ പ്രദേശത്ത് യാതൊരു നിര്‍മ്മാണ പ്രവൃത്തിക്കും അനുമതിയില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ തീരുമാനം പരിസ്ഥിതി വകുപ്പിന്റേതായിരിക്കുമെന്ന് വനംമന്ത്രി കെ രാജുവും പ്രതികരിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങി ഏഴ് ജില്ലകളിലെ ആശുപത്രി മാലിന്യം സംസ്‌കരിക്കാനാണ് ഐഎംഎയുടെ നേതൃത്വത്തില്‍ പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. മാലിന്യസംസ്‌കരണത്തിന് മറ്റൊരിടമില്ലെന്നും, പ്ലാന്റിന് നേരത്തെ അനുമതി നല്‍കിയതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുമാണ് നേരത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചിരുന്നത്.

DONT MISS
Top