ഒഎംകെവി; ഒരു വാക്കിലെന്തിരിക്കുന്നു?

ഒഎംകെവി എന്ന വാക്കാണ് ഇപ്പോള്‍ മലയാളത്തില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഒരു വാക്കിലെന്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ ഈ വാക്കില്‍ എല്ലാമിരിക്കുന്നു എന്നു വേണം പറയാന്‍. എവിടെ നോക്കിയാലും ഒഎംകെവി എന്ന് കണ്ട് കണ്ട് മലയാളികളിപ്പോള്‍ എല്ലാ പോസ്റ്റിനു താഴെയും ഈ വാക്ക് തന്നെ കമന്റ് ചെയ്യുന്ന അവസ്ഥയായി.

സത്യം പറഞ്ഞാല്‍ കുറച്ചു പേര്‍ക്കെങ്കിലും നേരത്തെ ഈ വാക്കിന്റെ അര്‍ത്ഥമറിയില്ലായിരുന്നുവെന്നതാണ് സത്യം. പക്ഷേ ഇഷ്ടപ്പെടാത്ത പ്രവൃത്തികള്‍ക്ക് മറുപടി നല്‍കാന്‍ പറ്റിയ കിടിലന്‍ വാക്കാണെന്ന് മനസ്സിലായിരുന്നു. ആ ഒറ്റക്കാരണം കൊണ്ടാണ് കലി കേറുന്ന സകല പോസ്റ്റുകള്‍ക്ക് താഴെയായി ഈ വാക്ക് പതിച്ചു വെച്ചിരുന്നത്.

ഈയൊരു വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും പ്രയോഗിക്കേണ്ട കിറുകൃത്യമായ സാഹചര്യമവുമൊക്കെ മനസ്സിലാക്കാന്‍ മലയാളിക്കൊരു നടി വേണ്ടി വന്നു, പാര്‍വതി. തനിക്കെതിരെ തിരിഞ്ഞ സകല സര്‍ക്കസ് മുതലാളിമാരുടേയും നേര്‍ക്ക് കൈചൂണ്ടി പാര്‍വതി പറഞ്ഞു ഒഎംകെവി എന്ന്. ഇഷ്ടമില്ലാത്തത് കേള്‍ക്കുമ്പോള്‍ പോടാ കോപ്പേ എന്നൊരു പ്രയോഗമുണ്ട് മലയാളികള്‍ക്കിടയില്‍. ഇത്തിരി കൂടി കടന്ന് ഓട് ‘മലരേ’ കണ്ടം വഴി എന്നാണ് പാര്‍വതി പറഞ്ഞത് എന്ന് മാത്രം.

പിന്നെ പാര്‍വ്വതി ഉദ്ദേശിച്ചത് മലരേ എന്നല്ലെങ്കിലും ആ വാക്ക് അതങ്ങനെ പച്ചക്ക് പറഞ്ഞാല്‍ ഏതെങ്കിലും വകുപ്പിന്റെ കീഴില്‍പ്പെടുത്തി നടപടിയുണ്ടാകുമോ എന്ന് ഒരു പിടിയുമില്ലാത്തതിനാല്‍ ചിലരൊക്കെ പറയാന്‍ മടിക്കുന്നു എന്ന് മാത്രം. അതിപ്പോ ഒരു ഭാഷയിലെ ഒരു വാക്ക് മറ്റൊരു ഭാഷയില്‍ കേട്ടാല്‍ അര്‍ത്ഥം മാറുന്നത് സ്വാഭാവികമാണല്ലോ. അതായത് തമിഴില്‍ മുടിയെന്നര്‍ത്ഥമുള്ള വാക്കിന് മലയാളത്തില്‍ മുടിയുമായി പുലബന്ധം പോലുമില്ല. മാത്രമല്ല അതൊരു കിടുക്കാച്ചി തെറിയുമാണ്.

എല്ലാ വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ ധര്‍മ്മം. ജനങ്ങള്‍ക്കറിയാത്ത സകല കാര്യങ്ങളും ഇങ്ങനെ എത്തിച്ചു നല്‍കും. ആ രീതിയില്‍ കഴിഞ്ഞ കുറച്ച് ദിവസം കൊണ്ട് ഒഎംകെവിയുടെ അര്‍ത്ഥം പറഞ്ഞുകൊടുക്കുന്ന കാര്യത്തിലും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തമ്മില്‍ മത്സരമായിരുന്നു. ആരാദ്യം പറയുമെന്നും എങ്ങനെ മനോഹരമായി പറയുമെന്നുള്ള കാര്യത്തിലും ചെറിയ മത്സരങ്ങള്‍ കണ്ടു.

‘ഓട്, കണ്ടം, വഴി’ എന്നീ വാക്കുകള്‍ കൃത്യമായി നിര്‍വചിച്ചെങ്കിലും എമ്മില്‍ തുടങ്ങുന്ന വാക്കിനെ എങ്ങനെ അവതരിപ്പിക്കണമെന്ന് ചിലരൊക്കെ വിഷമിച്ചു. ഒന്നാമത് സംസ്‌കാര സമ്പന്നരായ മലയാളികളോട് വേണം ഇത് പറയാന്‍. അതാണ് ഏറ്റവും ബുദ്ധിമുട്ട്. ഇനി നമ്മള്‍ പറഞ്ഞ് വഴിതെറ്റിച്ചു എന്ന കേള്‍ക്കാനിട വരരുതല്ലോ. അതുകൊണ്ട് എമ്മില്‍ തുടങ്ങുന്ന വാക്കിനെ പലരും മോനേ എന്നും മുതലാളി എന്നുമൊക്കെ നിര്‍വചിച്ചു.

ഏറ്റവും രസകരമായ കാര്യം ആരെങ്കിലും എന്തെങ്കിലും കുത്തുംകോളും വെച്ച് പറഞ്ഞാല്‍ അത് എന്നെയാണ് എന്നെത്തന്നെയാണ് എന്ന് കൊള്ളേണ്ടവര്‍ക്ക് കൃത്യമായി മനസ്സിലാകാറുണ്ട് എന്നതാണ്. എന്നിട്ട് അതായത് ഉത്തമാ… എന്ന രീതിയില്‍ പ്രതികരിച്ച് അക്കാര്യം നാട്ടുകാരെ മുഴുവന്‍ അറിയിക്കുകയും ചെയ്യും.

ദേഷ്യം വരുമ്പോള്‍ മറ്റൊരാളെ സംബോധന ചെയ്യാനുള്ള ഉപാധിയാണ് തെറികളെങ്കില്‍ അക്കാര്യം ആണിനും പെണ്ണിനും ഒരു പോലല്ലേ? പിന്നെ പെണ്ണ് ചീത്ത വിളിക്കുമ്പോള്‍ മാത്രം അതെങ്ങെനെ വിവാദമാകും?

സമത്വം വേണമെന്ന് ഉറക്കെയുറക്കെ ആവശ്യപ്പെടുന്നവരാണ് ഇന്നിന്റെ സ്ത്രീകള്‍. ഒരു കണക്കിന് ഈ മുറവിളി കേള്‍ക്കുമ്പോഴാണ് അപ്പോ ഇതുവരെ സമത്വമില്ലായിരുന്നോ എന്ന് ചില ആണുങ്ങള്‍ ചിന്തിക്കുന്നത് തന്നെ. അങ്ങനെയെങ്കില്‍ ഇതൊരു നിയമമായി പാസാകുന്നതിന് മുന്‍പ് ഇത്തിരി സമത്വക്കേടൊക്കെ കാണിച്ചേക്കാം എന്ന് ചിന്തിക്കുന്നവരെ എങ്ങനെ കുറ്റം പറയാന്‍.

സ്ത്രീ-പുരുഷ സമത്വം അത് എല്ലായ്‌പ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് തന്നെയാണ് ചിലപ്പോഴൊക്കെ തോന്നാറുള്ളത്. സമത്വം വേണം എന്ന് ആവശ്യപ്പെടുന്നതിന് പകരം അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനു വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ മതി എന്നും തോന്നാറുണ്ട്. ഞാന്‍ നിങ്ങള്‍ക്കൊപ്പമെത്തിയിട്ടില്ലാത്തതിനാല്‍ എന്നെ ആദ്യം നിങ്ങള്‍ക്കൊപ്പം അംഗീകരിക്കൂ എന്ന് പറയുന്നതിന് പകരം ഞാന്‍ നിങ്ങള്‍ക്കൊപ്പമോ ഒരു പടി മുകളിലോ ആണ് എന്നും എന്റെ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുക തന്നെ വേണമെന്നും നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ചിന്തിച്ചുകൂടേ.

പറഞ്ഞുവന്നതിതു മാത്രമാണ് പാര്‍വതി ഒഎംകെവി രംഗത്തെത്തിച്ചതെന്തിനാണെന്നുള്ള സംഭവവികാസങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ, പാര്‍വ്വതി എന്ന പെണ്ണ് ആ വാക്ക് പറഞ്ഞു എന്ന പേരില്‍ എന്തിനത് വിവാദമായി. ചീത്തവാക്കുകള്‍ ആര് പറഞ്ഞാലും അതിന്റെ അര്‍ത്ഥം ഒന്നു തന്നെയല്ലേ? അപ്പോപ്പിന്നെ ആണ് പറഞ്ഞാലെന്താ, പെണ്ണ് പറഞ്ഞാലെന്താ? അതുകൊണ്ട് ആരു പറഞ്ഞു എന്നത് മാറ്റി നിര്‍ത്തിയിട്ട് മമ്മൂട്ടിയുടെ മൗനത്തെക്കുറിച്ചും പാര്‍വതിയുടെ അഹങ്കാരത്തെക്കുറിച്ചും ജൂഡിന്റെ വടികൊടുത്തുള്ള അടിയെക്കുറിച്ചുമൊക്കെ സംസാരിക്കൂ.

DONT MISS
Top