രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്; സ്വന്തമായി പാര്‍ട്ടി രൂപീകരിക്കും

രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലേക്കും പാര്‍ട്ടി മത്സരിക്കുമെന്നും രജനീകാന്ത് പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ കാരണം അധികാരമോഹമല്ലെന്നും നിലവിലെ രാഷ്ട്രീയ രീതികളില്‍ അതൃപ്തിയുണ്ടെന്നും രജനീകാന്ത് പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാനം മുഴുവന്‍ യാത്ര നടത്തും. സിനിമയില്‍ തന്റെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയായി ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. രാഷ്ട്രീയ പ്രഖ്യാപനം കാലത്തിന്റെ അനിവാര്യതയെന്നും താരം കൂട്ടിച്ചേര്‍ത്തു.

ചെന്നൈയില്‍ നടക്കുന്ന ആരാധകസംഗമത്തിന്റെ സമാപനദിനത്തിലാണ് രജനീകാന്ത് നിര്‍ണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആരാധകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് രാഷ്ട്രീയ പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് താരം അറിയിച്ചത്. നിലവിലെ തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തിന്റെ തീരുമാനം നിര്‍ണായകമാകും.

രാഷ്ട്രീയത്തില്‍ താന്‍ ആദ്യമല്ലെന്നും എന്നാല്‍ അതിലേക്കിറങ്ങാന്‍ വൈകിയെന്നുമായിരുന്നു നേരത്തെ രജനീകാന്ത് പ്രതികരിച്ചത്. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം അതിന് തന്ത്രങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തന്നെ വിജയത്തിന് തുല്യമാണെന്നും സൂപ്പര്‍സ്റ്റാര്‍ നേരത്തെ ആരാധകരോട് പറഞ്ഞിരുന്നു.

DONT MISS
Top