അതിരൂപതയിലെ ഭൂവിവാദം: പരസ്യപ്രതികരണത്തിന് വിലക്ക്; അംഗീകരിക്കില്ലെന്ന് വിമതവിഭാഗം

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന വിവാദത്തില്‍ വൈദികരുടെ പരസ്യപ്രസ്താവനകള്‍ക്ക് രൂപത വിലക്കേര്‍പ്പെടുത്തി. സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിലക്ക് അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിമതവിഭാഗം.

ഭൂവിവാദം ചേരിതിരിഞ്ഞുള്ള വാക്‌പോരിലേക്കും വന്‍വിവാദത്തിലേക്കും നീങ്ങുന്ന സാഹചര്യത്തിലാണ് പരസ്യപ്രതികരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വൈദികര്‍ പരസ്യപ്രസ്താവനകളില്‍ ഏര്‍പ്പെടരുതെന്ന് കത്തിലൂടെയാണ് എടയന്ത്രത്ത് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചാനലുകളില്‍ നേരിട്ട് പോയി ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും എന്നാല്‍ ഫോണിലൂടെയും മറ്റും പങ്കെടുക്കുമെന്നും വിമതവിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

അതിരൂപതയുടെ ഭൂമിക്കച്ചവടത്തില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയതോടെ അഴിയാക്കുരുക്കില്‍ ആയിരിക്കുകയാണ് എടയന്ത്രത്ത്. ഭൂമി ഇടപാടില്‍ ആര്‍ച് ബിഷപിനെ കുറ്റപ്പെടുത്തിയ എടയന്ത്രത്ത് സഹായമെത്രാന്‍മാരുമായി ആലഞ്ചേകരി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും സര്‍ക്കുലറിലൂടെ വൈദികരെ അറിയിച്ചു. അതിരൂപതാ അധ്യക്ഷനെതിരെ സഹായമെത്രാന്‍ പരസ്യനിലപാട് സ്വീകരിക്കുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തിലെ അപൂര്‍വ സംഭവമാണ്.

ഇതോടെയാണ് പ്രശ്‌നത്തില്‍ ഇടപെടാന്‍ സീറോ മലബാര്‍ സഭ സിനഡ് തീരുമാനിച്ചത്. സിനഡ് അംഗങ്ങളും എറണാകുളം അങ്കമാലി അതിരൂപതയില്‍ ഉള്‍പ്പെട്ടവരുമായ കുര്യാക്കോസ് ഭരണിക്കുളങ്ങര, ജേക്കബ് മനന്തോട്ടത്ത്, ആന്റണി കരിയില്‍, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ പിന്തുണ മാത്രമാണ് എടയന്ത്രത്തിന് ലഭിച്ചത്. ഇതോടെ വിവാദങ്ങള്‍ തണുപ്പിച്ച് സിനഡിന്റെ അച്ചടക്കനടപടി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് എടയന്ത്രത്ത്. ഈ സാഹചര്യത്തിലാണ് വിമതവിഭാഗത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരിക്കുന്നത്.

DONT MISS
Top