വസന്തം കടന്നുവരാനൊരുങ്ങുമ്പോള്‍ ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടി മൂന്നാര്‍


അവധി ആസ്വദിക്കുന്നതിനായി മൂന്നാറിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചതോടെ ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടുകയാണ് മൂന്നാര്‍. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടിയും രാജമലയും അടക്കമുള്ള മേഖലകളിലേയ്ക്ക് എത്താന്‍ കഴിയാതെ നിരവധി സഞ്ചാരികളാണ് മടങ്ങിപ്പോകുന്നത്.

സംസ്ഥാനത്തെ തന്നെ ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ കടന്നുവരുന്ന മേഖലയാണ് തെക്കിന്റെ കശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാര്‍. അവധി ദിവസങ്ങളിലും അല്ലാതെയും എല്ലാവര്‍ഷവും മൂന്നാറില്‍ സഞ്ചാരികളെകൊണ്ട് നിറയും എന്നും ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അധികൃര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല എന്നതുമാണ് വാസ്തവം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒഴിയാതെ നില്‍ക്കുന്ന ഗതാഗതക്കുരുക്ക്.

നിലവില്‍ ക്രിസ്തുമസ് പുതുവത്സര അവധി ആസ്വദിക്കുന്നതിനായി ഇവിടേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വരയാടുകളുടെ കേന്ദ്രമായ രാജമല, ബോട്ടിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്ന കുണ്ടള, മാട്ടുപ്പെട്ടി, കൂടാതെ ടോപ്‌സ്റ്റേഷന്‍ എന്നിവടങ്ങളിലേയ്ക്കാണ് സഞ്ചാരികള്‍ ഒഴുകിയെത്തുന്നത്. ഇവിടേയ്ക്ക് വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ എത്തുന്ന വാഹനങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി പാര്‍ക്കുചെയ്യുകയാണ് ചെയ്യുന്നത്. ഇത് മൂലം കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രമാണ് നിലവില്‍ കടന്നുപോകുവാന്‍ കഴിയുന്നത്. എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ്‌കൊടുക്കുവാന്‍ കഴിയാത്തതിനാല്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

പ്രധാന കേന്ദ്രങ്ങളിലേയ്ക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കിവരുന്ന സഞ്ചാരികള്‍ മണിക്കൂറുകള്‍ ഗതാഗതക്കുരുക്കില്‍ അടപ്പെടുന്നതിനാല്‍ ഇവിടങ്ങളേയ്ക്ക് എത്തുവാന്‍ കഴിയാതെ മടങ്ങുന്നതും നിരവധി സഞ്ചാരികളാണ്. ലക്ഷങ്ങളും കോടികളും മൂന്നാറിന്റെ ടൂറിസം മേഖലയില്‍ വരുമാനം ലഭിക്കുമ്പോളും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

രണ്ടായിരത്തി പതിനെട്ടിലാണ് അടുത്ത കുറിഞ്ഞി വസന്തത്തിന് തെക്കിന്റെ കശ്മീര്‍ സാക്ഷിയാകുന്നത്. ഇതിന്റെ മുന്നോടിയായി മൂന്നാറില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഇതെല്ലാം വാക്കുകളില്‍ ഒതുങ്ങുകയാണ് ചെയ്യുന്നത്. കാലങ്ങളായുള്ള മൂന്നാറിലെ ടൂറിസം മേഖലയോടുള്ള അധികൃതരുടെ അവഗണനയ്‌ക്കെതിരേ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധം നടത്തുവാനും നാട്ടുകാര്‍ ആലോചിക്കുന്നുണ്ട്.

DONT MISS
Top