ബാലവേല ; കാസര്‍ഗോഡ് മിന്നല്‍ പരിശോധനയില്‍ നാലു കുട്ടികളെ മോചിപ്പിച്ചു

കാസര്‍ഗോഡ്:  ബാലവേല നിരോധനവും തെരുവുകുട്ടികളുടെ പുനരധിവാസത്തിനുമായി രൂപീകൃതമായ ജില്ലാതല ടാസ്‌ക്്‌ഫോഴ്‌സ് ബാലവേലയില്‍ ഏര്‍പ്പെട്ട നാലു കുട്ടികളെ മോചിപ്പിച്ചു. ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ കുട്ടികളെ പരവനടുക്കത്തെ ശിശുമന്ദിരത്തിലേക്ക് മാറ്റി . വനിതാശിശുസംരക്ഷണവകുപ്പ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മിന്നല്‍ പരിശോധന നടത്തിയത്.

ജില്ലാലേബര്‍ ഓഫീസര്‍ കുമാരന്‍ നായര്‍, അസിസ്റ്റന്റ്‌ലേബര്‍ഓഫീസര്‍ ജയകൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സ്‌പെഷ്യല്‍ ടാസ്‌ക്‌ഫോഴ്‌സുകള്‍ രൂപീകരിച്ചായിരുന്നു പരിശോധന. വിവിധ ഹോട്ടലുകള്‍, ഫാക്ടറികള്‍, വീടുകള്‍, റെയില്‍വെസ്‌റ്റേഷനുകള്‍, തീവണ്ടികള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ലേബര്‍ഓഫീസര്‍ കുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം തൃക്കരിപ്പൂരില്‍ ബാലവേലചെയ്തിരുന്ന 12, 13 വയസുകാരായ രണ്ടുപെണ്‍കുട്ടികളെ മോചിപ്പിച്ച് സി.ഡബ്ല്യു.സി ക്ക് മുമ്പാകെ ഹാജരാക്കി.

ടീമില്‍ ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷുഹൈബ്. കെ, ഡി.സി.പി.യു സോഷ്യല്‍വര്‍ക്കര്‍ ശോഭ.എം.എ, ശിശുക്ഷേമസമിതിഅംഗം പി.വി ജാനകി ചൈല്‍ഡ് ലൈന്‍ കൊളാബ്‌കോഓര്‍ഡിനേറ്റര്‍ അനീഷ്‌ജോസ് എന്നിവര്‍ പങ്കെടുത്തു. അസിസ്റ്റന്റ്‌ലേബര്‍ ഓഫീസര്‍ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ബദിയടുക്കയില്‍ ബാലവേലചെയ്തുവന്നിരുന്ന ആസാം സ്വദേശികളായ രണ്ട്കുട്ടികളെ മോചിപ്പിച്ച് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.

ഡി.സി.പി.യു ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ ശ്രീജിത്ത്.എ, കൗസിലര്‍ നീതു കുര്യാക്കോസ്, ശിശുക്ഷേമസമിതി സെക്രട്ടറി മധു മുതിയക്കാല്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തക രമ്യ എന്നിവര്‍ പങ്കെടുത്തു. പരിശോധനയ്ക്ക് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം,റെയില്‍വെ പോലീസ്, ആര്‍ പി എഫ് എന്നിവയുടെ സഹായമുണ്ടായിരുന്നു.

കുട്ടികളെ നിയമവിരുദ്ധമായി ജോലിചെയ്യിക്കുകയോ ഭിക്ഷാടനത്തിനുവേണ്ടി ഉപയോഗിക്കുകയോ ചെയ്താല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാശിശുസംരക്ഷണ ഓഫീസര്‍ ബിജു.പി അറിയിച്ചു. ബാലവേല, ബാലഭിക്ഷാടനം എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ 1098 (ചൈല്‍ഡ് ലൈന്‍), 04994 256950 (ജില്ലാലേബര്‍ഓഫീസ്), 1517 (ശിശുക്ഷേമസമിതി(തണല്‍),04994 238490 (സി ഡബ്ല്യു സി കാസര്‍കോട്) എന്നീ നമ്പറുകളില്‍ വിവരം നല്‍കണം.

DONT MISS
Top