ശ്രീധര്‍മശാസ്താ ക്ഷേത്രം എന്ന പേര് മാറ്റാനാവില്ല; കഴിഞ്ഞ ഭരണസമിതിയുടെ തീരുമാനം റദ്ദാക്കി

ഫയല്‍ ചിത്രം

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ നിലവിലുള്ള പേര് മാറ്റി പഴയ പേര് തന്നെ നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. കഴിഞ്ഞ മണ്ഡലകാലത്തായിരുന്നു ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് ഇറക്കിയത്. എന്നാല്‍ പഴയ പേരിലേക്ക് മാറ്റണമെന്നാണ് പുതിയ ഭരണ സമതിയുടെ തീരുമാനം.

2016 ഒക്ടോബര്‍ അഞ്ചാം തീയതി ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ തീരുമാനം റദ്ദ് ചെയ്യാനാണ് ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചത്. ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേരില്‍ ഇനി ശബരിമലക്ഷേത്രം അറിയപ്പെടും. ആലോചനയും അവധാനകയുമില്ലാതെ എടുത്ത തീരുമാനമാണ് കഴിഞ്ഞ ഭരണസമിതിയുടെതെന്ന് ദേവസ്വം ബോര്‍ഡ് യോഗം കണ്ടെത്തി.

ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ കേസില്‍ അനുകൂല വിധി നേടിയെടുക്കാനായി കണ്ടെത്തിയ കുറുക്കുവഴി എന്ന നിലയിലാണ് ശബരിമലയിലെ ക്ഷേത്രത്തിന്റെ പേരുമാറ്റം വിലയിരുത്തപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ഭരണസമിതിയുടെ തീരുമാനം റദ്ദാക്കുകവഴി തികച്ചും പുരോഗമനപരമായ മാറ്റത്തിനാണ് പുതിയ ഭരണ സമിതി വഴിവച്ചിരിക്കുന്നത്.

ദേവസ്വം ബോര്‍ഡ് ഓഫീസുകളില്‍ പഞ്ചിങ് സംവിധാനം നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. ഡ്യൂട്ടി വ്യവസ്ഥ ഒഴിവാക്കിയതിലൂടെ വര്‍ഷം 40 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിന് ലാഭിക്കാന്‍ കഴിഞ്ഞുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

DONT MISS
Top