മീ ടൂ…. തുറന്നുപറച്ചിലുകള്‍ കണ്ട 2017

പോയവര്‍ഷം ഒരു തരത്തില്‍ തുറന്നുപറച്ചിലുകളുടെയും കൂടി കാലമായിരുന്നു. നാണക്കേട് കൊണ്ടും ഭീതി കൊണ്ടും പലരും ഒളിപ്പിച്ചുവെച്ചിരുന്ന തുറന്നുപറച്ചിലുകള്‍. ഹാഷ് ടാഗ് ക്യാംപെയിനുകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ പോയവര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു മീ ടു ക്യാംപെയ്ന്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നത് കൂടിയായിരുന്നു മീ ടു ക്യാംപെയിനുകള്‍. മീ ടു ഹാഷ്ടാഗുകള്‍ തുറന്നു പറച്ചിലുകള്‍ക്കുള്ള വേദിയായപ്പോള്‍ പ്രായഭേദമില്ലാതെയാണ് സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ചത്.  അനുഭവിച്ചതെല്ലാം മറച്ചുവെച്ചിരുന്ന പെണ്ണിന് അവ തുറന്നുപറയാന്‍ ഒരു വേദി ഒരുക്കിയ വര്‍ഷം എന്ന ഖ്യാതി 2017 സ്വന്തമാക്കി.

അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് ക്യാംപെയിന് തുടക്കം കുറിച്ചത്. അലീസയുടെ ക്യാംപെയിന്‍ ലോകമെമ്പാടുമുള്ളവര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒരു പക്ഷെ കഴിഞ്ഞ കാലം വരെ പേടി കൊണ്ടോ നാണക്കേട് കൊണ്ടോ തുറന്നുപറയാന്‍ മടിച്ച ലൈംഗികാതിക്രമങ്ങളും മറ്റും സ്ത്രീകള്‍ ഉറക്കെ പറയാന്‍ തുടങ്ങിയെന്നതും പോയവര്‍ഷത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഇന്ത്യയില്‍ നിന്ന് ആയിരങ്ങള്‍ മീ ടു ക്യാംപെയിന്റെ ഭാഗമായപ്പോള്‍ കേരളത്തില്‍ നിന്ന് നടിമാരായ റീമ കല്ലിങ്കലും സജിത മഠത്തിലുമടക്കം പ്രമുഖര്‍ മുന്നോട്ട് വന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ലൈംഗികാതിക്രമത്തിലൂടെ മാനം നഷ്ടപ്പെടുന്നത് തങ്ങള്‍ക്കല്ലെന്നും അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തില്‍ തൊടുന്ന വ്യക്തിയുടെ മാനമാണ് അവിടെ ഇല്ലാതാകുന്നതെന്നും സ്ത്രീകള്‍ മനസിലാക്കാനും അത് ഉറക്കെ പറയാനും തയ്യാറായ കാലം. അതിക്രമങ്ങളെന്നത് മൂടിവെയ്ക്കപ്പെടേണ്ടതല്ലെന്നും തുറന്ന് പറയേണ്ടതാണെന്നും ഓരോ പെണ്ണിനെയും പഠിപ്പിച്ച കാലം.

സമൂഹമാധ്യമങ്ങളില്‍ കുറിച്ച ആ രണ്ട് വാക്കുകള്‍ നയിച്ചത് വലിയൊരു മാറ്റത്തിലേക്ക് കൂടിയായിരുന്നു. തുറന്നു പറച്ചിലുകളുടെ മാറ്റത്തിലേക്ക്. എക്കാലത്തും പെണ്ണിന് നേരെ ഉയര്‍ന്നുവന്നിരുന്ന നൂറായിരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയായിരുന്നു മീ ടു. സ്ത്രീകളോടുള്ള സമീപനങ്ങള്‍ എന്ന് മാറുന്നുവോ അന്ന് വരെ മീടു ക്യാംപെയിനുകളും പ്രസക്തമാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

DONT MISS
Top