കാത്തിരിപ്പിന് വിരാമം; രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിലപാട് 31ന് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത്

ചെന്നൈ:  രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി നടന്‍ രജനീകാന്ത്. ഡിസംബര്‍ 31ന് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് താരം വ്യക്തമാക്കി. ആരാധകര്‍ക്കൊപ്പമുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തില്‍ ചേരുന്നുവെന്ന് പറയുന്നില്ല. താന്‍ രാഷ്ട്രീയത്തില്‍ അപരിചിതനല്ല. എന്നാല്‍ അതിലേക്കിറങ്ങാന്‍ വൈകിപോയെന്ന് മാത്രം. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം അതിന് തന്ത്രങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തന്നെ വിജയത്തിന് തുല്യമാണ്. ഇത് സംബന്ധിച്ച് ഡിസംബര്‍ 31 ന് തീരുമാനം അറിയിക്കുമെന്നും രജനീകാന്ത് ആരാധകരോട് പറഞ്ഞു. രാഷ്ട്രീത്തില്‍ സംഭവിക്കുന്നത് അറിയാവുന്നതുകൊണ്ടുതന്നെ അതിലേക്കിറങ്ങാന്‍ പ്രയാസമുണ്ടെന്നും രജനീകാന്ത് കൂട്ടിചേര്‍ത്തു.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഏറെ നാളായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഉലകനായകന്‍ കമലഹാസന്‍ തന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയപ്പോഴും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ ആകാംഷയുണ്ടായിരുന്നു.

കഴിഞ്ഞ മേയില്‍ നടന്ന ആരാധക സംഗമത്തില്‍ തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനീ ആരാധകര്‍ക്ക് സൂചന നല്‍കിയിരുന്നു. ദൈവഹിതമുണ്ടെങ്കില്‍ താനും രാഷ്ട്രീയത്തിലെത്തുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്. ഇന്ന് മുതല്‍ 31 വരെയാണ് അദ്ദേഹം ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നത്.

തമിഴ്‌നാടിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഫലം തമിഴകത്ത് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളിലേക്ക് നയിക്കുമെന്ന് വിലയിരുത്തുമ്പോഴാണ് രജനീകാന്തിന്റെ പ്രവേശനമെന്നതും ഏറെ ഗൗരവകരമാണ്‌.

DONT MISS
Top