കുക്കിന് സെഞ്ച്വറി, ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ട് സ്വന്തമാക്കി

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ രണ്ടാം ദിനം പിന്നിടുമ്പോള്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ. ഓസീസിനെ ഒന്നാം ഇന്നിംഗ്‌സില്‍ 327 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 192 റണ്‍സ് എന്ന നിലയിലാണ്. മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്കിന്റെ അപരാജിത സെഞ്ച്വറിയിലൂടെയാണ് ഇംഗ്ലണ്ട് മുന്നേറുന്നത്.

മൂന്നിന് 244 എന്ന ശക്തമായ നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ വെറും 327 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസീസിന്റെ അവസാന ഏഴ് വിക്കറ്റുകള്‍ വെറും 83 റണ്‍സിനാണ് വീണത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ബ്രോഡും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ആന്‍ഡേഴ്‌സണുമാണ് ഓസീസിനെ തകര്‍ത്തത്. രണ്ടാം ദിനം സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് ചേര്‍ത്തപ്പോള്‍ ക്യാപ്റ്റന്‍ സ്മിത്തിനെ ഓസീസിന് നഷ്ടമായി. 156 പന്തില്‍ 76 റണ്‍സായിരുന്നു സ്മിത്തിന്റെ സംഭാവന. പിന്നീടെത്തിയവര്‍ക്കൊന്നും കാര്യമായ ചെറുത്ത് നില്‍പ് നടത്താനായില്ല. ഒരറ്റത്ത് പിടിച്ചുനിന്ന ഷോണ്‍ മാര്‍ഷ് 61 റണ്‍സെടുത്ത് പുറത്തായി.

മറുപടി ബാറ്റിംഗില്‍ സ്‌കോര്‍ 35 ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. 80 റണ്‍സില്‍ രണ്ടാം വിക്കറ്റും നഷ്ടമായ സന്ദര്‍ശകരെ പിരിയാത്ത മൂന്നാം വിക്കറ്റില്‍ 112 റണ്‍സ് ചേര്‍ത്ത കുക്കും നായകന്‍ ജോ റൂട്ടുമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. 166 പന്തില്‍ 15 ഫോറുകള്‍ ഉള്‍പ്പെടെ 104 റണ്‍സ് നേടി. രണ്ടാം ദിനത്തിലെ അവസാന ഓവറില്‍ സ്മിത്തിനെ ബൗണ്ടറിയിലേക്ക് പായിച്ചാണ് കുക്ക് തന്റെ 32 ആം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 105 പന്തുകള്‍ നേരിട്ട റൂട്ട് 49 റണ്‍സ് നേടിയിട്ടുണ്ട്.

DONT MISS
Top