നായകനാകണമെന്ന് നിര്‍ബന്ധമില്ല; നല്ലവേഷം കിട്ടിയാല്‍ അഭിയിക്കുമെന്ന് ടോവിനോ

നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ടോവിനോ തോമസ്. പോയ വര്‍ഷം ടോവിനോ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരുപിടി നല്ല ചിത്രങ്ങളാണ്. മായാനദി മികച്ച പ്രതികരണങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ നായകനായിത്തന്നെ അഭിനയിക്കണമെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്നാണ് ടോവിനോയുടെ അഭിപ്രായം. നായകനായി അഭിനയിക്കുക എന്നതിലുപരി ആളുകള്‍ ഓര്‍ത്തുവെയ്ക്കുന്ന നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഇഷ്ടം. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ തന്റെ ഇഷ്ടങ്ങള്‍ തുറന്നു പറഞ്ഞത്.

ഗോദ, മെക്‌സിക്കന്‍ അപാരത, ഗപ്പി, മായാനദി എന്നീ ചിത്രങ്ങളെല്ലാം ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞവയാണ്. അതുപലെയുള്ള വേഷങ്ങള്‍ അവതരിപ്പിക്കാനാണ് താല്‍പര്യം.

ഇഷ്ടതാരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മലയാള സിനിമയില്‍ ഏറെ ഇഷ്ടമുള്ള നടന്‍ ഫഹദ് ഫാസിലും നടി നിത്യാ മേനോനുമാണെന്നായിരുന്നു ടോവിനോയുടെ മറുപടി. സിനിമ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമെന്താണെന്ന ചോദ്യത്തിന് ആസ്വദിക്കാന്‍ കഴിവില്ലാത്തവര്‍ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നതും വിവാദമുണ്ടാക്കുന്നതും തെറ്റായ രീതിയാണെന്ന് ടോവിനോ പ്രതികരിച്ചു. സ്വയം ബുദ്ധിജീവി ചമയാനും മറ്റുള്ളവരെ വ്യക്തിഹത്യ നടത്താനും വേണ്ടി സിനിമയെ താറടിച്ചുകാണിക്കുന്ന പ്രവണതയും ബുദ്ധിമുട്ടുണ്ടാക്കുന്നു.

സിനിമയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരോട് എപ്പോഴും സഹതാപമാണ് തോന്നുന്നതെന്ന് ടോവിനോ പറഞ്ഞു. സിനിമയെ വിമര്‍ശിക്കുന്നതില്‍ പ്രശ്‌നമില്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ കൊണ്ട് എന്തെങ്കിലും ഇല്ലാതാകുന്നുണ്ടോ? സിനിമ എപ്പോഴും വെറുപ്പിന് മുകളിലേയ്ക്ക് വളരുന്നതാണ് കണ്ടുവരുന്നതെന്നും ടോവിനോ പ്രതികരിച്ചു.

മികച്ച പ്രതികരണങ്ങളുമായി മുന്നേറുമ്പോഴും മായാനദിക്കെതിരെ വിമര്‍ശനങ്ങളും നിരവധിയാണ്. ആഷിക് അബു സംവിധാനം ചെയ്തു എന്ന കാരണത്താല്‍ ചിത്രം ബഹിഷ്‌കരിക്കുന്നവരും കുറവല്ല. അമല്‍നീരദ് ഹ്രസ്വചിത്രമായി സംവിദാന ചെയ്യാന്‍ ശ്രമിച്ച കഥ ആഷിക് അബു സിനിമയായി ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയും അങ്ങനെ സിനിമയാക്കുകയായിരുന്നുവെന്നും ടോവിനോ പറഞ്ഞു.

സിനിമയിലെ തന്റ് കഥാപാത്രങ്ങള്‍ക്ക് പരസ്പരം സാമ്യം തോന്നാതിരിക്കാന്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും സെലക്ടീവായാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാറുള്ളതെന്നും താരം പ്രതികരിച്ചു. അഭിനേതാവ് എന്ന നിലയില്‍ മമ്മൂക്കയും ലാലേട്ടനുമാണ് റോള്‍ മോഡലുകള്‍. പണത്തിനുവേണ്ടി മാത്രമായി ഒരിക്കലും സിനിമ ചെയ്യില്ലെന്നും ടോവിനോ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top