മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപണം: രാജസ്ഥാനില്‍ ഒരു സംഘമാളുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തി

പ്രതാപ്ഗഡ്: രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലെ കമ്മ്യൂണിറ്റി കേന്ദ്രത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഒരു സംഘമാളുകള്‍ തടസ്സപ്പെടുത്തി. ആളുകളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. ആഘോഷപരിപാടികള്‍ നടന്നുകൊണ്ടിരുന്ന കമ്യൂണിറ്റി സെന്റര്‍ ഹാളിലേക്ക് അതിക്രമിച്ചു കടന്ന  സംഘം പരിപാടികള്‍ അലങ്കോലപ്പെടുത്തുകയായിരുന്നു. അതിഥികള്‍ക്കായി തയ്യാറാക്കി വെച്ചിരുന്ന ഭക്ഷണം ഉള്‍പ്പെടെ എടുത്തെറിയുകയും അലങ്കാരങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്തു.

ക്രിസ്മസ് ആഘോഷങ്ങളില്‍ ഹൈന്ദവ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടന സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സംഭവത്തിന് തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ രാജസ്ഥാനില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ തടസ്സപ്പെടുത്തിയിരിക്കുന്നത്.

ക്രിസ്മസ് പരിപാടികളില്‍ ഹിന്ദു കുട്ടികളെ പങ്കെടുപ്പിച്ച് അതു വഴി മതപരിവര്‍ത്തനം നടത്താനുള്ള ശ്രമമാണെന്നും ഇത്തരം ശ്രമങ്ങളെ കര്‍ശനമായി എതിര്‍ക്കുമെന്നുമായിരുന്നു സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചി ന്റെ വാദം.

എന്നാല്‍ സംഘപരിവാറിന്റെ വാദത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ജനതയ്ക്ക് ഏത് ഉത്സവവും അഘോഷിക്കാന്‍ അവകാശമുണ്ടെന്നാണ് ദിനേശ് ശര്‍മ്മ പറഞ്ഞത്. ക്രിസ്മസ് ആഘോഷിക്കുന്നതില്‍ ആര്‍ക്കും യാതൊരു വിധത്തിലുള്ള തടസ്സവും ഉണ്ടാക്കില്ലെന്നും ദിനേശ് ശര്‍മ്മ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഒരു സംഘമാളുകള്‍  മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുകയും സംഘാടകരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.

കലക്ടറോഫീസിന്റെയും ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിന്റേയും സമീപത്താണ് ആഘോഷപരിപാടി സംഘടിപ്പിച്ച കമ്യൂണിറ്റി സെന്റര്‍ സ്ഥിതി ചെയ്യുന്നത്. സര്‍ക്കാര്‍ കെട്ടിടമായതിനാല്‍ പരിപാടി നടത്തുന്നതിന് തങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുവാദം വാങ്ങിയിരുന്നുവെന്നും പരിപാടിയുടെ സംഘാടകര്‍ പറയുന്നു.

ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ അക്രമികള്‍ പുസ്തകങ്ങള്‍ വലിച്ചെറിയുന്നതും മറ്റ് അലങ്കാരങ്ങള്‍ നശിപ്പിക്കുന്നതും കാണാം. നിഷ്‌കളങ്കരായ ഗ്രാമീണരെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നു എന്നാക്രോശിക്കുന്നതും തെളിവിനായി പൊലീസിനെ കാണിച്ച വീഡിയോയിലുണ്ട്.

നിലവില്‍ അതിക്രമിച്ചു കയറിയ സംഘത്തിന്റെ പേരിലോ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചവരുടെ പേരിലോ പൊലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടില്ല. പരിപാടിയുടെ സംഘാടകരില്‍ രണ്ടുപേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും രാത്രി തന്നെ ഇവരെ വിട്ടയച്ചിരുന്നു.

DONT MISS
Top