സര്‍ക്കാര്‍ ഡയറിയില്‍ ഇത്തവണയും തെറ്റുകളുടെ ഘോഷയാത്ര; കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഈ വര്‍ഷത്തെ സര്‍ക്കാര്‍ ഡയറിയും തെറ്റുകളുടെ സമാഹാരമായി മാറിയത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ ചെലവാക്കി അച്ചടിച്ച ഡയറിയില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും, അവധാനതയില്ലായ്മയും കാരണം ഗുരുതരമായ തെറ്റുകളാണ് കടന്നു കൂടിയിരിക്കുന്നതെന്ന് കത്തില്‍ ചെന്നിത്തല പറയുന്നു.

വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിക്കുകയും പിന്നീട് സ്ഥാനം ഒഴിയുകയും ചെയ്ത ചെയര്‍മാന്മാര്‍ തന്നെയാണ് ഇടതു സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഡയറിയിലും ചെയര്‍മാന്മാര്‍. ഇടതു സര്‍ക്കാര്‍ പുതിയ ചെയര്‍മാന്മാരെ വച്ചിട്ടും ഡയറി അച്ചടിച്ചപ്പോള്‍ അക്കാര്യം ഓര്‍ത്തില്ല.

യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി സിപി എമ്മിലെ പി ബിജുവിനെ ഇടതു സര്‍ക്കാര്‍ നിയമിച്ചെങ്കിലും സര്‍ക്കാര്‍ ഡയറിയില്‍ കോണ്‍ഗ്രസ് നേതാവ് പിഎസ് പ്രശാന്താണ് ഇപ്പോഴും വൈസ് ചെയര്‍മാന്‍. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായി സിപി എമ്മിലെ പള്ളിയറ ശ്രീധരനെ നിയമിച്ചെങ്കിലും പഴയ ഡയറക്ടര്‍ നെടുമുടി ഹരികുമാര്‍ തന്നെയാണ് സര്‍ക്കാര്‍ ഡയറിയില്‍ ഇപ്പോഴും ഡയറക്ടര്‍.

എന്‍സൈക്ലോപീഡിയയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ എംറ്റി സുലേഖ 2016 മെയില്‍ സ്ഥാനമൊഴിയുകയും ഡോ എആര്‍ രാജന്‍ സ്ഥാനമേല്‍ക്കുകയും ചെയ്‌തെങ്കിലും 2018 ലെ ഡയറിയിലും ഡോ സുലേഖ തന്നെയാണ് ഡയറക്ടര്‍. കില ഡയറക്ടറായി ജോയ് എളമണ്‍ ചുമതലയേറ്റിട്ട് മാസങ്ങളായെങ്കിലും പഴയ ഡയറക്ടര്‍ ഡോ പി പി ബാലനെ സര്‍ക്കാര്‍ ഡയറി ആ സ്ഥാനത്ത് നിന്ന് വിട്ടിട്ടില്ല. ടെക്‌നോപാര്‍ക്കില്‍ സിഇഒ സ്ഥാനത്ത് നിന്ന് കെജി ഗിരീഷ് ബാബു സ്ഥാനമൊഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും സര്‍ക്കാര്‍ ഡയറിയില്‍ ഇപ്പോഴും അദ്ദേഹം തുടരുകയാണ്. ഇപ്പോഴത്തെ ഋഷികേശ് നായരാകട്ടെ ഡയറിക്ക് പുറത്താണ്. ഹാന്‍വീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് യുസി രാമന്‍ 2016 ഏപ്രിലില്‍ സ്ഥാനമൊഴിഞ്ഞെങ്കിലും സര്‍ക്കാരിന്റെ ആധികാരിക ഡറിയില്‍ അദ്ദേഹം ചെയര്‍മാനായി തുടരുന്നു.

പബ്ലിക്ക് എക്‌സ്‌പെന്റീച്ചര്‍ റിവ്യൂ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഡോ ബിഎ പ്രകാശ് 2016 മെയില്‍ സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് രണ്ട് ചെയര്‍മാന്മാര്‍ മാറിയെങ്കിലും ഡോ പ്രാശ് തന്നെ ഡയറിയില്‍ ചെയര്‍മാനായി തുടരുന്നു.

മറ്റ് ഉദാഹരണങ്ങള്‍ ഇങ്ങനെ: സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലെപ്പ്‌മെന്റില്‍ ബാബു ജേക്കബ് (പേജ് 94), കേരള സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സില്‍ ജോസ് സിറിയക്ക് (പേജ് 106), നാഷണല്‍ ഗെയിംസില്‍ ജേക്കബ് പുന്നൂസ് (പേജ് 109), നോര്‍ക്ക റൂട്ട്‌സില്‍ പി സുദീപ് (പേജ് 110).

എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ കാണിക്കുന്ന പിടിപ്പ് കേടും അനാസ്ഥയും തന്നെയാണ് ഡയറി അച്ചടിയിലും കണ്ടത്, കഴിഞ്ഞ തവണയും സര്‍ക്കാര്‍ ഡയറിയില്‍ നിറയെ തെറ്റുകളായിരുന്നു. ഒടുവില്‍ അച്ചടിച്ച ഡയറികള്‍ ഉപേക്ഷിച്ചാണ് പുതിയ ഡയറികള്‍ പ്രിന്റ് ചെയ്തത്. വന്‍ സാമ്പത്തിക ചിലവും ഉണ്ടായി. ഇത്തവണയും അത് തന്നെ ആവര്‍ത്തിക്കുകയാണ് ചെയ്തത്. സര്‍ക്കാരിന് ഒരു ഡയറി പോലും തെറ്റു കൂടാതെ അച്ചടിക്കാന്‍ കഴിയാത്തത് ഖേദകരമാണ്. ഇത്തരം ഗുരുതരമായ തെറ്റുകള്‍ പരിഹരിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top