5000 രൂപയില്‍ താഴെ വിലയ്ക്ക് ഫിംഗര്‍പ്രിന്റ് സ്‌കാനറും 2ജിബി റാമും 13മെഗാപിക്‌സല്‍ ക്യാമറയുമുളള ഫോണുമായി ടെനോര്‍


ഷവോമിയുടെ റെഡ്മി 5എ എന്ന മോഡലിന് ശക്തനായ ഒരു എതിരാളി അവതരിച്ചു. 10.or (ഉച്ചരിക്കുന്നത് ടെനോര്‍) കമ്പനിയുടെ ഡി എന്ന മോഡല്‍ അഥവാ ടെനോര്‍ ഡി എന്ന ഫോണാണ് റെഡ്മിയോട് മത്സരിക്കാന്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. നിലവിലുള്ള ബജറ്റ് സ്മാര്‍ട്ട് ഫോണുകളെയെല്ലാം തകര്‍ക്കാന്‍ പോന്ന സൗകര്യങ്ങളാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. വെറും 4,999 രൂപ മാത്രമാണിതിന് വില.

ടെനോര്‍ ഇ, ടെനോര്‍ ജി എന്നീ മോഡലുകള്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമസോണിന്റെ ക്രാഫ്റ്റഡ് ഫോണ്‍ ആമസോണ്‍ എന്ന പ്രോഗ്രാമിലുള്‍പ്പെടുത്തിയാണ് ഇപ്പോള്‍ പുറത്തുവരുന്ന ഈ മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി ആമസോണ്‍ ആപ്പുകളും ഫോണിലുണ്ട്.

സ്‌പെസിഫിക്കേഷനുകള്‍ ഒന്നൊന്നായി പറഞ്ഞാല്‍ ആരും അതിശയിക്കും. ഇത് 5000 രൂപയില്‍ താഴെ ലഭിക്കുന്ന ഒരു ഫോണ്‍തന്നെയോ എന്ന സംശയം സ്വാഭാവികം. അതുകൊണ്ടുതന്നെ കനത്ത വില്‍പന പ്രതീക്ഷിക്കപ്പെടുന്ന ഫോണ് ലഭിക്കാന്‍ ബുക്ക് ചെയ്യേണ്ടതായുണ്ട്.

ബജറ്റ് ഫോണാണെങ്കിലും ഒഎസിന്റെ കാര്യത്തില്‍ ടെനോര്‍ വിട്ടുവീഴ്ച്ച കാണിക്കുന്നില്ല. നൂഗറ്റ് ഒഎസില്‍ ലഭിക്കുന്ന ഫോണിന് ഉടന്‍തന്നെ ഓറിയോ ലഭ്യമാക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. സ്‌നാപ്ഡ്രാഗണ്‍ 425 എന്ന തരക്കേടില്ലാത്ത പ്രൊസസ്സറാണ് ഫോണിന് കരുത്ത് പകരുന്നത്. 2ജിബി റാമും ഫോണിനുണ്ട്. 1000 രൂപ അധികം നല്‍കിയാല്‍ 3ജിബി റാം വേരിയന്റ് വാങ്ങാം.

13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 5മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഫോണിനുണ്ട്. പിന്‍ ക്യാമറയ്ക്ക് ഫ്‌ലാഷുമുണ്ട്. 16 ജിബിയാണ് ആന്തരിക സംഭരണ ശേഷി. 3 ജിബി റാം വേരിയന്റിന് ഇത് 32 ജിബിയാണ്. ഇരട്ട സിമ്മുകള്‍ക്ക് പുറമെ മെമ്മറി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം.

3500 എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററിയും 5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും ഫോണിനെ കൂടുതല്‍ മികച്ചതാക്കുന്നു. ജനുവരി അഞ്ചിനാണ് ആമസോണിലൂടെ ഫോണിന് വില്‍പ്പന ആരംഭിക്കുന്നത്. 32 സര്‍വീസ് സെന്ററുകള്‍ ഇന്ത്യയിലുടനീളം ഉള്ളതിനാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാവില്ലെന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്.

DONT MISS
Top