ഓസീസിനെ പൊരിച്ച് കുക്കിന്റെ ഡബിള്‍, ഇംഗ്ലണ്ട് ശക്തമായ നിലയില്‍

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ മേധാവിത്വം. ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് അപരാജിത ഇരട്ടസെഞ്ച്വറിയുമായി കളം വിട്ടപ്പോള്‍ മൂന്നാം ദിനം ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റിന് 491 റണ്‍സ് എന്ന നിലയിലാണ്. 244 റണ്‍സോടെ കുക്കും റണ്ണൊന്നും എടുക്കാതെ ജെയിംസ് ആന്‍ഡേഴ്‌സണുമാണ് ക്രീസില്‍. ഇതോടെ ഇംഗ്ലണ്ടിന് 164 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായി. ഓസീസ് നേരത്തെ 327 റണ്‍സിന് പുറത്തായിരുന്നു.

പരമ്പരയില്‍ ആദ്യമായി ഫോമിലേക്ക് ഉയര്‍ന്ന കുക്ക് ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് തന്നെ കരകയറ്റുകയായിരുന്നു. 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട് മാത്രമാണ് അല്‍പമെങ്കിലും പിന്തുണ നല്‍കിയത്. മധ്യനിര തകര്‍ന്നടിഞ്ഞെങ്കിലും ഒരറ്റത്ത് ചെറുത്തുനിന്ന കുക്ക് ഓസീസ് ബൗളിംഗിനെ തരിപ്പണമാക്കി. 409 പന്തില്‍ 27 ഫോറുകളോടെയാണ് കുക്ക് 244 റണ്‍സെടുത്തിരിക്കുന്നത്. വാലറ്റത്ത് 56 റണ്‍സെടുത്ത ബ്രോഡും കുക്കിന് കൂട്ടായി.

കരിയറിലെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണ് കുക്ക് സ്വന്തമാക്കിയത്. ഓസ്ട്രേലിയയില്‍ ഒരു സന്ദര്‍ശകതാരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് കുക്ക് കുറിച്ചിരിക്കുന്നത്. ഫോമില്ലായ്മയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുകയായിരുന്ന കുക്കിന് ആശ്വാസമേകുന്നതാണ് ഈ ഇരട്ടശതകം. ക്രിക്കറ്റ് ലോകത്തുനിന്നും അഭിനന്ദനപ്രവാഹമാണ് കുക്കിനെ തേടിയെത്തുന്നത്.

ഓസീസിന് വേണ്ടി ഹാസില്‍വുഡ്, ലയോണ്‍, കമ്മിന്‍സ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച ഓസീസ് പരമ്പര സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കുക എന്നതാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top