വീട്ടുമുറ്റത്ത് ഞാറ്റടി തയ്യാറാക്കി നൂതന പരീക്ഷണവുമായി യുവകര്‍ഷകന്‍

കാസര്‍ഗോഡ് : നെല്‍ക്കൃഷിയില്‍ നൂതന പരീക്ഷണവുമായി കാഞ്ഞങ്ങാട് നിത്യാനന്ദ കോട്ടയ്ക്ക് സമീപത്തെ യുവ കര്‍ഷകന്‍ കെ. രാധാകൃഷ്ണന്‍. മുന്‍ കാലങ്ങളില്‍ വയലില്‍ മാത്രം ചെയ്ത ഞാറ്റടി വീട്ടുമുറ്റത്ത് ചെയ്താണ് നെല്‍ക്കൃഷിയില്‍ ഈ കര്‍ഷകന്‍ നൂതന പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്നത്.

ചകിരിച്ചോറ് ഉപയോഗിച്ചാണ് വീട്ടുമുറ്റം വയലാക്കി മാറ്റുന്നത്. ഇതു കൊണ്ട് വെളളം നനയ്ക്കാനും പരിപാലിക്കാനും എളുപ്പമാണ്. ഇങ്ങനെ ചെയ്യുന്നതിനാല്‍ നടീല്‍ യന്ത്രത്തിന് തകരാറുകള്‍ സംഭവിക്കാതെ വേഗത്തില്‍ നടുവാന്‍ സാധിക്കുന്നു. ഇതോടൊപ്പം നല്ലൊരു ക്ഷീരകര്‍ഷകന്‍ കൂടിയായ ഈ യുവാവ് മുഴുവന്‍ സമയ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന ആളാണ്. പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഫാര്‍മര്‍ സെന്ററി ട്രാക്ടര്‍ െ്രെഡവര്‍ കൂടിയാണ് രാധാകൃഷ്ണന്‍.

രാധാകൃഷ്ണന്റെ ഈ ഉദ്യമം പ്രയോജനപ്പെടുത്തി നഗരസഭയിലെ തരിശ്ശായി കിടക്കുന്ന മുഴുവന്‍ പാടങ്ങളും കൃഷി ചെയ്യുന്നതിന് കര്‍മ്മസമിതി രംഗത്തിറങ്ങുമെന്ന് നഗരസഭ കൃഷിഭവന്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇതോടൊപ്പം ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് കാഞ്ഞങ്ങാട് കര്‍മ്മസേന സഹായത്തോടെ തരിശായ പാടം മുഴുവന്‍ കൃഷി ഇറക്കുന്നതിന് നഗരസഭയും കര്‍മ്മസേനയും മുന്നിട്ടിറങ്ങുന്നതായിരിക്കുമെന്നും, ഇതിന് ജലമെത്തിക്കുന്നതിനുള്ള നടപടികള്‍ ഇറിഗേഷന്‍ വകുപ്പും തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

DONT MISS
Top