ആയുര്‍വേദ വകുപ്പിലെ അനധികൃത സ്ഥാനക്കയറ്റം; സംസ്ഥാന സര്‍ക്കാരിന് വരുത്തിയത് കോടികളുടെ സാമ്പത്തിക ബാധ്യത

ആരോഗ്യഭവന്‍

തിരുവനന്തപുരം: ഭാരതീയ ആയുര്‍വേദ ചികിത്സ വകുപ്പിലെ അനധികൃത സ്ഥാനക്കയറ്റം വഴി സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത. പ്രതിവര്‍ഷം 16,6756204 കോടി രൂപ സര്‍ക്കാരിന് അധികമായി കണ്ടെത്തേണ്ടി വരും. സ്ഥാനക്കയറ്റ ഉത്തരവ് പിന്‍വലിക്കണമെന്ന് ചൂണ്ടികാട്ടി വകുപ്പ് ആസ്ഥാനത്ത് നിന്നുള്ള കത്തും സര്‍ക്കാര്‍ അവഗണിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴാണ് ആയുര്‍വേദ വകുപ്പില്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തി അനധികൃത സ്ഥാനക്കയറ്റം നടക്കുന്നത്. 2017 ജൂണ്‍ മാസം 20 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം 121 മെഡിക്കല്‍ ഓഫീസര്‍മാരെയാണ് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരാക്കി സ്ഥാനക്കയറ്റം നല്‍കിയത്.

എന്നാല്‍ ആയുര്‍വേദ വകുപ്പിലെ സ്ഥാനക്കയറ്റം സംബന്ധിച്ച സ്‌പെഷ്യല്‍ റൂള്‍ ചട്ടങ്ങള്‍ പറയുന്നത് ഇങ്ങനെ- 10 ബെഡും അതിനുതാഴെയുമുള്ള ആയുര്‍വേദ ആശുപത്രികളില്‍ മെഡിക്കല്‍ ഓഫീസര്‍, 20 ബെഡ്ഡുവരെയുള്ള ഇടങ്ങളില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍, 30 ബെഡ്ഡുവരെയുള്ള അശുപത്രികളില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്ന രീതിയില്‍ നിയമിക്കണമെന്നാണ് നിയമം. ഈ നിയമങ്ങളെ കാറ്റില്‍ പറത്തിയാണ് മെഡിക്കല്‍ ഓഫീസര്‍മാരെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരാക്കി നിയമിച്ചിരിക്കുന്നത്. എന്നാല്‍ ഈ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജോലി ചെയ്യുന്നത് കിടത്തി ചികിത്സ പോലും ഇല്ലാത്ത ഡിസ്‌പെന്‍സറികളിലാണ് എന്നതാണ് മറ്റൊരു അപഹാസ്യത.

ഈ സ്ഥാനക്കയറ്റം ചട്ടലംഘനമാണെന്നും, സര്‍ക്കാരിന് ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും, അതിനാല്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ചൂണ്ടികാട്ടി ഭാരതീയ ചികിത്സാവകുപ്പ് ആസ്ഥാനത്തുനിന്ന് സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും ഡയറക്ടര്‍ ഇടപെട്ട് സ്ഥാനക്കയറ്റ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അനധികൃത സ്ഥാനക്കയറ്റം നല്‍കിയതുവഴി പ്രതിവര്‍ഷം 9,91,94664 കോടി രൂപ സര്‍ക്കാരിന് കണ്ടെത്തേണ്ടി വരും. കൂടാതെ മാനദണ്ഡങ്ങള്‍ മറികടന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിലൂടെ നിയമനം നല്‍കേണ്ടി വരുന്ന 121 തസ്തികളിലും സര്‍ക്കാരിന് 6,75,61560 രൂപയും കണ്ടെത്തണം.

വകുപ്പിലെ പ്രത്യേക ചട്ടങ്ങളെ മറികടന്ന് ശമ്പള പരിഷ്‌ക്കരണ ഉത്തരവിലെ അനുപാതം മറികടക്കാന്‍ സാധിക്കാന്‍ കഴിയാതിരിക്കെയാണ് ഇത്തരം സ്ഥാനക്കയറ്റം. സര്‍ക്കാര്‍ വകുപ്പിലെ പ്രവേശന തസ്തികയില്‍ സ്ഥാനക്കറ്റം ഉണ്ടായാല്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം. എന്നാല്‍ സ്ഥാനക്കയറ്റത്തിലൂടെ ഒഴിവുവന്ന 121 തസ്തികളുടെ വിവരം റാങ്ക് ലിസ്റ്റ് നിലനിന്നിട്ടും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ കേസും നിലനില്‍ക്കുന്നുണ്ട്.

അനധികൃത സ്ഥാനക്കയറ്റത്തിലൂടെ സര്‍ക്കാരിനുണ്ടായ നഷ്ടം, വകുപ്പ് കാര്യാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാകണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. ഇത്തരത്തില്‍ സ്ഥാനക്കയറ്റം മറ്റ് വകുപ്പുകളില്‍ കൂടി ഉണ്ടായാല്‍ അത് സര്‍ക്കാരിന് ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി ചെറുതാകില്ല.

DONT MISS
Top