തമിഴ്‌നാട്ടില്‍ വേണ്ടത് രാഷ്ട്രീയ വിപ്ലവം: രജനീകാന്ത്

രജനീകാന്ത് മാധ്യമങ്ങളോട്

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിപ്ലവത്തിന് സമയമായെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. അതിലൂടെ മാത്രമെ നിലവിലെ പോരായ്മകള്‍ക്ക് മാറ്റം കൊണ്ടുവരാനാകൂയെന്നും രജനി പറഞ്ഞു. രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് രണ്ടാം നാള്‍ മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് രജനിയുടെ വാക്കുകള്‍.

“ചരിത്രപ്രധാന സ്ഥലമായ തമിഴ്‌നാട് സ്വാതന്ത്ര്യസമരം ഉള്‍പ്പെടെ നിരവധി സമരങ്ങളുടെ മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. ഒരിക്കല്‍ക്കൂടി നാം രാഷ്ട്രീയ വിപ്ലവം അനിവാര്യമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അത് നടപ്പിലാക്കാന്‍ നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ആ മാറ്റം പുതിയ തലമുറയ്ക്ക് ഊര്‍ജം പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്”. രജനി പറഞ്ഞു.

രാഷ്ട്രീയപ്രഖ്യാപന വേളയില്‍ താന്‍ നടത്തിയ ആത്മീയ രാഷ്ട്രീയം എന്നതിനുള്ള വിശദീകരണവും രജനി നല്‍കി. ആത്മീയ രാഷ്ട്രീയം എന്നത് സത്യം, വിശ്വസ്തത, ആത്മാര്‍ത്ഥത, മതേതരത്വം, ജാതിക്ക് അതീതം എന്നിവയില്‍ അധിഷ്ഠിതമായുള്ളതാണ്. സത്യസന്ധമായ രാഷ്ട്രീയം തന്നെയാണ് ആത്മീയരാഷ്ട്രീയം. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് താരം വ്യക്തമാക്കി.

തനിക്ക് മാധ്യമങ്ങളെ ‘കൈകാര്യം’ ചെയ്യാന്‍ അറിയില്ലെന്നും അതിനാലാണ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടാത്തതെന്നും രജനി വ്യക്തമാക്കി. “മാധ്യമങ്ങളെ നേരിടാന്‍ നാണമുള്ള ഒരു വ്യക്തിയാണ് ഞാന്‍. അതിനാല്‍ത്തന്നെ മാധ്യമങ്ങളുമായി വളരെ കുറച്ചുമാത്രമെ ഇടപെടാറുള്ളൂ. ഇപ്പൊഴും മാധ്യമങ്ങളെ നേരിടേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ല. എന്നാല്‍ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി ഈ സ്വഭാവം തുടരാനാകില്ലെന്ന് തനിക്ക് അറിയാമെന്നും രജനി പറഞ്ഞു”. പാര്‍ട്ടിയുടെ പേരും പതാകയും മറ്റ് വിവരങ്ങളും പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ മാധ്യമങ്ങള്‍ക്ക് വിശദമായ അഭിമുഖം അനുവദിക്കുമെന്ന് രജനി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറാകുന്നതിന് മുന്‍പ് സംയുക്ത കര്‍ണാടക എന്ന കന്നട ദിനപത്രത്തില്‍ പ്രൂഫ് റീഡറായാണ് താന്‍ ജോലി ആരംഭിച്ചതെന്ന് സ്‌റ്റൈല്‍ മന്നന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. “പത്താംക്ലാസ് തോറ്റ് നില്‍ക്കവെ സംയുക്ത കര്‍ണാടകയില്‍ ജോലി ചെയ്തിരുന്ന എന്റെ ഒരു സുഹൃത്താണ് അവിടെ ജോലി തരപ്പെടുത്തിത്തന്നത്. പ്രൂഫ് റീഡറായിട്ടായിരുന്നു തുടക്കം. അതിന് ശേഷമാണ് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലി ലഭിക്കുന്നത്”. രജനി പറഞ്ഞു.

ഡിസംബര്‍ 31 നാണ് രജനി തന്റെ രാഷ്ട്രീയപ്രഖ്യാപനം നടത്തിയത്. താന്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്നും രജനി വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top