ഐജിയുടെ നിയന്ത്രണത്തിലുള്ള ഗുണ്ടാവിരുദ്ധ സ്‌ക്വാഡിനെ പിരിച്ചു വിട്ട് എഐജി; നടപടി വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചു

ഫയല്‍ ചിത്രം

തിരുവനന്തപുരം: ഐജി യുടെ നിയന്ത്രണത്തിലുള്ള ഗുണ്ടാവിരുദ്ധ സ്‌ക്വാഡിനെ പിരിച്ചു വിട്ട് എഐജിയുടെ ഉത്തരവ്. വ്യാപക പരാതിയുളളതിനാലാണ് നടപടിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ അധികാരം മറികടന്നുള്ള നടപടി വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചു.

സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതിനായാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് കീഴില്‍ പ്രത്യേക സ്‌ക്വാഡിന് നേരത്തെ രൂപം നല്‍കിയത്. സംസ്ഥാനത്തെ ഗുണ്ടകളെ കുറിച്ച് കൃത്യമായ വിവരങ്ങളുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സ്‌ക്വാഡ്. കൊച്ചിയിലെ കുപ്രസിദ്ധ കവര്‍ച്ച സംഘത്തെ പിടികൂടാന്‍ ഈ സ്‌ക്വാഡിനെയാണ് നിയോഗിച്ചതും. കാര്യമായ പരാതികള്‍ ഇല്ലാതെ മുന്നോട്ടു പോകുമ്പോഴാണ് പ്രത്യേക സംഘത്തെ പിരിച്ചുവിട്ടത്.

ഈ മാസം 12ന് ഇറക്കിയ ഉത്തരവ് പോലീസിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ വന്നപ്പോഴാണ് ബന്ധപ്പെട്ടവര്‍ പോലും വിവരം അറിഞ്ഞത്. ഐ ജി മനോജ് എബ്രഹാമിന്റെ കീഴിലുള്ള ഗുണ്ടാവിരുദ്ധ സ്‌ക്വാഡിനെ പിരിച്ചുവിട്ടതായിയായിരുന്നു ഉത്തരവ്. കൊല്ലം ജില്ലാ പൊലീസ് മേധാവി പി അശോകന്റെ കീഴിലുള്ള ഗുണ്ടാസ്‌ക്വാഡിനെ പിരിച്ചു വിട്ട് ആറു പേരെ നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് ഐജി മനോജ് എബ്രഹാം നേരിട്ടെത്തി കാര്യത്തിന്റെ ഗൗരവം ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജിയെ ബോധ്യപ്പെടുത്തിയ ശേഷമാണ് ഉത്തരവ് മരവിപ്പിച്ചത്.

വ്യാപക പരാതി ഉളളതിനാലാണ് താന്‍ സ്‌ക്വാഡിനെ പിരിച്ചുവിടാന്‍ കാരണമെന്നായിരുന്നു എഐജി നല്‍കിയ മറുപടി. എന്നാല്‍ ഇത്തരം ഉത്തരവ് ഒരു എഐജി ഇറക്കുമ്പോള്‍ ഹെഡ്ക്വാര്‍ഡേഴ്‌സ് ഐജിയും എഡിജിപിയും അറിയണമെന്നാണ് ചട്ടം. എന്നാല്‍ ഇത് എഐജി പാലിച്ചിട്ടില്ല. സ്വന്തം അധികാരം പോലും മറികടന്നായിരുന്നു എഐജി യുടെ നടപടിയെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. കാര്യക്ഷമമാക്കി പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിനെതിരെയുള്ള നടപടിയില്‍ സേനയില്‍ കടുത്ത അതൃപ്തിയുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top