‘മറ്റൊരു കലാകാരനുമില്ലാത്ത പ്രത്യേകതകള്‍ ഉണ്ടായിരുന്നു മണിക്ക്’; നാല്‍പത്തി എട്ടാമത് ജന്‍മദിനത്തില്‍ കലാഭവന്‍ മണിയെ അനുസ്മരിച്ച് വിനയന്‍

മലയാള സിനിമയുടെ എക്കാലത്തെയും നഷ്ടമായ കലാഭവന്‍ മണിയെ അദ്ദേഹത്തിന്റെ നാല്‍പത്തി എട്ടാമത് ജന്‍മദിനത്തില്‍ അനുസ്മരിക്കുകയാണ് സംവിധായകന്‍ വിനയന്‍. മണിയുടെ ജന്മദിനവും അകാലത്തിൽ പൊലിഞ്ഞു പോയ ആ കലാകാരൻെറ ചരമദിനവും സിനിമാക്കാരും,മിമിക്രി കലാകാരന്മാരും, നാടൻ പാട്ടിനേ സ്നേഹിക്കുന്നവരുമൊക്കെ സ്മരിക്കുകയും ആചരിക്കുകയും ചെയ്യണമെന്ന് വിനയന്‍ പറയുന്നു.

മറ്റൊരു കലാകാരനും ഇല്ലാത്ത ചില പ്രത്യേകതകൾ ഉണ്ടായിരുന്നു മണിക്ക്. അതുല്യ പ്രതിഭയായിരുന്നു എന്നതിനപ്പുറം അത്രമാത്രം കഷ്ടപ്പാടിനെയും ദാരിദ്രത്തെയും മറികടന്നാണ് മണി ആ പ്രതിഭ നേടിയെടുത്തതെന്നും വിനയന്‍ പറയുന്നു. ഫെയ്സ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കലാഭവൻ മണിയുടെ നാൽപ്പത്തി എട്ടാമതു ജന്മദിനമാണിന്ന്. മണിയുടെ ജന്മദിനവും അകാലത്തിൽ പൊലിഞ്ഞു പോയ ആ കലാകാരൻെറ ചരമദിനവും സിനിമാക്കാരും,മിമിക്രി കലാകാരന്മാരും, നാടൻ പാട്ടിനേ സ്നേഹിക്കുന്നവരും ഒക്കെ സ്മരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നാണ് എൻെറ അഭിപ്രായം. കാരണം. മറ്റൊരു കലാകാരനും ഇല്ലാത്ത ചില പ്രത്യേകതകൾ ഉണ്ടായിരുന്നു മണിക്ക്. അതുല്യ പ്രതിഭയായിരുന്നു എന്നതിനപ്പുറം അത്രമാത്രം കഷ്ടപ്പാടിനെയും ദാരിദ്രത്തെയും മറികടന്നാണ് മണി ആ പ്രതിഭ നേടിയെടുത്തത് എന്നതാണ് ശ്രദ്ധേയം. മാത്രമല്ല ആ കഷ്ടപാടുകള്‍ തുറന്നു പറയുവാനും ദാരിദ്രൃം അനുഭവിക്കുന്നവരേ ഇരുചെവി അറിയാതെ അകമഴിഞ്ഞ് സഹായിക്കാനും കാണിച്ച മനസ്സും മണിയുടെ മാത്രം പ്രത്യേകതയായിരുന്നു.ഒടുവിൽ അകാലത്തിൽ മണിക്കു ജീവിതം കൈവിട്ടു പോയി എങ്കിലും. കലാഭവൻ മണിയുടെ വളർച്ചയും, അനുഭവങ്ങളും, ജീവിതവും അപ്രതീക്ഷിത വിടപറയലും ഒക്കെ അത്യന്തം ജിജ്ഞാസാപരമായ ഏടുകളാണ്. ജീവിച്ചിരുന്നപ്പോൾ ഒരു നിലയിലും വേണ്ടത്ര അംഗീകാരം കിട്ടാതെ അവഗണിക്കപ്പെട്ട മണിക്ക് മരണശേഷം എന്നും നിലനിൽക്കുന്ന ഒരോർമ്മയായി,ഒരു കൊച്ചു സ്മാരകമായി മാറും അദ്ദേഹത്തിൻെറ ജീവിതത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് രൂപം കൊള്ളുന്ന “ചാലക്കുടിക്കാരൻ ചങ്ങാതി” എന്ന ചലച്ചിത്രമെന്നു ഞാൻ കരുതുന്നു.

<

DONT MISS
Top